ഹൈദരാബാദ്: യാചകരുടെ കൂട്ടത്തില്‍ ഉന്നത വിദ്യഭ്യാസം നേടിയ രണ്ട് കോടികളുടെ സ്വത്തിന് ഉടമകളായ രണ്ട് സ്ത്രീകള്‍. യാചകരെ നഗരത്തില്‍ നിന്നും നിരോധിച്ചപ്പോള്‍ പൊലീസും വിചാരിച്ചില്ല ഇങ്ങനെയും ചിലര്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്. ഹൈദരാബാദ് നഗരത്തിലെ യാചകരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയപ്പോള്‍ അവരില്‍ രണ്ട് സ്ത്രീകളുടെ കഥയറിഞ്ഞ പൊലീസും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കോടികളുടെ സ്വത്തും ഉന്നത വിദ്യാഭ്യാസവും അമേരിക്കന്‍ ഗ്രീന്‍കാര്‍ഡും എന്നു വേണ്ട പത്തു തലമുറയ്ക്ക് കഴിയാനുള്ള സ്വത്തും ഉള്ളവര്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഭിക്ഷാടകരെ പുനരധിവസിപ്പിക്കാന്‍ പുറപ്പെട്ടപ്പോഴാണു പൊലീസ് ഈ പാവപ്പെട്ട കോടിശ്വരേയും പൊക്കിയത്. ഇരുവരും പ്രവാസികളാണ്. ഒരാള്‍ ലണ്ടനില്‍ നിന്നും ഭര്‍ത്താവിനൊപ്പം നാട്ടില്‍ എത്തി താമസം തുടങ്ങിയ ആള്‍. മറ്റൊരാള്‍ അമേരിക്കന്‍ ഗ്രീന്‍കാര്‍ഡിനുടമ. ഇതിനുപുറമെ, നഗരത്തില്‍ സമ്പന്നര്‍ വസിക്കുന്നിടത്ത് അപ്പാര്‍ട്ടുമെന്റുകളും മറ്റു വസ്തുവകകളുമേറെ. ഫര്‍സാന(50), റാബിയ ബസീറ(44) എന്നീ സ്ത്രീകളാണ് സര്‍വ്വ സുഖവും ത്യജിച്ച് തെരുവില്‍ അലഞ്ഞത്.
മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമായ ലങ്കാര്‍ ഹൗസില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച 133 സ്ത്രീകളില്‍ ഇവരുമുണ്ടായിരുന്നു. നിര്‍ത്താതെ ഇംഗ്ലീഷില്‍ ഇവര്‍ ജീവനക്കാരോട് തട്ടിക്കയറിയതോടെയാണ് പൊലീസ് ഇവരെ ശ്രദ്ധിക്കുന്നത്. വേഷത്തില്‍ ഭിക്ഷക്കാരെ പോലെ തോന്നിച്ചെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായിരുന്ന കുലീനത്തമാണ് ഇവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
ജയിലിനോടു ചേര്‍ന്നുള്ള കേന്ദ്രത്തില്‍ രണ്ടുപേര്‍ നിര്‍ത്താതെ ഇംഗ്ലീഷില്‍ ജീവനക്കാരോടു തട്ടിക്കയറുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രത്യേകതയുമുണ്ടായിരുന്നു. തുടര്‍ന്നു വിവരം ആരാഞ്ഞ പൊലീസിന്റെ കണ്ണുതള്ളി. ഫര്‍സാന എം.ബി.എ. ബിരുദധാരിയാണ്. ഇവരുടെ മകന്‍ അമേരിക്കയില്‍ വാസ്തുശില്‍പ്പിയാണ്.
ലണ്ടനില്‍ അക്കൗണ്ടന്റായിരുന്നു ഫര്‍സാന. ഭര്‍ത്താവിനൊപ്പം ഏതാനും വര്‍ഷം മുമ്പാണു നാട്ടില്‍ തിരിച്ചെത്തിയത്. അടുത്തകാലത്തു ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യമുണ്ടായ ഫര്‍സാന അമീര്‍പേട്ടിലുള്ള ലക്ഷ്വറി അപാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ആള്‍െദെവത്തിന്റെ വാക്കുകേട്ടാണു പള്ളിഅങ്കണത്തില്‍ ഭിക്ഷ യാചിക്കാനെത്തിയത്. കഴിഞ്ഞദിവസം അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ ഫര്‍സാനയുടെ മകന്‍ അമ്മയെ അന്വേഷിച്ച് അലഞ്ഞിരുന്നു. ഇതിനിടെയാണ് അധികൃതര്‍ സന്തോഷവാര്‍ത്ത മകനെ അറിയിച്ചത്. ഇയാള്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി.
റാബിയ ബസീറ(44)യുടെ കഥയും ഇങ്ങനെയൊക്കെ തന്നെയാണ്.. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുള്ള ഇവര്‍ക്കു ഹൈദരാബാദില്‍ ഇട്ടുമൂടാന്‍ മാത്രം സ്വത്തുണ്ട്. റാബിയയുടെ സ്വത്തിനായി സഹോദരങ്ങള്‍ കടിപിടികൂടി. ഏറെക്കുറെ അവര്‍ സ്വത്ത് തട്ടിയെടുത്തതോടെ മനസമാധാനം തകര്‍ന്നു.
അതിനാല്‍ ചിലരുടെ ഉപദേശം കേട്ടു മനോസുഖം വീണ്ടെടുക്കാന്‍ പള്ളിയില്‍ ഭിക്ഷാടനത്തിനു തീരുമാനിക്കുകയായിരുന്നു. ഒരുദിവസം പുനരധിവാസകേന്ദ്രത്തില്‍ തങ്ങിയ റാബിയയെയും ബന്ധുക്കള്‍ തിരിച്ചുകൊണ്ടു പോയി.
Post Your Comments