ഇനി ഗുജറാത്തിന് തീ പാറുന്ന പോരാട്ടത്തിന്റെ നാളുകൾ……….. പ്രധാനമന്ത്രി നരേന്ദ്ര മോഡി 27ന് തിങ്കളാഴ്ച പ്രചാരണത്തിനായി ഗുജറാത്തിലെത്തും. അദ്ദേഹത്തോടൊപ്പം അന്നുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അമിത്ഷാ, രാജ്‌നാഥ് സിങ്, അരുൺ ജെയ്‌റ്റിലി, ആദിത്യനാഥ് തുടങ്ങിയ മുതിർന്ന നേതാക്കളും റാലികളെ അഭിസംബോധന ചെയ്യാനെത്തും. ഒരുതരത്തിൽ പ്രചാരണ കൊടുങ്കാറ്റിനാവും സംസ്ഥാനം സാക്ഷ്യംവഹിക്കുക. ഇതുവരെ കുറെയേറെ റാലികളിൽ സംബന്ധിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഈ ദിവസങ്ങളിൽ ഗുജറാത്തിലുണ്ടാവും. ഇതിനിടയിലാണ് ദേശീയ ശക്തികളെ പരാജയപ്പെടുത്താൻ തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച്ബിഷപ്പ് ആഹ്വാനം നൽകിയത്. ഇറ്റലിയുടെ, വത്തിക്കാന്റെ സ്വന്തമായ സോണിയയുടെ പാർട്ടിയെ ജയിപ്പിക്കണം എന്നതാണ് അതിലെ ആഹ്വാനം. ഗുജറാത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ വായിക്കാനുള്ള ഇടയലേഖനം എന്ന നിലക്കാണ് അത് ഇറക്കിയിരിക്കുന്നത്. തീർച്ചയായും അത് ഇതിനകം ചില ചാനലുകൾ വെളിച്ചത്ത് കൊണ്ടുവന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നിർണ്ണയിക്കുന്ന ഒന്നായി ഈ ഇടയലേഖനം മാറുമെന്ന് തീർച്ചയാണ്.
പാർട്ടിയിലെ ഭിന്നതകളും ആശയകുഴപ്പങ്ങൾക്കുമിടയിൽ കോൺഗ്രസ് പതറുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടയിലാണ് ബിഷപ്പുമാരുടെ സഹായംതേടിയത് വിനയാവുന്നത്. ഒരർഥത്തിൽ ഗാന്ധിനഗർ ബിഷപ്പിന്റേത് ദേശവിരുദ്ധമായ ആഹ്വാനമാണ്. തിരഞ്ഞെടുപ്പിൽ ബിഷപ്പിനെ കോൺഗ്രസ് പരസ്യമായി ഇടപെടീക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തം. ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ ദേശീയതയുടെ പ്രകീകമായി കാണുന്ന ഗാന്ധിനഗർ ബിഷപ്പ് അവരെ തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നു. അതിനായി യത്നിക്കാനാണ് ആഹ്വാനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആ സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും ചലനനങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞാണ് ബിഷപ്പ് ഇടയലേഖനം ആരംഭിക്കുന്നത്. അതാത് പാരിഷ് കളിൽ പ്രത്യേക പ്രാർഥന സഭകൾ സംഘടിപ്പിക്കണം, തങ്ങൾക്കൊപ്പമുള്ളവർ ജയിക്കുമെന്ന് തീർച്ചയാക്കണം, അതിന് വേണ്ടതൊക്കെ ചെയ്യണം. അങ്ങനെവന്നാൽ അത് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സഹായിക്കും പ്രത്യേകിച്ചും ദേശീയ ശക്തികളിൽ നിന്നും. ആർച്ച് ബിഷപ്പ് തോമസ് മക്വാൻ ആണ് ഇടയലേഖനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇത് എന്തിനാണ് എന്ന് എല്ലാവര്ക്കും മനസിലാവും…..സോണിയക്ക് വേണ്ടി, കോൺഗ്രസിനുവേണ്ടി. ഇറ്റലിയുടെ വത്തിക്കാന്റെ താല്പര്യത്തെ സംരക്ഷിക്കാനുള്ള മറ്റൊരു ഉദ്യമം…… ബിജെപിയെ പരാജയപ്പെടുത്താൻ ആര് എത്രത്തോളം ഇടപെടുന്നു എന്നതിനുള്ള സാക്ഷ്യപത്രം കൂടിയാണിത്.
പട്ടേൽ സമുദായത്തിൽ ശ്രദ്ധിച്ച് മുന്നോട്ട്പോകാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾദിനംപ്രതി എന്നോണം തിരിച്ചടിക്കുകയാണ്. ഹാർദിക് പട്ടേലും മറ്റും തൽക്കാലം സന്ധിയിലെത്തിയെങ്കിലും കോൺഗ്രസ് പാർട്ടി മുന്നോട്ട് വെച്ചിട്ടുള്ള സംവരണ നിർദ്ദേശം തട്ടിപ്പാണ് എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് മറ്റൊരു പ്രധാനകാര്യം. കോൺഗ്രസിന്റെ ഖജനാവിലെ പണത്തിനുവേണ്ടിയാണ് സംവരണ പ്രക്ഷോഭകർ നിലകൊള്ളുന്നത് എന്ന ബിജെപിയുടെ പ്രചാരണം ജനമനസുകളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത് പ്രകടമാണ്. അതേസമയം വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പാണ് എന്നും മറ്റും പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തെരുവിലിറങ്ങുന്നത്. യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ കളവ് കണ്ടെത്തിയെന്ന കള്ളക്കഥയും അവർ അതിനായി പ്രയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ച ആരോപണം കോൺഗ്രസുകാർ പറഞ്ഞുനടക്കുകയാണ് എന്നർത്ഥം.
സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ സമാധാനപരമായി പൂർത്തിയാക്കിയ ബിജെപി പ്രചാരണ രംഗത്ത് വളരെ മുന്നിലാണ്. സ്ഥാനാർഥികൾ ആദ്യറൗണ്ട്മണ്ഡല സന്ദർശനം ഏതാണ്ടൊക്കെ പൂർത്തിയാക്കി. അടുത്ത റൗണ്ടിലെക്ക് അവർ കടക്കുമ്പോഴും കോൺഗ്രസുകാർക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഇപ്പോഴും സഖ്യകക്ഷികൾക്കിടയിൽ ചർച്ചകൾ തുടരുകയാണ്. ബിജെപിക്കെതിരെ ഒരൊറ്റ സ്ഥാനാർഥി എന്ന ആശയം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിൽ എന്താണ് വേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പം സർവത്ര എന്ന് പറയുന്നതാവും വസ്തുത. എൻസിപി, ബിഎസ്‌പി, മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടി തുടങ്ങിയവർ ഇത്തവണ സ്വന്തം നിലക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് ഏറെക്കുറെ തീർച്ചയായി. ജിഗ്നേഷ് മിവാനിയുടെ സമാന്തര സാന്നിധ്യവും കോൺഗ്രസുകാർക്കിടയിൽ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. പട്ടികജാതി- വർഗ സാന്നിധ്യം നല്ലനിലയ് ക്കുള്ള മണ്ഡലങ്ങളിൽ മിവാനി വോട്ട് പിടിക്കുമെന്നും ജനപിന്തുണയുണ്ട് എന്നും പറയുമ്പോൾ അത് ബിജെപിക്ക് ഗുണകരമാവുകയാണ് എന്നത് കാണാതെ പോയിക്കൂടാ. ബിജെപി വിരുദ്ധ പ്രചാരണം തന്നെയാണ് ജിഗ്നേഷ് മിവാനിയും നടത്തുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ പട്ടികജാതി സംവരണ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾ അത്ര പ്രഗത്ഭരും പ്രമുഖരുമാണ് എന്നതാണ് മറ്റൊന്ന്. വനവാസി മേഖലയിൽ മുൻപേതന്നെ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. കോൺഗ്രസിന് അവിടെ ഇന്നിപ്പോൾ വേരുകൾ പോലുമില്ലാതായിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ പട്ടേലിൽ ഒതുങ്ങിനിന്നുകൊണ്ട് പ്രചാരണത്തിന് കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത് ഇത്തരത്തിലുള്ള യാഥാർഥ്യങ്ങളാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .
നാളെ മുതൽ ഗുജറാത്തിലെത്താനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പദ്ധതി. എന്നാൽ അത് 27 -ലേക്ക് മാറ്റി. അടുത്തദിവസവും അദ്ദേഹം ഗുജറാത്തിലുണ്ടാവും. ഒരു ദിവസം നാല് റാലികളിലാണ് പ്രധാനമന്ത്രി സംബന്ധിക്കുക….. രാവിലെ 11 മുതൽ വൈകീട്ട് 5.30 വരെയാവും ആ റാലികൾ. 27 ന് ഭുജിലാണ് ആദ്യ മോഡി റാലി. പിറ്റേന്ന് മോർവിയിൽ നിന്നാവും അദ്ദേഹം പ്രചാരണം തുടങ്ങുക. അന്നും വൈകീട്ടവരെ നാല് റാലികളിൽ പങ്കെടുക്കും. ഏതാണ്ട് അൻപത് റാലിയിലാണ് മോദിയുടെ സാന്നിധ്യം ഉണ്ടാവുക എന്നാണ് ഗുജറാത്ത് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചനകൾ. അമിത് ഷാ, യു.പി മുഖ്യമന്ത്രി ആദിത്യനാഥ് , രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരും അടുത്തദിവസങ്ങളിൽ ഗുജറാത്തിലുണ്ടാവും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചായ വില്പനക്കാരനായി ചിത്രീകരിച്ച് രംഗത്തുവന്ന കോൺഗ്രസുകാർ ഇപ്പോൾ ഗുജറാത്തിൽ വലിയ വിഷമമാണ് അനുഭവിക്കുന്നത്. മോദിക്ക് ഗുജറാത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ട് അത്തരം പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും അത് ബിജെപിയെ സഹായിക്കുമെന്നും അവർ ഭയപ്പെടുന്നു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ആ പ്രചാരണത്തെ തള്ളിപറഞ്ഞുവെങ്കിലും ഗുജറാത്തിൽ അത് ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. 27 ന് ‘ചായ് കെ സാഥ് മൻകി ബാത്ത് ‘ എന്ന പരിപാടിയോടെയാണ് മോഡി പ്രചാരണം തുടങ്ങുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നരേന്ദ്ര മോദിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ചത്. ആ തിരഞ്ഞെടുപ്പിൽ അത് വലിയ ചർച്ചാവിഷയമാക്കാൻ ബിജെപിക്കായിരുന്നു. ഗുജറാത്തിൽ അത് വല്ലാതെ കോൺഗ്രസിനെ ബാധിച്ചു എന്നതാണ് അവർ തന്നെ വിലയിരുത്തിയത്. 2002 -ൽ ‘മരണത്തിന്റെ വ്യാപാരി’ എന്ന് മോദിയെ വിശേഷിപ്പിച്ചത് ബിജെപി പ്രയോജനപ്പെടുത്തിയതും കോൺഗ്രസ് മനസിൽ കരുതുന്നുണ്ട്.
ഗുജറാത്തിൽ എങ്ങിനെയാണ് പട്ടേലുകൾക്ക് സംവരണം നൽകുന്നത് എന്നത് കോൺഗ്രസ് വ്യക്തമാക്കണം എന്ന ബിജെപി ആവശ്യവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ച് 50 ശതമാനത്തിലേറെ സംവരണം നൽകാനാവില്ല. ഇപ്പോൾ തന്നെ സംവരണം അൻപത് ശതമാനാണ്. അതറിഞ്ഞുകൊണ്ടുതന്നെ കോൺഗ്രസ് പട്ടേലുകളെ കബളിപ്പിക്കുകയാണ്. കോൺഗ്രസ് ഇപ്പോൾ അധികാരത്തിലെത്താൻ പോകുന്നില്ല….. എന്നിട്ടും കള്ളത്തരം പറയുന്നു …. ഇതൊക്കെ ഉന്നയിക്കുമ്പോൾ ഹാർദിക് പട്ടേലിനും കോൺഗ്രസിനും മറുപടിയില്ല. ഹാർദികിന്റെ വിശ്വസ്തരായിരുന്നവർ ഇപ്പുറത്ത് ബിജെപിക്കൊപ്പം നിന്നുകൊണ്ട് പ്രചാരണം അഴിച്ചുവിടുമ്പോൾ പഴയ അവരുടെ പ്രസംഗങ്ങൾ കോൺഗ്രസും ഇറക്കുന്നുണ്ട്. ചുരുക്കത്തിൽ പട്ടേലുകൾ തന്നെ മുഖ്യ കഥാപാത്രങ്ങൾ. അതുതന്നെയാണ് കോൺഗ്രസിന്റെ പ്രശ്‌നവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പട്ടേൽ സമുദായത്തിലെ വലിയൊരു വിഭാഗം എന്നും ബിജെപിക്കൊപ്പമാണ്. ഇപ്പോഴും അവർ അങ്ങിനെതന്നെ. 45 -48 ശതമാനം വോട്ട് അവർക്കുള്ളതാണ്. അതിനപ്പുറമെ കോൺഗ്രസിന് പ്രതീക്ഷയുള്ളൂ. എന്നാൽ ഇത്തവണ അൻപത് ശതമാനം പട്ടേൽ വോട്ടുകൾ ബിജെപി കരസ്ഥമാക്കുമെന്ന് അവർ അവകാശപ്പെടുന്നു. മോദിയുടെ പ്രചാരണം ആ മേഖലയിൽ ആദ്യമേ കേന്ദ്രീകരിക്കുന്നത് ഇതുകൂടി ലക്ഷ്യമിട്ടാണ്.
2012 -ൽ കേശുഭായ് പട്ടേൽ ബിജെപിക്കെതിരെ നിരന്നിട്ടും പട്ടേൽ മേഖലയിൽ മോദിക്ക് വലിയെ നേട്ടമാണുണ്ടായത്. ആ മേഖലയിലെ 35 മണ്ഡലങ്ങളിൽ 28 എണ്ണത്തിലും ബിജെപിക്ക് വിജയിക്കാനായി; കോൺഗ്രസിന് കിട്ടിയത് വെറും ആറെണ്ണം. 2014 -ലത് 32 ആയി ഉയരുകയും ചെയ്തു; ബാക്കി മൂന്നെണ്ണം കോൺഗ്രസിനും. കേശുഭായ് പട്ടേലിനേക്കാൾ വലിയ പട്ടേൽ നേതാക്കളൊന്നും ഇന്നിപ്പോൾ കോൺഗ്രസിനൊപ്പമില്ല. ഹർദിക് പട്ടേൽ എന്നത് വെറുമൊരു കടലാസ് പുലിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഇതിനകം തങ്ങൾക്കായിട്ടുണ്ട് എന്ന് ബിജെപി കരുതുന്നു. ആ മേഖലയിൽ കോൺഗ്രസ് വിജയിക്കണമെങ്കിൽ ബിജെപിയിൽ നിന്ന് ഏതാണ്ട് 14 ശതമാനം വോട്ട് എങ്കിലും പിടിച്ചടക്കാൻ കഴിയണം. അത്രവലിയ ക്ഷീണം ഒരുവിധത്തിലും ബിജെപിക്ക് സംഭവിക്കാൻ പോകുന്നില്ല എന്നത് രാഹുൽ ഗാന്ധിക്കൊഴിച്ച് മറ്റെല്ലാവർക്കുമറിയാം. ജിഎസ്‌ടി, നോട്ട് നിരോധനം എന്നിവയൊക്കെ ഇന്നിപ്പോൾ പ്രചാരണരംഗത്തില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അത് വിലപ്പോവുന്നില്ല എന്നതാണ് കോൺഗ്രസിന് ലഭിച്ച അഭിപ്രായം എന്നുവേണം കരുതാൻ. സൂറത്തിലെ തുണി വ്യാപാരികൾ യോഗം ചേർന്ന് നരേന്ദ്ര മോദിക്കൊപ്പം നില്ക്കാൻ തീരുമാനിച്ചത് രാഹുലിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. രാഹുൽ ആ പ്രദേശത്തു ചെലവിട്ടത് മൂന്ന് ദിവസങ്ങളാണ് എന്നതോർക്കുമ്പോഴാണ് ഈ തിരിച്ചടിയുടെ ഗൗരവം വർധിക്കുക. മോഡിക്കെതിരെ 2002 മുതൽ ഉന്നയിച്ചുപോന്നിരുന്ന ന്യൂനപക്ഷ വിരുദ്ധതയും ഇന്ന് ഉയർത്താൻ കോൺഗ്രസിനാവുന്നില്ല.
ഇന്നത്തെ സാഹചര്യത്തിൽ മോഡി -അമിത് ഷാ കൂട്ടുകെട്ട് പ്രചാരണം ശക്തമാക്കു മ്പോൾ എന്താണ് ചെയ്യാനാവുക എന്നത് സംബന്ധിച്ച ആശയക്കുഴപ്പം കോൺഗ്രസിൽ പ്രകടമാണ്. ആ വലിയ പ്രചാരണ യോഗങ്ങളെ എങ്ങിനെ നേരിടും എന്നത് സംബന്ധിച്ചും ഒരു വ്യക്തതയും അവർക്കിടയിലില്ല. രാഹുൽ ഗാന്ധി മാത്രമാണ് അവരുടെ തുറുപ്പു ചീട്ട്. പക്ഷെ മോദിയുടെ ശക്തമായ പ്രചാരണത്തെ നേരിടാൻ രാഹുലിനാവില്ല എന്നതാണ് വിലയിരുത്തൽ. യഥാർഥത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്…… സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നങ്ങൾ അതിനുപുറമെയും.
Post Your Comments