Latest NewsKeralaNewsNews Story

“കുട്ടനാട്ടിൽ നിന്നും ടി വി പ്രസാദ്…” കേരള ജനതയെ കൊഞ്ഞനം കാട്ടി പണത്തിന്റെ മേനിയിൽ അധികാരത്തിൽ തുടർന്ന തോമസ് ചാണ്ടിയെ ഇറക്കിയത് ഈ ചെറുപ്പക്കാരന്റെ ധൈര്യപൂർവ്വമായ റിപ്പോർട്ടിങ്

ന്യൂസ് സ്റ്റോറി :

ടി വി പ്രസാദ് എന്ന ഏഷ്യാനെറ്റ് ന്യൂസ് റിപോർട്ടറിനെ അറിയാത്തവർ ഇന്ന് കേരളത്തിലില്ല. ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ചീഫ് ടി.വി പ്രസാദാണ് തോമസ് ചാണ്ടിയുടെ കയ്യേറ്റം പുറം ലോകത്തെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ ടി പി വധക്കേസിലെ പ്രതികൾ കണ്ണൂർ ജയിലിൽ മൊബൈൽ ഉപയോഗിച്ചു എന്ന വാർത്ത വെളിയിൽ വിട്ടതോടെ പ്രസാദിന് വധഭീഷണി വരെ ഉണ്ടായി. എന്നാൽ അതിലൊന്നും തളരാതെ ധൈര്യപൂർവ്വമാണ് പ്രസാദ് വീണ്ടും പല റിപ്പോർട്ടിങ്ങും ചെയ്തത്. ആലപ്പുഴയിലേക്ക് ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായി പ്രസാദ് എത്തിയപ്പോൾ കുട്ടനാട്ടിലെ നിയമ ലംഘനങ്ങൾ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചതായിരുന്നു ആദ്യ വാര്‍ത്ത. മന്ത്രിയായ ശേഷവും കൃഷിഭൂമി കയ്യേറിയതിന്റെയും സര്‍ക്കാര്‍ ഭൂമി അടക്കം നികത്തിയതിന്റെയും എല്ലാം തെളിവുകള്‍ തൊട്ടുപിന്നാലെ പുറത്തുവിട്ടു.മണ്ണ് ഇറക്കാനുള്ള അനുമതിക്ക് കടുത്ത നിയന്ത്രണമുള്ള സംസ്ഥാനത്ത് വന്‍തോതില്‍ മണ്ണിട്ട് നികത്തല്‍ ചാണ്ടിയുടെ സ്ഥലത്ത് നടക്കുന്നതും പ്രസാദ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തു കൊണ്ടുവന്നു.

ഒരു ചെറിയ മീനല്ലാത്ത തോമസ് ചാണ്ടിയ്ക്ക്  വലിയ സപ്പോർട്ട് ഉള്ള ഉദ്യോഗസ്ഥ ശൃംഖല തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും രേഖകൾ കൃത്രിമം വരെ കാട്ടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. വിവരാവകാശ രേഖ മൂലമാണ് പ്രസാദ് പല രേഖകളും കരസ്ഥമാക്കിയത്. അങ്ങനെ ഏറ്റവും മികച്ച വിവരാവകാശ ശേഖരണത്തിനുള്ള അവാർഡും പ്രസാദിനെ തേടിയെത്തി. ഇതിനിടെ വധ ഭീഷണി പല രൂപത്തിലും വന്നു.

30 ഇൻവസ്റ്റിഗേഷൻ വാർത്തകളും 35 ൽ അധികം ഫോളോ അപ്പ് വാർത്തകളും ആണ് വ്യക്തമായ രേഖകളോടെ പ്രസാദ് കൊടുത്തത്. ഒരിക്കലും രാജിവെക്കില്ലെന്ന് ധാർഷ്ട്യത്തോടെ ആയിരുന്നു മന്ത്രിയുടെ ഓരോ പ്രവൃത്തികളും. കെ എം മാണിയുടെ രാജിയേക്കാള്‍ ഗതികെട്ട് രാജിവെക്കേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചിട്ടു സ്വവസതിയിലേക്ക് പോയതും നിയമം ലംഘിച്ചാണ്. മന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് ചാണ്ടി കുട്ടനാട്ടിലേക്ക് പോയത്.

രാജികത്ത് ഒരു മണിക്കു പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഈ കത്ത് ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തു. ഗവര്‍ണറുടെ പക്കല്‍ രാജിക്കത്ത് എത്തിയപ്പോഴും സര്‍ക്കാര്‍ കാറില്‍ ചീറിപ്പായുകയായിരുന്നു ചാണ്ടി.തോമസ് ചാണ്ടിയുടെ ഗതികെട്ടുള്ള പടിയിറക്കം സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച്‌ സിപിഐ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ്. മന്ത്രിക്കെതിരെ കലക്ടറുടെ റിപ്പോര്‍ട്ടുണ്ടായതും ഈ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോഴേറ്റ കനത്ത പ്രഹരവുമാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് എത്തിയത്.

വ്യക്തമായ രേഖകളോടെയാണ് പ്രസാദ് വിവരാവകാശ രേഖകൾ ഉപയോഗിച്ചത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ചാണ്ടിയുടെ രാജി നിര്‍ബന്ധിതമായത്. സര്‍ക്കാരിനെതിരെ മന്ത്രി തന്നെ ഹര്‍ജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനമുന്നിയിച്ചിരുന്നു.

മാധ്യമ പ്രവർത്തനം വളരെ നല്ല രീതിയിൽ അഴിമതിക്കെതിരെയും നിയമ ലംഘനത്തിനെതിരെയും ഉപയോഗിച്ച റിപ്പോർട്ടർ ടി വി പ്രസാദിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേരള ജനത.

തയാറാക്കിയത് : സുജാത ഭാസ്കര്‍ 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button