ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയിൽ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും യുഐഡിഎഐ പറഞ്ഞു. കഴിഞ്ഞദിവസം വിവരാവകാശ മറുപടിയിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ 210 വെബ്‌സൈറ്റുകളിൽനിന്ന് ആധാർ നമ്പറും വിവരങ്ങളും ചോർന്നിട്ടുണ്ടെന്നു അതോറിറ്റി തന്നെയാണ് വ്യക്തമാക്കിയത്.
ഈ വെബ്‌സൈറ്റുകള്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പരുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. വിവരങ്ങള്‍ യുഐഡിഎഐ ഡേറ്റാബേസില്‍ നിന്നും ചോര്‍ന്നിട്ടില്ല. പ്രസിദ്ധീകരിച്ച വിവരങ്ങള്‍ ഉടൻ നീക്കാനും ആവര്‍ത്തിക്കാതിരിക്കാനും വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യാന്തര മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവയാണ് ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങള്‍. ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. വെബ്‌സൈറ്റുകളില്‍ ആധാര്‍ നമ്പര്‍ പരസ്യമായതില്‍ ആശങ്കപ്പെടേണ്ടതില്ല. ബയോമെട്രിക് വിവരങ്ങള്‍ കൂടാതെ ഇവയുടെ ദുരുപയോഗം സാധ്യമാകില്ല. ബയോമെട്രിക് വിവരങ്ങള്‍ സ്വയം ലോക്ക് ചെയ്തു സൂക്ഷിക്കാൻ www.uidai.gov.in എന്ന വെബ്‌സൈറ്റിലൂടെ സാധിക്കുമെന്നും യുഐഡിഎഐ അറിയിച്ചു
Post Your Comments