ന്യൂഡല്‍ഹി : വീട്ടുകാരുടെ സംരക്ഷണയില്‍നിന്നു സര്‍ക്കാരിന്റെ സംരക്ഷണയിലേക്കു മാറുന്ന ഹാദിയ ഇന്നു സേലത്തേക്കു തിരിച്ചേക്കും. ഷഫിന്‍ ജഹാനെ കാണാന്‍ ഹാദിയയെ അനുവദിക്കുമോ എന്നതാണു പ്രധാനചോദ്യം. സഞ്ചാരസ്വാതന്ത്ര്യം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം സാധ്യമാകുമെന്നും വ്യക്തമാകേണ്ടതുണ്ട്.
സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയ തമിഴ്‌നാട്ടിലേക്കു തിരിക്കും. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും.
വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിന്‍ ജഹാന്റെ പ്രതികരണം.
ഷഫിന്‍ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി തല്‍ക്കാലത്തേക്ക് അംഗീകാരം നല്‍കിയില്ല. എന്‍ഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോള്‍ ഈ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും.
Post Your Comments