തിരുവനന്തപുരം•ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയും ബജറ്റ് എയര്‍ലൈനുമായ ഇന്‍ഡിഗോയ്ക്കിത് കഷ്ടകാലം. യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തതും ജീവനക്കാരുടെ പിഴവ് മൂലം വിമാനത്തില്‍ യാത്രക്കാരി വീണതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നെലെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.
പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്റെ ലാപ്ടോപ്പില്‍ നിന്ന് പുക വന്നതാണ് വിമാനത്തിലെ യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ഇന്‍ഡിഗോ 6E-445 (രജിസ്ട്രേഷന്‍-VT-IGV) വിമാനത്തിലാണ് സംഭവം. കഴിഞ്ഞ നവംബര്‍ 11 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
സീറ്റ് നമ്പര്‍ 24RH ന് മുകളിലെ റാക്കില്‍ നിന്നാണ് പുക വന്നത്. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വച്ചിരിക്കുന്ന ഹാന്‍ഡ് ബാഗേജിനുള്ളിലെ കറുത്ത ലാപ്ടോപ്പില്‍ നിന്നാണ് തീയുണ്ടായതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍ പൈലറ്റിനെ വിവരമറിയിച്ചു.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ 24RH സീറ്റിലെയും അടുത്ത സീറ്റുകളിലെ യാത്രക്കാരെയും മാറ്റിയിരുത്തുകയും ചെയ്തു.
അഗ്നിശമന ഉപകരണം ഉപയോഗിച്ച് ലാപ്ടോപ്പിലെ തീകെടുത്തിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പിന്നീട് വിമാനം ബംഗളൂരുവില്‍ സാധാരണപോലെ ഇറങ്ങി. സംഭവം ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പറഞ്ഞു.
Post Your Comments