പാലക്കാട്: ഷാജഹാൻ കൊലപാതകത്തിലെ പ്രതികളെ ആർ.എസ്.എസ് പ്രവർത്തകരായി മുദ്രകുത്തിയ സി.പി.എം നേതാക്കളുടെ നാടകം പൊളിച്ച് പ്രതികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും സി.പി.എം പ്രവർത്തകർ ആണെന്നും പ്രതികൾ തന്നെ വെളിപ്പെടുത്തിയത് സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്. താൻ സി.പി.എമ്മുകാരനാണെന്ന മൊഴി ആവർത്തിച്ച് കേസിലെ രണ്ടാം പ്രതി അനീഷ്. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇന്നലെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അനീഷ് സമാന പ്രതികരണമായിരുന്നു നടത്തിയത്.
തങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റകാരാണെന്ന് ഷാജഹാൻ കൊലക്കേസിലെ ഒന്നാം പ്രതി നവീനും പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെയാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഷാജഹാൻ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പ്രതികൾക്ക് ആർ.എസ്.എസ് ബന്ധം സൂചിപ്പിക്കുന്ന വിവരണം ഉണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ കണ്ടെത്തൽ.
പൊലീസ് റിപ്പോർട്ടിൽ ‘ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു, രാഖി ഉണ്ടായിരുന്നു’ തുടങ്ങിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതാക്കൾ പ്രതികളുടെ ആർ.എസ്.എസ് ബന്ധം ഉറപ്പിക്കുന്നത്. ഇതൊക്കെ ആർ.എസ്.എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരായുന്നത്. ഇതിനിടെയാണ് പ്രതികളുടെ തുറന്നുപറച്ചിൽ പുറത്തുവരുന്നത്. തങ്ങൾ സി.പി.എമ്മുകാരാണെന്ന പ്രതികളുടെ പ്രതികരണം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Post Your Comments