Jobs & VacanciesLatest NewsKerala

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിന് അംഗീകാരം

തിരുവനന്തപുരം ; വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള ഓർഡിനൻസിനു മന്ത്രിസഭയുടെ അംഗീകാരം. ബോർഡിൽ നിലവിലുളള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പിഎസ്‌സിക്കു വിടുക. അതോടൊപ്പം കാലിക്കറ്റ് സർവകലാശാലാ സെനറ്റും സിൻഡിക്കറ്റും പുനഃസംഘടിപ്പിക്കുന്നതിനുള്ള ഓർഡിനൻസിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു.

നിലവിലുളള സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും കാലാവധി കഴിഞ്ഞതിനാലും പുതിയ സമിതികൾ രൂപീകരിക്കാൻ കാലതാമസം വരുമെന്നതിനാലുമാണ് കരട് ഓർഡിനൻസ് പുറത്തിറക്കിയത്. ഇപ്രകാരം സർക്കാർ നാമനിർദേശം ചെയ്യുന്ന വ്യക്തികളെ ഉൾപ്പെടുത്തിയാണു കാലിക്കറ്റ് സർവകലാശാലാ സെനറ്റും സിൻഡിക്കറ്റും രൂപീകരിക്കുക.

മറ്റു തീരുമാനങ്ങൾ ;

എൻഡോസൾഫാൻ ദുരിതബാധിതരുടെ വായ്പകളിലെ ജപ്തി നടപടികൾക്ക് അനുവദിച്ച മൊറട്ടോറിയം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കും.

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ മുഴുവൻ സമയ റോഡ് സുരക്ഷാ കമ്മിഷണറെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

കേന്ദ്രീകൃത സംവിധാനത്തിലൂടെ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ കമ്മിഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കു കംപ്യൂട്ടർ, ലാപ്‌ടോപ്പ് പ്രിന്റർ, സ്‌കാനർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.

ശബരിമല ഉത്സവ സീസണിൽ സന്നിധാനത്ത് സ്‌പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാർക്കും ക്യാംപ് ഫോളവർമാരുടെയും ലഗേജ് അലവൻസ് 150 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു.

ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷിച്ച അർഹതയുളള കുടുംബങ്ങൾക്ക് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമിച്ചതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫ്ലാറ്റുകളും ഗുണഭോക്താക്കളുടെ അഭാവത്തിൽ അനുവദിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു മുൻഗണന.

shortlink

Related Articles

Post Your Comments

Related Articles


Back to top button