പെരുമ്പാവൂര്‍: സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറെ വിവാദം ഉണ്ടാക്കിയ സംഭവങ്ങളായിരുന്നു ജിഷയുടെ മരണവും അതുമായി ബന്ധപ്പെട്ട അമ്മ രാജേശ്വരിയുടെ വിവാദ പ്രസ്ഥാവനകളും. ജിഷയുടെ മരണത്തെ തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് അമ്മ രാജേശ്വരിക്കായിരുന്നു.
അതേസമയം ജിഷയുടെ അച്ഛന്‍ പാപ്പുവിന് ഭക്ഷണത്തിനും മരുന്നിനും വകയില്ലായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടിയാണ് ജിഷയുടെ പിതാവ് ഇന്നലെ മരണപ്പെട്ടത്. വീടിന് സമീപത്തെ റോഡില്‍ വീണാണ് പാപ്പു മരിച്ചത്. ഭക്ഷണം വെച്ചു നല്‍കാനോ മറ്റ് സഹായങ്ങളോ ഒന്നുമില്ലാതെയായായിരുന്നു പാപ്പുവിന്റെ അന്ത്യം സംഭവിച്ചത്. പാപ്പുവിന്റെ കൈയില്‍ പണമൊന്നും ഇല്ലെന്നാണ് നാട്ടുകാരും കരുതിയിരുന്നത്.
എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു.
കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452000 രൂപ.
ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങിനെ എന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാരായ നാട്ടുകാര്‍ക്കും ഇനിയും ഒരെത്തും പിടിയുമില്ല.
ഇന്നലെ ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡില്‍ പാപ്പുവിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ഷട്ടിന്റെ പോക്കറ്റില്‍ നിന്നും മൂവായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തു.കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത എസ് ബി ഐ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പരിശോധിച്ചപ്പോള്‍ പാപ്പുവിന്റെ അക്കൗണ്ടില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.
ഇതേക്കുറിച്ച് പൊലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളോട് പ്രാഥമീക വിവരശേഖരണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.
അവശനായ തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ ആനൂകുല്യം ലഭിച്ച വിവരം പാപ്പു എല്ലാവരില്‍ നിന്നും മറച്ച് വയ്ക്കുകയായിരുന്നിരിക്കാം എന്നാണ് ഇപ്പോള്‍ പരക്കെ ഉയരുന്ന സംശയം.
Post Your Comments