Latest NewsNewsIndia

റാഫേല്‍ കരാര്‍:മോദിയ്ക്കെതിരെ വീണ്ടും രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി•ഫ്രഞ്ച് വിമാനക്കമ്പനിയായ ഡസ്സാള്‍ട്ട് ഏവിയേഷനും റിലയന്‍സും തമ്മിലുള്ള സംയുക്ത വിമാന നിര്‍മാണ സംരഭത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കരാറാണിതെന്നാണ് രാഹുലിന്റെ ആരോപണം.

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമാന ഘടകങ്ങള്‍ നിര്‍മ്മിക്കാനായി ഡസ്സാള്‍ട്ട് ഏവിയേഷനുമായി കൈകോര്‍ത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ലക്‌ഷ്യം വച്ച് രൂക്ഷപരിഹാസമുള്‍ക്കൊള്ളുന്ന ട്വീറ്റുകളുടെ പരമ്പരയാണ് രാഹുല്‍ ഗാന്ധി നടത്തിയത്.

വിമാനനിര്‍മ്മാണ രംഗത്ത് ഒരു പരിചയവുമില്ലാത്ത ഒരാളെ എങ്ങനെ “ആശ്രയി” (Reliance) ക്കുമെന്ന് വിശദീകരിക്കാമോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

സ്വാശ്രയത്വം (Self-Reliance) തീര്‍ച്ചയായും മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഒരു സുപ്രധാന ഘടകമാണെന്ന് രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഈ കൊള്ളയെക്കുറിച്ച് മോദിയ്ക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ 8.7 ബില്യണ്‍ ഡോളറിന്റെ കരാറില്‍ പ്രധാനമന്ത്രിയ്ക്ക് സ്വകാര്യ താത്പര്യങ്ങള്‍ ഉണ്ടെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. റിലയന്‍സ്- ഡസ്സാള്‍ട്ട് സംയുക്ത സംരഭം മോദിയുടെ വ്യവസായ സുഹൃത്തുക്കളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും രാഹുല്‍ പറയുന്നു.

കേന്ദ്രം 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് വളരെ ഉയര്‍ന്ന വിലയ്ക്കാണെന്നും ഇത് രാജ്യത്തിന്‍റെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയുടെയോ, സെക്യുരിറ്റി ആന്‍ഡ്‌ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ക്യാബിനറ്റ് കമ്മറ്റിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായ റിലയന്‍സ്- ഡസ്സാള്‍ട്ട് കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button