ഫോണിലെ ജിപിഎസ് പ്രവർത്തിക്കുന്നില്ലെങ്കിലും നിങ്ങളെവിടെയെന്നു ഗൂഗിളിനു കണ്ടെത്താൻ സാധിക്കും. നിങ്ങൾ കഴിഞ്ഞ 11 മാസമായി എവിടൊക്കെ പോയെന്ന് ഗൂഗിൾ കണ്ടെത്തും. ലൊക്കേഷൻ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും ഇതിൽ നിന്ന് രക്ഷയില്ല. ഗൂഗിളിന്റെ വിവാദ ഡേറ്റ ശേഖരണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത് കഴിഞ്ഞ ദിവസമാണ്.
ഗൂഗിൾ ഇനിയിത് തുടരില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംവിധാനം ശേഖരിക്കുന്ന ഡേറ്റ സൂക്ഷിക്കാറില്ലെന്നും, കൃത്യതയോടെ പുഷ് നോട്ടിഫിക്കേഷനുകൾ നൽകാനുമാണു ഉപയോഗിച്ചിരുന്നതെന്നാണു വാദം. നിലവിൽ ഇത്തരം വിവരം ശേഖരിക്കുന്നതു തടയാൻ സംവിധാനമില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.
ഗൂഗിളിന്റെ ചോർത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നിൽ രാജ്യാന്തര ഐടി കമ്പനിയായ ഓറക്കിളാണെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ഗൂഗിളിന്റെ പ്രധാന എതിരാളിയായ ഓറക്കിൾ ഈ വാർത്ത പ്രസിദ്ധീകരിക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നതായി അഷ്കൻ സൊൽടാനി എന്ന സുരക്ഷാ വിദഗ്ധന്റെ പോസ്റ്റ് ട്വിറ്ററിൽ കത്തിപ്പടരുകയാണ്.
Post Your Comments