Latest NewsKeralaNews

മതപരിവർത്തനം വികസനോന്മുഖ സമൂഹത്തിന് അനിവാര്യം- ജമാഅത്തെ ഇസ്‌ലാമി

പൊന്നാനി•സമൂഹത്തിന്റെയും വ്യക്തിയുടെയും മതപരിവർത്തനം വികസനോന്മുഖ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുൽ അസീസ്. ‘മതപരിവർത്തനത്തെ ഭയക്കുന്നതാര് ? തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതൽ മികച്ച ജീവിതാവസ്ഥകളെ കുറിച്ച അന്വേഷണമാണ് ലോകത്ത് വൈജ്ഞാനിക വിസ്ഫോടനങ്ങൾക്കും പുരോഗതിക്കും കാരണമായത്. വ്യക്തിജീവിതത്തിന് സമാധാനം നൽകുന്ന ആദർശങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള തടസ്സമില്ലാത്ത മാറ്റമാണ് ബഹുസ്വര സമൂഹത്തെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ സർക്കാർ ഇരട്ട നീതി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണ് മുന്നാക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയതയുടെയും മതേതരത്വത്തിന്റെയും എതിർപക്ഷത്ത് മതപരിവർത്തനം എന്ന സംജ്ഞ കൊണ്ടുവരപ്പെട്ട രാഷ്ട്രീയമാണ് പ്രശ്നവൽക്കരിക്കേണ്ടതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. ജനങ്ങൾ ജനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഡമോക്രസിക്ക് പകരം നേതാക്കൾ തങ്ങളുടെ ജനതയെ തെരഞ്ഞെടുക്കുന്ന ഡമോഗോഗികളായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് ഡോ. സഫീർ എ.കെ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തമിഴ്‌നാട് മുൻ ജനറൽ സെക്രട്ടറി അബ്‌ദുറഹ്‌മാൻ മീനാക്ഷിപുരം മുഖ്യാതിഥിയായിരുന്നു.

എഴുത്തുകാരനും മ്യൂസിക് ഡയറക്ടറുമായ എ.എസ് അജിത്കുമാർ, രാജീവ്ഗാന്ധി സ്റ്റഡി സർക്കിൽ സംസ്ഥാന കോഡിനേറ്റർ അനൂപ് വി.ആർ, എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി കെ. പി തൗഫീഖ്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് എം.സി നസീർ എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപന പ്രഭാഷണം നിർവഹിച്ചു. ബാസിൽ ബഷീർ ഖിറാഅത്ത് നടത്തി. കെ ആമീൻ കാരക്കുന്ന് കവിത ആലപിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സാബിക് വെട്ടം നന്ദിയും പറഞ്ഞു.

നേരത്തെ ചന്തപ്പടിയിൽ നിന്നാരംഭിച്ച വിദ്യാർത്ഥി റാലിക്ക് ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്, സെക്രട്ടറിമാരായ അജ്‌മൽ കോടത്തൂർ, മുസ്തബ്ഷിർ ശർഖി, വി.പി റഷാദ്, അമീൻ മമ്പാട്, ബാസിത് താനൂർ, എം.ഐ അനസ് മൻസൂർ, മുസ്‌തഫ മങ്കട, ഷഫീഹ് വാണിയമ്പലം, സാഹിർ പുത്തനത്താണി എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button