ദൈവത്തിന്റെ വരദാനമാണ് ഓരോ കലയും. സംഗീതവും നൃത്തവുമെല്ലാം ഇങ്ങനെ വരദാനമായി ലഭിച്ച നിരവധി കലാകാരന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. കളിവീണയില്‍ മാന്ത്രിക നാദമുണര്‍ത്തിയ അനന്തപുരിയുടെ വിസ്മയ കലാകാരന്റെ ജീവിതം ഇപ്പോള്‍ ദുരിതപൂര്‍ണ്ണമാണ്. ‘ഒരിക്കല്‍ കൂടി കളിവീണ മീട്ടണം’ എന്ന ആഗ്രഹത്തോടെ പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാന്‍ മുന്നേറുന്ന അതുല്യ കലാകാരന്‍ ഷാജഹാന്റെ ജീവിത കഥ അറിയാം.
അരനൂറ്റാണ്ടിലധികം പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെയും തലസ്ഥാനത്തെയും സംഗീത സാന്ദ്രമാക്കിയ കലാകാരനാണ് ഷാജഹാന്‍. എന്നാല്‍ ഇന്ന് ജീവന്‍റെ ജീവനായ കളിവീണ എടുക്കാന്‍ പോലും അശക്തനാണ് അദ്ദേഹം. നിരവധി ഹൃദയാര്‍ദ്ര ഗീതങ്ങള്‍ കളിവീണയില്‍ പാടിപ്പകര്‍ത്തിയ ഷാജഹാന്‍റെ ശബ്ദം തളര്‍ത്തിയത് അര്‍ബുദമെന്ന രോഗം. കളിവീണ എന്ന സംഗീത ഉപകരണമാണ് ഷാജഹാനെ നാടിന് പ്രിയങ്കരനാക്കിയത്. കളിവീണയുടെ സംഗീതം ഷാജഹാന്‍ സ്വായത്തമാക്കിയത് അച്ഛന്‍ ബാബുല്‍ സാഹിബ്ബില്‍നിന്നാണ്. അച്ഛന്‍ കളിവീണ വായിക്കുമ്പോള്‍ ആദ്യകാലങ്ങളില്‍ വില്‍പ്പനക്കാരന്‍റെ റോളിലായിരുന്നു ഷാജഹാന്‍. പിന്നീടെപ്പോഴോ ആ സംഗീതം ഷാജഹാന്‍റെ ഹൃദയത്തെയും കീഴടക്കി, അങ്ങനെ അച്ഛന്‍ ഗുരുനാഥനായി. കളിവീണ നിര്‍മിക്കാനും വായിക്കാനുമുള്ള വിദ്യകള്‍ സ്വന്തമാക്കി. അതിലൂടെ തലസ്ഥാനത്തിന്‍റെ ‘വീണാമാമന്‍’ എന്ന പേരും സ്വന്തമാക്കി.
‘ചാന്ദ്നി കാ ചാന്ദ്, ജവാനി മൊഹബത് തുടങ്ങിയ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ മുതല്‍ മലയാളികള്‍ നെഞ്ചേറ്റിയ മാണിക്യവീണ, കാനനച്ഛായയില്‍ ആടുമേക്കാന്‍, ഏറ്റവുമൊടുവില്‍ പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും’ വരെ കളിവീണയില്‍ ആലപിച്ച് കേരളത്തിനകത്തും പുറത്തുമുള്ള സംഗീതാസ്വാദകരുടെ കൈയടി നേടാന്‍ ഷാജഹാന് കഴിഞ്ഞിട്ടുണ്ട്. പട്ടു കേട്ട് അഭിനന്ദിക്കാന്‍ എത്തിയവര്‍ ആവേശത്തോടെ കളിവീണകളും സ്വന്തമാക്കി. കളിവീണ വായിക്കുന്നത് പഠിപ്പിച്ച ശേഷമാണ് വില്‍പ്പന. ഇതില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഷാജഹാന്റെ കുടുംബത്തിനുള്ളത്. അതിലൂടെ മൂന്നുപെണ്‍മക്കളുടെ വിവാഹവും ഈ കലാകാരന്‍ നടത്തി.
സിനിമയിലും കളിവീണ വായിക്കുന്ന തെരുവ് ഗായകനായി. സിനിമാരംഗത്തെ സംഗീതജ്ഞരും കളിവീണ തേടിയെത്തി. സംഗീതത്തില്‍നിന്നും ലഭിക്കുന്ന ആത്മസംതൃപ്തിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അപശ്രുതി മീട്ടിക്കൊണ്ട് അര്‍ബുദം കടന്നെത്തിയത്. തൊണ്ടയിലാണ് അര്‍ബുദം. കളിവീണ നിര്‍മിക്കുമ്പോള്‍ ഉടലെടുക്കുന്ന പൊടിപടലം ശ്വസനപ്രക്രിയയെ ബാധിക്കുന്നു. കളിവീണ നിര്‍മാണം ഇതോടെ നിര്‍ത്തി. വിരലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടായതോടെ തന്ത്രികള്‍ മീട്ടുന്നതും പ്രയാസത്തിലായി. കീമോ തെറാപ്പി നടക്കുകയാണ്. ചികിത്സയ്ക്കും ജീവിതചെലവിനും പ്രയാസപ്പെടുകയാണ് അനന്തപുരിയുടെ സ്വന്തം കലാകാരന്‍. തിരുവനന്തപുരം ആറ്റുകാല്‍ കഞ്ഞിപ്പുരയില്‍ ഇടുങ്ങിയ വാടക മുറിയിലിരുന്ന് കളിവീണക്കൂട്ടത്തെ നെഞ്ചോട് ചേര്‍ത്ത് ഷാജഹാന്‍ സ്വപ്നം കാണുകയാണ് ക്ഷേത്രനടയിലും തെരുവിലും സ്റ്റേജിലുമെല്ലാം തന്ത്രികള്‍ മീട്ടി മനസ്സുകള്‍ കീഴടക്കുന്ന ആ പഴയകാലം.
Post Your Comments