തൃശൂര്‍: സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലിയാണ് കലഹം. പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും രാജി ചോദിച്ചു വാങ്ങിയതിലൂടെ സത്യപാലിനെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് പറയുന്നു.
സിപിഎം കേന്ദ്ര നേതൃത്വത്തിന് അക്കാദമിയിലെ മുഴുവന്‍ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഇവര്‍ പരാതി നല്‍കിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടത് സത്യപാലിനെതിരെ സെക്രട്ടറി പൊന്ന്യം ചന്ദ്രനും പന്ത്രണ്ട് ജീവനക്കാരും നല്‍കിയ പരാതി പരിഗണിച്ചാണ്. സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ ഈ പരാതിയില്‍ അന്വേഷണം വേണമെന്ന് സെക്രട്ടേറിയറ്റില്‍ ശക്തമായി വാദിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റില്‍ എം.എ. ബേബി പങ്കെടുത്തിരുന്നില്ല. പിണറായി വിഭാഗവും എം.എ.ബേബിയുമായുള്ള പോര്‍മുഖമായി അക്കാദമി മാറുമെന്നാണ് സൂചന.
പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത് സത്യപാലിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെയാണ്. അതേസമയം സത്യപാല്‍ ഇനി അനുരഞ്ജനത്തിനുള്ള സാധ്യതയില്ലന്നും പാര്‍ട്ടി ആവശ്യപ്പെട്ടാലും രാജി പിന്‍വലിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ്. അദ്ദേഹത്തിന് സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് തന്നെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നുവെന്ന തോന്നലാണ്.
അതിനിടെ സംഗീത നാടക അക്കാദമിയിലും പ്രശ്നങ്ങള്‍ രൂക്ഷമാണ്. ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നീക്കം ശക്തമാണ്. ലളിതയെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും പരിപാടികളില്‍ അതിഥിയെപ്പോലെ വന്നു പോകുന്നതല്ലാതെ ചെയര്‍പേഴ്സണെകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പരാതിക്കാര്‍ പറയുന്നു.
ഇവര്‍ സാംസ്കാരിക മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഇതില്‍ ഭരണസമിതിയിലെ ചിലര്‍ ഒപ്പുവച്ചിട്ടുമുണ്ട്. അക്കാദമിയില്‍ തിരക്ക് മൂലമാണ് സ്ഥിരമായി എത്താന്‍ കഴിയാത്തതെന്നും പരിപാടികള്‍ പലതും തന്നെ അറിയിക്കാറില്ലെന്നുമാണ് ലളിതയുടെ നിലപാട്.
Post Your Comments