ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ബന്ധു ജയ ടിവി എംഡി വിവേക് ജയരാമന്റെ പേരിലുള്ള 100 ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ശശികലയുടെ ഉടമസ്ഥതയിലുള്ള 188 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
ശശികലയുമായി അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന നാലാം ദിവസവും തുടരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ ആറു കോടി രൂപയും 8.5 കിലോഗ്രാം സ്വർണവും 1200 കോടി രൂപയുടെ നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിരുന്നു.
ഇന്നലെ ചെന്നൈ, ബംഗളുരൂ, ഹൈദരാബാദ് എന്നിവിടങ്ങൾക്കുപുറമേ തമിഴ്നാട്ടിലെ ഒട്ടേറെ കേന്ദ്രങ്ങളിൽ പരിശോധന നടന്നു. കടലൂരിൽ ശശികലയ്ക്ക് ഉപദേശം നൽകുന്ന ഒരു ജ്യോതിഷിയുടേതുൾപ്പെടെ രണ്ടുവീടുകളിൽ പത്തംഗ അന്വേഷണസംഘം മണിക്കൂറുകളോളം പരിശോധന നടത്തി. ഒരു ജ്വല്ലറിയിലെ രേഖകളും വിശദമായി പരിശോധിച്ചു.
കഴിഞ്ഞദിവസം ചെന്നൈയിൽ ജയ ടിവി ഓഫീസിലും ശശികലയുടെ ബന്ധു ടി.ടി.വി. ദിനകരന്റെ ഫാം ഹൗസിലും പരിശോധന നടത്തിയിരുന്നു. ധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Post Your Comments