ഹൈദരാബാദ് : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഹൈദരാബാദില്‍ ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ് 2017) പങ്കെടുക്കാനാണ് ഇവാന്‍ക എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവരോടൊപ്പം ഉദ്ഘാടനച്ചടങ്ങില്‍ ഇവാന്‍ക സംസാരിക്കും.
രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവാന്‍കയെ അധികൃതര്‍ സ്വീകരിച്ചു. തൊഴിലിടത്തില്‍ സ്ത്രീസാന്നിധ്യം വര്‍ധിപ്പിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഉച്ചകോടിയില്‍ നടക്കുന്ന ചര്‍ച്ചയിലും അവര്‍ പങ്കെടുക്കും. ‘വനിതകള്‍ ആദ്യം’ എന്നാണ് ഇത്തവണത്തെ പ്രമേയം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ചു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഇവാന്‍ക പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണ്. ഇന്ത്യയെക്കുറിച്ചു കൂടുതല്‍ അറിയാമെന്നാണു പ്രതീക്ഷയെന്നും ഇവാന്‍ക പറഞ്ഞു. ഇവാന്‍കയ്ക്കു ഹൈദരാബാദിലെ താജ് ഫലാക്‌നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി അത്താഴവിരുന്ന് ഒരുക്കും. 10,000 പൊലീസുകാരെ കൂടാതെ എസ്പിജി സുരക്ഷയും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
150 രാജ്യങ്ങളിലെ 1500 സംരംഭകരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, നിതി ആയോഗ് എന്നിവയാണു മുഖ്യസംഘാടകര്‍. ഇന്ത്യ, യുഎസ് എന്നിവിടങ്ങളില്‍നിന്നു 400 വീതം പ്രതിനിധികള്‍ പങ്കെടുക്കും. ആകെ പ്രതിനിധികളില്‍ 52.5 ശതമാനവും വനിതകളാണ്. അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ 10 രാജ്യങ്ങള്‍ വനിതാപ്രതിനിധികളെ മാത്രമാണ് അയച്ചിരിക്കുന്നത്.
ജോണ്‍ ചേംബേര്‍സ്, ചെറി ബ്ലെയര്‍, പ്രേം വത്‌സ, മാര്‍കസ് വാല്ലന്‍ബര്‍ഗ്, ഐസിഐസിഐ ഡയറക്ടര്‍ ഛന്ദ കൊച്ചാര്‍, ഡിആര്‍ഡിഒ ഡയറക്ടര്‍ ടെസി തോമസ്, ടെന്നിസ് താരം സാനിയ മിര്‍സ, ഡയാന ലൂയിസ് പട്രീഷ ലേഫീല്‍ഡ്, റോയ മെഹ്ബൂബ്, മിസ് വേള്‍ഡ് മാനുഷി ഛില്ലര്‍, നടി സോനം കപൂര്‍, അദിതി റാവു, ക്രിക്കറ്റ് താരം മിതാലി രാജ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
Post Your Comments