മരണശേഷം മനുഷ്യന്റെ തലച്ചോറില്‍ സംഭവിക്കുന്നതെന്താണ്? കാലാകാലങ്ങളായി ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ചു പഠനങ്ങള്‍ നിരവധി നടന്നിട്ടുണ്ടെങ്കിലും ആര്‍ക്കും കൃത്യമായതും ശാസ്ത്രീയമായതുമായ ഒരു ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് ഒരാള്‍ മരിച്ചു എന്നുറപ്പിക്കുന്നത്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം അവസാനിച്ചാലും തലച്ചോറ് പ്രവര്‍ത്തിക്കുമോ?
ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് മരണത്തില്‍ നിന്നും അത്ഭുകരമായി തിരിച്ചു വന്ന ചില രോഗികളുടെ അനുഭവങ്ങളാണ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം ഉറപ്പിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ പറയുന്നത് അബോധാവസ്ഥയില്‍ ആയിരുന്ന സമയത്തു ചുറ്റും നടന്ന സംഭവങ്ങള്‍ എല്ലാം അറിയാനും കേള്‍ക്കാനും കഴിഞ്ഞു എന്നാണ്.
ഒരു വര്‍ഷം ഇത്തരത്തില്‍ ഒരു കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു ന്യൂ യോര്‍ക്കിലെ എന്‍വൈയു ലങ്‌ഗോന്‍ ഹെല്‍ത്ത് സെന്ററിലെ ഡോ. സാം പര്‍നിയ പറയുന്നു.
ഇവരില്‍ മിക്കവരും സമാന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. നീണ്ട ടണലിലൂടെ നടക്കുകയും ദൂരെ ശക്തമായ വെളിച്ചം കാണുകയും അവിടെ മരിച്ചു പോയ പൂര്‍വികരെ കാണുകയുമൊക്കെ ചെയ്തതായി ഇവരില്‍ പലരും പറയുന്നു. ഹാര്‍ട്ട്അറ്റാക്ക് വന്നു മരണം സ്ഥിരീകരിച്ച ശേഷം ജീവിതത്തിലേക്കു വന്ന ചിലര്‍ക്ക് ആ സമയത്ത് ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെട്ടതായും തിരികെ ശരീരത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ ശ്രമിച്ച പോലെ തോന്നിയതായും പറയുന്നു. ഡോക്ടറും നഴ്സുമെല്ലാം പരിചരിച്ചത് ഇവര്‍ക്ക് ഓര്‍ത്തെടുക്കാനായി.
2014ല്‍ ഡോ.സാം പര്‍നിയയുടെ മേല്‍നോട്ടത്തില്‍ ഇങ്ങനെ മരണത്തില്‍ നിന്നും തിരികെവന്ന 101 പേരില്‍ നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുപേര്‍ക്ക് ഇത്തരത്തില്‍ വിചിത്രമായ മരണാനന്തരഅനുഭവങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാള്‍ തനിക്കു ചുറ്റും മരണശേഷം നടന്ന എല്ലാ സംഭവങ്ങളും റെക്കോര്‍ഡ് ചെയ്ത പോലെ പറയുകയുണ്ടായി.
എന്നാല്‍ ഇതിനു എന്ത് വിശദീകരണം നല്‍കണമെന്ന് അറിയില്ലെന്നാണ് പഠനത്തിനു മേല്‍നോട്ടം വഹിച്ച ഡോ. പാര്‍നിയ പറയുന്നത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കും. അതോടെ രോഗി മരണപ്പെട്ടതായി സ്ഥിരീകരിക്കും. എന്നാല്‍ ഹൃദയം നിലച്ച ശേഷവും തലച്ചോറ് ഉണര്‍ന്നിരിക്കുമെന്നു തന്നെയാണ് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് അവര്‍ പറയുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത് സംബന്ധിച്ചു പല പഠനങ്ങളും നടന്നിട്ടുണ്ട്.
ചിലര്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുകയും ഇത് രോഗിയുടെ സങ്കല്‍പ്പങ്ങള്‍ മാത്രമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എങ്കില്‍പ്പോലും ഡോ.പര്‍നിയയുടെ അഭിപ്രായത്തില്‍ ഹൃദയം നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന രക്തപ്രവാഹത്തിന്റെ കുറവ് നിമിത്തം തലച്ചോറിനു ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നുണ്ട്. ഇത് ഓര്‍മക്കുറവിനു കാരണമായേക്കാം. അതുകൊണ്ടുതന്നെ മരണമുഖത്തു നിന്നും തിരികെ വന്നിട്ടുള്ള രോഗികള്‍ പറയുന്നതില്‍ അപൂര്‍ണതകള്‍ ഉണ്ടാകാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ രംഗത്ത് തുടര്‍ന്നുണ്ടാകുന്ന പഠനങ്ങള്‍ വഴി മരണമെന്ന പ്രഹേളികയുടെ ചുരുളഴിക്കാന്‍ ഭാവിയില്‍ കഴിയുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Post Your Comments