ന്യൂഡൽഹി: സിപിഎമ്മിന്റെ രജിസ്ട്രേഷൻ രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽനിന്നു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷൻ 1989 സെപ്റ്റംബറിൽ സിപിഎമ്മിനു നൽകിയ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിനു മുൻപാകെ വന്ന ഹർജിയിൽ ആവശ്യപ്പെടുന്നത്. അടുത്ത മാർച്ച് 28നു ഹർജി സ്വീകരിച്ച കോടതി വാദം കേൾക്കാനായി മാറ്റി. വാർത്താ ഏജൻസിയായ പിടിഐ ജോജോ ജോസ് എന്നയാളാണു ഹർജി നൽകിയതെന്നു റിപ്പോർട്ട് ചെയ്തു.
2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സിപിഎമ്മിന്റെ റജിസ്ട്രേഷൻ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ അപേക്ഷ തള്ളിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങൾ പരിഗണിക്കാതെയാണു അതു തള്ളിയതെന്നാണു ഹർജിയിൽ പറയുന്നത്.
ഇന്ത്യൻ ഭരണഘടനയുമായി സിപിഎമ്മിന്റെ ഭരണഘടന പൂർണമായി കൂറു പുലർത്തുന്നില്ലെന്നാണു വാദം. തെറ്റായ കാര്യങ്ങൾ ഉയർത്തിയും വ്യാജമായവ കാട്ടിയുമാണു സിപിഎം റജിസ്ട്രേഷൻ നേടിയെടുത്തത്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങൾക്കായാണു പാർട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ വാദിക്കുന്നു.
Post Your Comments