തിരുവല്ല: ഓട്ടോറിക്ഷയില്‍ യാത്രക്കാരന് മറന്നുവെച്ച ലക്ഷങ്ങളുടെ മുതലടങ്ങിയ ബാഗ്, വീടുതേടിപ്പിടിച്ച് ഡ്രൈവര്‍ തിരികെ നല്കി. കാരയ്ക്കല്‍ മണപ്പറമ്പില്‍ എം.ജെ.വിജേഷ് (32) ആണ് മാതൃകയായത്.
മാന്നാര്‍ കുരട്ടിക്കാട് അഞ്ജുഭവനില് കെ.ഗോപാലകൃഷ്ണന്റെ ട്രോളിബാഗാണ് ഓട്ടോറിക്ഷയില്‍ മറന്നത്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തീവണ്ടിയിറങ്ങിയ ഗോപാലകൃഷ്ണനും കുടുംബവും വിജേഷിന്റെ ഓട്ടോയിലാണ് വീട്ടിലേക്കു മടങ്ങിയത്. 220 രൂപ കൂലി പറഞ്ഞുറപ്പിച്ചായിരുന്നു യാത്ര. വീട്ടിലെത്തിയപ്പോള്‍ 250 രൂപ നല്കി. രണ്ടുതവണ കൈകാണിച്ച് യാത്രികര്‍ വീട്ടിലേക്ക് കയറിപ്പോയെന്ന് വിജേഷ് ഓര്‍മിക്കുന്നു. തുടര്‍ന്ന് തിരികെ സ്റ്റേഷനിലെത്തിയ വിജേഷ് തോട്ടഭാഗത്തേക്ക് ഓട്ടംപോയി. ഇവിടെ യാത്രികര്‍ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് സീറ്റിനുപിന്നില്‍ ബാഗ് ഇരിക്കുന്നതു കണ്ടത്. മാന്നാറിലേക്കുള്ള യാത്രികരുടെ ബാഗാണിതെന്ന് ഉറപ്പിച്ചു.
രാത്രി ഓട്ടംപോയതിനാല് വീട് കൃത്യമായി ഓര്‍മിച്ചിരുന്നില്ല. യാത്രക്കിടെ നടന്ന സംഭാഷണങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തി വീടു കണ്ടെത്തി. ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും പണവുമായിരുന്നു ബാഗില്‍. തുറന്നുനോക്കുവാന്പോലും ശ്രമിക്കാതെയാണ് ഉടമയെ തേടിപ്പിടിച്ചത്. സമ്മാനങ്ങള്‍ നല്‍കിയാണ് വിജേഷിനെ ഗോപാലകൃഷ്ണന്റെ കുടുംബം മടക്കി അയച്ചത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിജേഷിനെ ഫോണില്‍വിളിച്ച് അഭിനന്ദിച്ചു.
Post Your Comments