ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ തുടങ്ങിയ കലാപത്തില്‍ ഒരു ഹിന്ദുഗ്രാമം ചുട്ടെരിച്ചു. 20,000 -ത്തോളം മുസ്ലീങ്ങൾ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ റാംഗ്പൂരിലെ ഹര്‍ക്കോളി തകുര്‍പ്പരയില്‍ ഇന്നലെയുണ്ടായ സംഭവത്തില്‍ ഹിന്ദുക്കളുടെ 30 ലധികം വീടുകളാണ് അക്രമികള്‍ കത്തിച്ചു കളഞ്ഞത്.
സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 5 ന് ടിറ്റു ചന്ദ്ര റോയ് എന്നയാള്‍ നടത്തിയ പോസ്റ്റിന്റെ പേരിലായിരുന്നു കലാപമുണ്ടായത്. അടുത്ത ഗ്രാമത്തിലെ ഒരു വ്യാപാരിയായ അലാംഗിര്‍ ഹുസൈന്‍ എന്നയാള്‍ ഇതിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ അന്നു തന്നെ ഇരുപത്തഞ്ചോളം ആള്‍ക്കാര്‍ വരുന്ന സംഘം ലാല്‍ചന്ദര്‍പൂരിലെത്തി ഈ പോസ്റ്റിന്റെ കാര്യം ചര്‍ച്ച ചെയ്യുകയും നവംബര്‍ 10 ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഇന്നലെ ഷായേലാ ഷാ ബസാറിലെ ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് വരുന്ന ഗ്രാമീണര്‍ ഒത്തുകൂടുകയും വിഷയം വന്‍ വിവാദമാക്കി മാറ്റിയ ശേഷം റോഡ് തടയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് ഹോര്‍കോലി താകൂര്‍പുരയില്‍ വടിയും പന്തവുമൊക്കെയായി എത്തുകയും പോസ്റ്റിട്ട ആളിന്റെ വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. കൂടാതെ 20 ലധികം വീട്ടിൽ കൊള്ള നടത്തി നശിപ്പിക്കുകയും ഈ വീടുകൾക്ക് തീയിടുകയും ചെയ്തു.
അക്രമം രൂക്ഷമായതോടെ പോലീസ് ഇടപെടല്‍ ഉണ്ടാകുകയും അത് പിന്നീട് കലാപമായി മാറുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലും ഫേസ്ബുക്കില്‍ ഇസ്ളാമിക വിരുദ്ധത പോസ്റ്റിന്റെ പേരില്‍ ബംഗ്ളാദേശില്‍ കലാപം പൊട്ടിപ്പുറപ്പെടിരുന്നു. മതഭ്രാന്തന്മാര്‍ ബ്രഹ്മന്‍ബരിയയിലെ നസീര്‍നഗറില്‍ 100 ഹിന്ദു വീടുകള്‍ക്കാണ് അന്ന് തീവെച്ചത്.
ബുദ്ധമതക്കാരനായ രസ്രാജ് ദാസ് എന്നയാള്‍ ഇസ്ളാമികതയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. ഇസ്ളാമിക വിരുദ്ധത പ്രചരിപ്പിച്ചത് ഇയാളല്ല എന്ന് പിന്നീട് തെളിയുകയായിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ ഇതാദ്യമല്ല അക്രമം ഉണ്ടാവുന്നത്. സമാന സംഭവം ബംഗാളിലും ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ഇത് മൂടിവെക്കാൻ ശ്രമിച്ചു എന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.
Post Your Comments