കൊച്ചി: രാജ്യത്തെ 10 റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കും. കേന്ദ്ര സർക്കാർ ഇതിനുള്ള സമയപരിധി 2020 ആയി നിശ്ചയിച്ചു. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ബിൽഡിങ് കൺസ്ട്രക്‌ഷൻ കോർപറേഷനുമായി (എൻബിസിസി) ഒപ്പിട്ട കരാറിന്റെ തുടർച്ചയായാണു നടപടി.
എറണാകുളം, ഡൽഹി സരായ് രോഹില, ലക്നൗ, ഗോമതി നഗർ, കോട്ട, തിരുപ്പതി, നെല്ലൂർ, പുതുച്ചേരി, മഡ്ഗാവ്, താനെ എന്നിവയാണ് പദ്ധതിയിലുള്ള സ്റ്റേഷനുകൾ. നിർമാണ ജോലി ഡിസംബർ അവസാനത്തോടെയോ അടുത്ത വർഷമാദ്യമോ ആരംഭിക്കും. എൻബിസിസി രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണു ലക്ഷ്യമിടുന്നത്.
കേരളത്തിൽനിന്നു കോഴിക്കോട് സ്റ്റേഷനാണ് റെയിൽവേ സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലുയർത്താനുള്ള പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷൻ വികസനം സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ചു നടപ്പാക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല. അതേസമയം മറ്റിടങ്ങളിലേക്കു കേന്ദ്ര ഏജൻസിയായ എൻബിസിസി നടപ്പാക്കുന്ന സ്റ്റേഷൻ വികസന മാതൃകയാകും വ്യാപിപ്പിക്കുക.
10 സ്റ്റേഷനുകൾ 5000 കോടി രൂപ മുതൽ മുടക്കിലാണു ഏജൻസി വികസിപ്പിക്കുക. ആധുനിക പ്ലാറ്റ്ഫോമുകൾ, ലോഞ്ചുകൾ, ടിക്കറ്റ് കൗണ്ടറുകൾ, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്കു കയറാനും പ്രത്യേക വഴികൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണു ഒരുക്കുക. സ്റ്റേഷൻ പരിസരങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വാണിജ്യാവശങ്ങൾക്കു ഉപയോഗപ്പെടുത്തിയാകും വികസനത്തിനു പണം കണ്ടെത്തുക.
Post Your Comments