തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടി. വി ടി ബല്‍റാം എംഎല്‍എയുടെ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നാമത്തെ വിക്കറ്റ്. കൃത്യമായ ഇടവേളകളിലാണ് ഓരോ മന്ത്രിയും രാജിവെച്ചത് എന്നതാണ് പിണറായി സര്‍ക്കാറിന്റെ ശനിദശ
2016 മെയ് 25ാം തീയ്യതിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതിന് ശേഷം കൃത്യമായ ഇടവേളകളില്‍ തന്നെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. അധികാരത്തിലേറി ആറ് മാസം കഴിയുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്‍ രാജിവെച്ചപ്പോള്‍ ഇതിന് ശേഷം അഞ്ച് മാസം കഴിഞ്ഞ് പെണ്‍കെണിയില്‍ കുരുങ്ങി മന്ത്രി എ കെ ശശീന്ദ്രനും രാജിവെച്ചു. ഇതിന് ശേഷം എട്ട് മാസം പിന്നിടുമ്പോഴാണ് മൂന്നാമത്തെ മന്ത്രിയും രാജിവെക്കേണ്ടി വരുന്നത്.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നതോടെയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഇപ്പോള്‍ രാജിവെക്കേണ്ടി വന്നത്. കോടതിയെ സമീപിച്ചും പിടിച്ചു നില്‍ക്കാന്‍ പതിനെട്ട് അടവും പയറ്റിയെങ്കിലും ചാണ്ടിക്ക് തിരിച്ചടി തന്നെയായിരുന്നു ഫലം. എട്ട് മാസം മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ചാണ്ടിക്ക് സാധിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് തോമസ് ചാണ്ടി രാജി നീട്ടിക്കൊണ്ടു പോയത്.
കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലായിരുന്നു എല്‍ഡിഎഫ് നേതൃത്വം.
ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ എന്‍സിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എന്‍സിപി ദേശീയ നേതൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി.
ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടാണു തോമസ് ചാണ്ടിക്കെതിരെ ശക്തമായ ‘കുറ്റപത്ര’മായി മാറിയത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു.
ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ മന്ത്രിയ്ക്ക് ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നിട്ടും താന്‍ രാജി വെയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് തോമസ് ചാണ്ടി കൈക്കൊണ്ടത്. താന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും തോമസ് ചാണ്ടിയ്ക്ക് രാജിയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായി. ഇതോടെ രാജിയല്ലാതെ വേറെ വഴിയില്ലാതെയായി. അങ്ങിനെയാണ് മനസില്ലാ മനസോടെ കുവൈറ്റ് ചാണ്ടി എന്ന് പേരുള്ള തോമസ് ചാണ്ടി രാജിയ്ക്ക് തയ്യാറായത്.
തുടര്‍ച്ചയായ മൂന്ന് മന്ത്രിമാരുടെ രാജി പിണറായി സര്‍ക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാറിന് വേഗം പോരെന്ന വിമര്‍ശനങ്ങള്‍ ഒരു വശത്ത് ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്തു തന്നെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നീങ്ങുമോ എന്നും കാത്തിരിക്കേണ്ടതുണ്ട്.
Post Your Comments