റിയാദ്: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ടുപോകവെ, സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് സൗദി അറേബ്യയിലെ കോടീശ്വരന്മാര്‍. മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുള്‍പ്പെടെ ഇതിനകം 208 പേരാണ് അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്. 800 ബില്യണ്‍ ഡോളറിലേറെ വരുന്ന സ്വത്തുക്കള്‍ ഇതിനകം കണ്ടുകെട്ടുകയും ചെയ്തു. ഇതോടെയാണ് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമം ഊര്‍ജിതമായത്.
സൗദിയിലെ പല ധനാഢ്യകുടുംബങ്ങളും വിദേശത്തുള്ള ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സ്വത്തുക്കള്‍ സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചണ് ചര്‍ച്ച. അഴിമതി വിരുദ്ധ യത്‌നത്തിനിടെ സ്വന്തം സ്വത്തുക്കളും ആസ്തികളും നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലാണ് പലരും.
കഴിഞ്ഞ പല ദശകങ്ങളായി അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ശതകോടികള്‍ സ്വന്തമാക്കിയ 208-ഓളം പേരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് സൗദി അറ്റോര്‍ണി ജനറല്‍ തന്നെയാണ് വ്യക്തമാക്കിയത്. ഇവരുടേതായുണ്ടായിരുന്ന 1700-ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതായി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മൊജെബ് വ്യക്തമാക്കി. ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചവരില്‍ ഏഴുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. 201 പേര്‍ ഇപ്പോഴും തടവിലാണ്.
രാജകുടുംബത്തില്‍പ്പെട്ടവര്‍, മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍പ്പെടുന്നു.
പേഴ്‌സണല്‍ ബാങ്ക് അക്കൗണ്ടുകളുള്‍പ്പെടെ മരവിപ്പിച്ചിട്ടുണ്ടെന്ന് സൗദ് അല്‍ മൊജേബ് പറഞ്ഞു. എന്നാല്‍, മരവിപ്പിച്ച മൊത്തം ബാങ്ക് അക്കൗണ്ടുകളിലായി എത്ര തുകയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരുടെയും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അവരുടെ സ്വകാര്യതയ്ക്ക് ഭരണകൂടം അങ്ങേയറ്റം വില കല്‍പിക്കുന്നതുകൊണ്ടാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments