പട്ന: വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവിന്റെ ഭീഷണിക്കു പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി മകന്റെ വിവാഹച്ചടങ്ങുകളുടെ സ്ഥലം മാറ്റി. മകന്റെ വിവാഹവേദിയുടെ സ്ഥലം മാറ്റാന്‍ കുടുംബം നിര്‍ബന്ധിതരായെന്ന് സുശീല്‍ മോദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പട്നയിലെ ശാഖാ മൈതാനമായിരുന്നു ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നത്.
വെറ്ററിനറി കോളേജ് മൈതാനത്തേക്കാണ് ഇപ്പോള്‍ വിവാഹവേദി മാറ്റിയിട്ടുള്ളത്. ഡിസംബര്‍ മൂന്നിനാണ് സുശീല്‍ മോദിയുടെ മകന്‍ ഉത്കര്‍ഷിന്റെ വിവാഹം. വിവാഹത്തിന് തേജ് പ്രതാപിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും വീട്ടില്‍ക്കയറി അടിക്കുമെന്നും കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം വിവാഹവേദി മാറ്റാനുള്ള സുശീല്‍ മോദിയുടെ തീരുമാനം ശ്രദ്ധയാകര്‍ഷിക്കാനുള്ള നാടകമാണെന്നാണ് ആര്‍ ജെ ഡി നേതാക്കളുടെ വാദം.
സുശീല്‍ മോദിയെ തല്ലുമെന്ന തേജ് പ്രതാപിന്റെ ഭീഷണിയെ തുടര്‍ന്ന് തേജ് പ്രതാപിനെ തല്ലുന്നവര്‍ക്ക് ഒരുകോടിരൂപ നല്‍കുമെന്ന പ്രസ്താവനയുമായി ബിഹാറില്‍നിന്നുള്ള ബി ജെ പി നേതാവ് അനില്‍ സാഹ്നി രംഗത്തെത്തിയിരുന്നു. മുന്‍ സംസ്ഥാന ആരോഗ്യമന്ത്രി കൂടിയായ തേജ് പ്രതാപിന്റെ പ്രസ്താവനയെ ലാലു പ്രസാദ് യാദവോ ആര്‍ ജെ ഡിയോ അപലപിച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ വിവാഹസ്ഥലത്ത് തേജ് പ്രതാപ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ലാലു പ്രസാദ് സുശീല്‍ മോദിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments