ന്യൂഡല്‍ഹി : കേരളത്തിലെ ടൂറിസം വികസനത്തിന് അനന്തസാധ്യതകള്‍ തുറന്നുകൊണ്ടു വിഴിഞ്ഞം തുറമുഖം ഇന്ത്യയിലേക്കുള്ള ഇമിഗ്രേഷന്‍ സെന്ററായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. അദാനി ഗ്രൂപ്പിന്റെതന്നെ കീഴിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖവും ഇമിഗ്രേഷന്‍ സെന്ററായി അംഗീകരിച്ചു. തിരുവനന്തപുരത്തെ ഫോറിന്‍ റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് (എഫ്ആര്‍ആര്‍ഒ) ചുമതല. വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം ക്രൂസ് ടെര്‍മിനല്‍കൂടി നിര്‍മിക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിന് ഇടയാക്കിയേക്കും.
കേരളത്തിന്റെ ടൂറിസം വികസനത്തിനും ഇതു വഴിവയ്ക്കുമെന്നാണു പ്രതീക്ഷ. വിഴിഞ്ഞവും ഗുജറാത്തിലെ മുന്ദ്രയുമാണ് രണ്ട് ഇമിഗ്രേഷന്‍ ചെക്‌പോസ്റ്റുകള്‍. വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. വിനോദ സഞ്ചാരികളുമായി എത്തുന്ന കപ്പലുകള്‍ക്കാണ് ഇതേറെ ഗുണം ചെയ്യുക. വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ സാധിക്കുന്നതോടെ പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും വികസിക്കും.
വിഴിഞ്ഞം തുറമുഖനിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷത്തോളം പിന്നിട്ടു. 2019 ല്‍ ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമാവും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, തുടര്‍ച്ചയായ സമരങ്ങളും വിവാദങ്ങളും കാരണം നിര്‍മാണം ഇഴയുകയാണ്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments