ദുബായ് : ആത്മഹത്യ ചെയ്യാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടിയ നേപ്പാളി യുവാവിന്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് അഭിനന്ദനപ്രവാഹം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹതാമസക്കാർ ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു.
നാലാം നിലയിലെ യുവാവിന്റെ ഫ്ലാറ്റിലേയ്ക്ക് ഇവർ എത്തിയപ്പോൾ യുവാവ് ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ ഇയാൾ താഴേക്ക് ചാടി. ഉടൻ ഷെബി ഇയാളെ പിടികൂടാൻ ശ്രമിക്കുകയും കാലിൽ പിടികിട്ടുകയും ചെയ്തു. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് യുവാവിനെ വലിച്ച് മുകളിലേയ്ക്കിട്ടു. ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.ഇത്രയും കാലത്തെ സേവനത്തിനിടെ ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും താൻ കാരണം ഒരാൾക്ക് ജീവൻ തിരിച്ചുകിട്ടിയത് മറക്കാനാകില്ലെന്നും ഷെബി വ്യക്തമാക്കുന്നു.
Post Your Comments