തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈകോളജിസ്റ്റ് ഡോ കെ ഗിരീഷിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 13 വയസുകാരനെയാണ് ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഗിരീഷിനെതിരെ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2017 ഓഗസ്റ്റ് മാസം 14-ം തീയതി നടന്ന സംഭവത്തിന് ഇപ്പോഴാണ് വഴിത്തിരിവായത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് പ്രതി സമാനമായ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. അതോടെ ജാമ്യം നിഷേധിച്ചു അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
കുട്ടിയുടെ മൊഴി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു. കുട്ടിക്ക് എന്തോ മാനസിക അസുഖം ഉണ്ടെന്ന വ്യാപകമായ പ്രചാരണം സോഷ്യല്‍ മീഡിയ വഴി അഴിച്ചു വിട്ടിരുന്നു. അത് കളവാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായതിനാല്‍ സ്‌കൂളിലെ കൗണ്‍സിലറുടെ നിര്‍ദ്ദേശപ്രകാരമാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. 164 പ്രകാരം മജിസ്‌ട്രേറ്റിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.
തങ്ങളുടെ കുട്ടിക്ക് ഉണ്ടായതു പോലെയുള്ള സംഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകരുത് എന്ന മാതാപിതാക്കളുടെ ഉറച്ച തീരുമാനമാണ് വളരെയേറെ സമ്മര്‍ദ്ദമുള്ള ഈ കേസ് ഇത്രയും വിജയത്തിലെത്തിയത്. കേരളത്തില്‍ ഇടപ്പള്ളി, തിരുവനന്തപുരം തുടങ്ങി പലയിടത്തും കൗണ്‍സിലിങ് സെന്ററുകള്‍ ഉള്ള ഇദ്ദേഹത്തിനെതിരെ ധാരാളം പരാതികള്‍ ലഭിച്ചിരുന്നു എങ്കിലും പോക്‌സോ നിയമപ്രകാരമുള്ള ആദ്യ കേസാണിത്. ഡോ.കെ. ഗിരീഷിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു.
പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടക്കുന്നത് ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതിനിടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഡോക്ടര്‍ അപേക്ഷ നല്‍കിയത്. ഇതോടെ അറസ്റ്റ് വൈകുകയും ചെയ്തു.
സര്‍ക്കാര്‍ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടന്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ തമ്പാനൂര്‍ പൊലീസിന് പരാതി കൈമാറി.
Post Your Comments