Latest NewsNews

ഗുജറാത്തിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബി.ജെ.പി പ്രചാരണ രംഗത്ത് വളരെ മുന്നിൽ: കോൺഗ്രസിന്റെ പദ്ധതികൾ തിരിച്ചടിക്കുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസിന്റെ വിശകലനം

ഗുജറാത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പ്രചാരണ രംഗത്ത് മുന്നോട്ട് നീങ്ങുമ്പോൾ സീറ്റുകൾ സംബന്ധിച്ച്‌ ഘടകകക്ഷികൾക്കിടയിൽ ധാരണയുണ്ടാക്കാൻ പോലും കോൺഗ്രസിനാവുന്നില്ല. ആദ്യഘട്ടമെന്ന നിലക്ക് ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 70 എണ്ണത്തിലെ സ്ഥാനാർഥികളെയാണ് ഇന്നലെ ബി ജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചത്. ഈ ഘട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഈമാസം 21 ആണ്. അതിനുമുന്പായി മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിക്കും. മുഖ്യമന്ത്രി വിജയ് ഭായ് രൂപാനി ( രാജ്കോട്ട് വെസ്റ്റ്), ഉപ മുഖ്യമന്ത്രി നിതിൻ ഭായ് പട്ടേൽ ( മെഹ്‌സാന), സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തുഭായ് വഖാനി ( ഭാവ്നഗർ വെസ്റ്റ്) എന്നിവർ പട്ടികയിലുണ്ട്. രണ്ട്‌ സിറ്റിംഗ് എംഎൽഎമാർക്ക് ടിക്കറ്റ് കൊടുത്തിട്ടില്ല. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച 14 എംഎൽഎമാരിൽ ആറുപേർക്ക് അതാത് മണ്ഡലങ്ങളിൽ തന്നെ ടിക്കറ്റ് കൊടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാത്തത് ഒരു തന്ത്രമാണ് എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് അതിന്റെ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചശേഷം മാത്രമേ മിക്കവാറും അടുത്ത ലിസ്റ്റ് ഉണ്ടാവു എന്നും പാർട്ടി കേന്ദ്രങ്ങൾ സൂചനനൽകി. ഇന്നിപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥികൾ ഏതാണ്ടെല്ലാവരും കഴിഞ്ഞ കുറെ ദിവസമായി അതാത് മണ്ഡലങ്ങളിൽ പ്രചാരണത്തിലാണ്. അവർക്കൊക്കെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചനകൾ പാർട്ടി നേതൃത്വം നൽകിയിരുന്നു എന്നുവേണം കരുതാൻ. അപ്പോഴും കോൺഗ്രസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവുന്നില്ല. ഘടകകക്ഷികൾ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് അവരുടെ പ്രശ്നം.

എൻസിപി, ബിഎസ്‌പി, ജെഡി യു തുടങ്ങിയ കക്ഷികൾ ഗുജറാത്തിൽ ഇപ്പോൾത്തന്നെ കോൺഗ്രസിനൊപ്പമുണ്ട്. ആദ്യഘട്ടത്തിൽ പതിനഞ്ച് സീറ്റാണത്രെ എൻസിപി ആവശ്യപ്പെടുന്നത് ; അതായത് 89 ൽ 15 എണ്ണം. ജെഡിയുവിനും വേണം മൂന്നെണ്ണമെങ്കിലും. ബിഎസ്‌പി ചോദിക്കുന്നത് 30 സീറ്റാണ്. ഇതിനൊക്കെപ്പുറമെയാണ് പട്ടേൽ ആന്ദോളൻ നേതാക്കൾ, സാമുദായിക സംഘടനകൾ തുടങ്ങിയവർ. ചർച്ചകൾ എവിടെയുമെത്തിയിട്ടില്ല……. മായാവതിയുടെ പാർട്ടിയും മറ്റും തനിച്ചവിടെ മത്സരിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസിന് പ്രശ്നമാവുകയും ചെയ്യും.
ഗുജറാത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നതാണ് ഇപ്പോഴും കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. വലിയ പ്രചാരണ പരിപാടിക്കാണ്‌ അവർ ഒരുക്കം നടത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധി കുറേദിവസമായി ഏതാണ്ട് ഗുജറാത്തിൽ തമ്പടിക്കുന്നു. പണത്തിന് ഒരു കുറവുമുണ്ടാവില്ല എന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പു വരുത്തിയിട്ടുമുണ്ട്. ടെലികോം രംഗത്തെ അതികായനായ സാം പിട്രോഡക്കാണ് പ്രചാരണ പരിപാടിയുടെ ചുമതല. അമേരിക്കയിൽനിന്നുമെത്തിയ പിട്രോഡ ഗുജറാത്തിൽ ക്യാമ്പ് ചെയ്യുകയാണ്….. …… ഓരോ ദിവസത്തെയും പ്രചാരണ വിഷയങ്ങൾ തീരുമാനിക്കാനും രാഹുലിന് ഉപദേശം നൽകാനുമൊക്കെയായിട്ട് . അമേരിക്കൻ രീതിയിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്യുന്നത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പക്ഷെ പദ്ധതികൾ അതെന്തായാലും നടപ്പിലാക്കുന്നത് രാഹുൽഗാന്ധിയിലൂടെയായതിനാൽ അത് എത്രമാത്രം ഫലവത്താവുമെന്നത് കണ്ടുതന്നെയറിയണം. കോൺഗ്രസുകാർ തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. മാത്രമല്ല, ഇപ്പോഴും കോൺഗ്രസിലെ ജനസ്വാധീനമുള്ള നേതാക്കൾക്ക് പോലും ഒട്ടും ആത്മവിശ്വാസവുമില്ല. രാഹുലിന് ഗുജറാത്തിൽ എന്തെങ്കിലും ചെയ്യാനാവുമെന്ന് അവരാരും സത്യത്തിൽ കരുതുന്നില്ല എന്നതാണ് യാഥാർഥ്യം. വേറൊന്ന് കാണാതെ പോയിക്കൂടാത്തത് , കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കൂറുമാറ്റമാണ്. ദിവസവും പ്രാദേശിക നേതാക്കൾ കൂട്ടമായി കോൺഗ്രസ് വിടുന്നതായ വാർത്തകൾ ഗുജറാത്തിൽനിന്ന് കേൾക്കാം. സ്ഥാനാർഥി നിർണ്ണയം കഴിഞ്ഞാൽ ആ കൂടുമാറ്റത്തിന്റെ വേഗത കൂടുമെന്നാണ് ബിജെപി കരുതുന്നത്. ഒരുപക്ഷെ, സ്ഥാനാർഥി നിർണ്ണയം കോൺഗ്രസ് വൈകിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് സീറ്റ് തർക്കങ്ങളാണ് ; മറ്റൊന്ന് നേതൃനിരയിൽപോലുമുള്ള ആശങ്കയും.
ഇത്തവണ 150 സീറ്റ് ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പദ്ധതി. അങ്ങനെവന്നാൽ ഏതാണ്ടൊക്കെ 2014 ലെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. മാത്രമല്ല കോൺഗ്രസിനെ നാശവും അവിടെ തെളിയും. അത് അസാധ്യമല്ലെന്നാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. 130 – 135 ജയിക്കുക ഒരു പ്രയാസമേയല്ലെ എന്നതാണ് ആർഎസ്എസും മറ്റും വിലയിരുത്തിയിട്ടുള്ളത്. അവസാനഘട്ടത്തിൽ നരേന്ദ്ര മോദിയുടെ പ്രചാരണം കൂടി ആവുന്നതോടെ ചിത്രം മാറുകയും ചെയ്യും. അങ്ങനെയാവുമ്പോൾ 150 സീറ്റ് എന്നത് അത്രവലിയ പ്രശ്നമാവില്ലെന്നും അവർ പറയുന്നു. സംഘ പ്രസ്ഥാനങ്ങൾ ഇത്തവണ വളരെ നേരത്തെതന്നെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു. ഒറ്റക്കെട്ടായി അവർ മുന്നോട്ട്പോകുകയും ചെയ്തു. അതുകൊണ്ട് തന്നെ താഴെത്തട്ടിൽ ശക്തമായ പ്രവർത്തനം നേരത്തെതന്നെ നടത്താൻ ബിജെപിക്കായി. ആദിവാസി മേഖലയിലും മറ്റും കോൺഗ്രസിന് കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയാണുള്ളത് എന്ന വാർത്തകൾ പോലും വരുന്നുണ്ട്. ഓരോ ബൂത്തിലും വോട്ടർ പട്ടികയിലെ ഒരു പേജിന് രണ്ടുപേർ വീതമാണ് നിയുക്തരായിട്ടുള്ളത്. അത്രമാത്രം സംഘടനായന്ത്രം സജ്ജമാണ്. ആ രണ്ടുപേരുടെ ജോലി ആ വോട്ടർപട്ടിക പേജിലുള്ളവരുമായി നിത്യേന ബന്ധപ്പെടുക എന്നതാണ്……. …… അവർ ബിജെപിക്ക് വോട്ട് ചെയ്തു എന്ന് ഉറപ്പാക്കലും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലും യു. പിയിലും ബിജെപി പരീക്ഷിച്ചുവിജയിച്ച പദ്ധതിയാണിത്. യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നിലെ ഒരു പ്രധാനഘടകവും സംഘടനാപരമായ ഇത്തരം നീക്കങ്ങൾ തന്നെയായിരുന്നു.

കോൺഗ്രസിന് അതൊക്കെ ഗുജറാത്തിൽ ചിന്തിക്കാൻ പോലുമാവില്ല. അത്രക്കെ അവർക്ക് സംഘടനയുള്ളൂ. രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി കുറെ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയാണവർ. താഴെ തട്ടിൽ കാര്യമായ ഒരു പ്രവർത്തനവും അവർക്ക് ഇന്നിപ്പോഴില്ല. പട്ടേൽ പ്രക്ഷോഭ നേതാക്കളിൽ ചിലരുടെ സഹായമുള്ളതുകൊണ്ട് ചിലയിടങ്ങളിൽ ചലനങ്ങളുണ്ടാക്കാനാവുന്നു എന്നുമാത്രം. പക്ഷെ പട്ടേൽ പ്രക്ഷോഭത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന കുറേയേറെപ്പേർ ബിജെപിയിലുമെത്തിയിട്ടുണ്ട്. ഹാർദിക് പട്ടേലിന്റെ അടുത്തയാളായിരുന്ന ചിരാഗ് പട്ടേലിന്റെ ബിജെപിയിലേക്കുള്ള കടന്നുവരവ് അതിനൊരു ഉദാഹരണമാണ്. ഹാർദിക് പട്ടേലിന്റെയും കോൺഗ്രസിന്റെയും പദ്ധതികൾ തിരിച്ചറിയാനും നേരിടാനും അതൊക്കെ ബിജെപിയെ സഹായിക്കുന്നുണ്ട്. പട്ടേൽ പ്രക്ഷോഭത്തിന്റെ മറവിൽ നടന്നുവന്നിരുന്ന പണമിടപാടുകൾ, കോൺഗ്രസുമായി ചേർന്നുള്ള രാഷ്ട്രീയ കളികൾ, ചില വിദേശ ബന്ധങ്ങൾ എന്നിവ പുറത്തുവരുന്നത് അവരിലൂടെയാണ്. അതിൽ പലതും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നാണ് പറയുന്നത്.

അതിനൊക്കെപുറമെ, കോൺഗ്രസിൽ നിന്നും പലരും ബിജെപിയിലെത്തുന്നുണ്ട് എന്നതും കോൺഗ്രസിന്റെ വിശ്വാസ്യതയുടെ പ്രശ്നമായി കാണുന്നവരുണ്ട്. വിജയ് ഖെല്ല അതിൽ പ്രധാനിയാണ്. കോൺഗ്രസിന്റെ സംസ്ഥാനതല ഗുജറാത്ത് റിലീഫ് കമ്മിറ്റിയുടെ അധ്യക്ഷനാണ് അദ്ദേഹം. ഇത്തരം സംഘടനാ പ്രശ്നങ്ങളെ എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ കോൺഗ്രസ് വൃത്തങ്ങളിൽ പ്രകടമാണ് . പരാജയഭീതിയായാണ് അവരെ വേട്ടയാടുന്നത് എന്നത് കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്നുമുണ്ട്. ചില ടിവി ചാനലുകൾക്ക് നേരെ നടന്ന അക്രമങ്ങൾ അതിനുദാഹരണമാണ്. കോൺഗ്രസിന് അന്പത് സീറ്റുകൾ പോലും ലഭിക്കാനിടയില്ലെന്ന് തുറന്ന് പറഞ്ഞതാണ് സീ ടിവി -യുടെ ലേഖകനെയും ക്യാമറമാനേയും മറ്റും തെരുവിൽ നേരിടാനിടയാക്കിയത്. ഇത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോഴും രാഹുലിന് കോൺഗ്രസിനെ ജയിപ്പിക്കാനാവുമെന്നാണ് സാം പിട്രോഡയും അഹമ്മദ് പട്ടേലും അടക്കമുള്ളവർ വിശ്വസിക്കുന്നത്.

നോട്ട് റദ്ദാക്കൽ, ജിഎസ്‌ടി എന്നിവയൊക്കെയാണ് ബിജെപിക്കെതിരെ ഉപയോഗിക്കാനായി കോൺഗ്രസ് നീക്കിവെച്ചിരുന്നത്. എന്നാൽ അതൊക്കെ ഏതാണ്ട് അപ്രസക്തമാവുന്ന കാഴ്ചയാണ് ഗുജറാത്തിൽ കാണുന്നത്. അതൊക്കെ പറഞ്ഞുകൊണ്ട് കോൺഗ്രസിന് ജനങ്ങളെ വശീകരിക്കാനാവാത്ത സ്ഥിതി ബിജെപി ഉണ്ടാക്കിയിരിക്കുന്നു. അപ്പോൾ ഇനിയെന്ത് എന്നത് രാഹുൽ ഗാന്ധിയെയും മറ്റും വേവലാതിപ്പെടുത്തുന്നു. നരേന്ദ്ര മോഡിക്കെതിരെ കുറെയേറെ ആരോപണവുമായി രംഗത്തിറങ്ങാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കാൻ രാഹുൽ കഴിഞ്ഞദിവസം ശ്രമിച്ചത് ഓർക്കുക. പക്ഷെ ഒരു മാധ്യമവും രാഹുലിന്റെ അഭ്യർത്ഥന ഏറ്റെടുത്തില്ല. അതുകൊണ്ട് മോഡിയെ ആരോപണത്തിന്റെ നിഴലിൽ കൊണ്ടുവരികമാത്രമാണ് പോംവഴി എന്നതിലേക്ക് രാഹുലും പിട്രോഡയും എത്തിയാൽ അതിശയിക്കാനില്ല. അതുതന്നെയാണ് ബിജെപി കാത്തിരിക്കുന്നത് എന്ന് തോന്നുന്നു; എന്നാൽ അത് വിലപ്പോവില്ല എന്നത് എല്ലാവർക്കുമറിയാം. മോദിയുടെ സത്യസന്ധത ഗുജറാത്തിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നില്ല എന്നതുതന്നെ കാരണം. നരേന്ദ്ര മോദിക്ക് ഗുജറാത്തിലുള്ള അംഗീകാരം, വിശ്വാസ്യത….. … ഒക്കെ അറിയാവുന്നവർ പറയുന്നത് കോൺഗ്രസിന്റെ നീക്കം ദയനീയമാംവിധം തിരിച്ചടിക്കുമെന്നാണ്. നരേന്ദ്ര മോഡിക്കെതിരെ എന്ത് ആരോപണമുന്നയിച്ചാലും വിലപ്പോവില്ല എന്നതും അവർ ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷെ കള്ളപ്രചാരണം മാത്രമാണ് ഇനിയുള്ള മാർഗം എന്നതിലേക്ക് കോൺഗ്രസ് എത്തിപ്പെട്ടാലോ………?.

രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ വിജയം ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. ഇനിയും ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സ്വന്തം രാഷ്ട്രീയ അസ്തിത്വം തന്നെ പ്രശ്നമാവുമെന്ന് അദ്ദേഹത്തിനറിയാം. ഗുജറാത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഇന്നിപ്പോൾ കോൺഗ്രസ് ഭരിക്കുന്ന അവിടെ രണ്ടക്കം സീറ്റ് കിട്ടിയാൽ ഭാഗ്യമെന്നാണ് കോൺഗ്രസുകാരുടെ പൊതുവിലയിരുത്തൽ. അതുകൊണ്ടാണ് ഗുജറാത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അദ്ദേഹം തയ്യാറായത്. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്നതാണ് മുദ്രാവാക്യം എന്നതും ഓർമ്മിക്കുക. യഥാർഥത്തിൽ രാഹുലിന്റെ രാഷ്ട്രീയ അന്ത്യം കാണാൻ ആഗ്രഹിക്കുന്നവരാണ് ഇങ്ങനെ ഒരു ചിന്തക്ക് രൂപം നൽകിയത് എന്നാണ് എനിക്ക് തോന്നുന്നത്. വിശ്വാസ്യത സ്ഥാപിക്കാനായി രാഹുൽ ഗുജറാത്ത് തിരഞ്ഞെടുത്തത് വിവരക്കേടല്ലെങ്കിൽ പിന്നെന്താണ്?. ഈ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി കോൺഗ്രസ് അധ്യക്ഷനായി രാഹുലിനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നതാണ് എന്നതോർക്കുക. പാർട്ടി അധ്യക്ഷനായിട്ട് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയാലത്തെ സ്ഥിതി മനസിലാക്കി ആരോ രാഹുലിനെ ഉപദേശിച്ചു; ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതി സ്ഥാനാരോഹണം എന്ന്. പക്ഷെ അതുകൊണ്ടു തിരഞ്ഞെടുപ്പിലെ പരാജയം മാറ്റിവെക്കാൻ കഴിയില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button