മാർക്സിസ്റ്റ് പാർട്ടിക്ക് അവസാനം കാര്യങ്ങൾ വിഷമവൃത്തത്തിൽ. കണ്ണൂരിൽ അവർ കൊട്ടിഘോഷിച്ചുകൊണ്ട് നേതൃത്വത്തിലേക്ക് എതിരേറ്റ ഒകെ വാസു മാഷിന്റെ മകൻ അടക്കമുള്ളവർ ബിജെപിയിൽ എത്തിച്ചേരുന്നു….. പിന്നാലെ ഇതായിപ്പോൾ തോമസ് ചാണ്ടിയെ ചുമന്നത് നാണക്കേടായി എന്ന് അവർക്ക് തിരിച്ചറിയാനായിരിക്കുന്നു. തെറ്റുകൾ തിരുത്താനാണോ സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം…? എങ്കിൽ അവർ ഒരു കാര്യം കൂടി ചെയ്യണം; ഗുരുവായൂരിൽ കഴിഞ്ഞദിവസം ഏറ്റെടുത്ത ശ്രീ പാർത്ഥസാരഥി ക്ഷേത്രം തിരിച്ചേല്പിക്കണം. സാധാരണ പറയാറുള്ളത് പോലെ രാഷ്ട്രീയത്തിൽ വേണ്ടത് പൊതുവികാരം അളക്കാൻ, അറിയാൻ കഴിയലാണ് . അവിടെ പരാജയപ്പെടുന്നിടത്ത് രാഷ്ട്രീയക്കാർ ഒറ്റപ്പെടും പരാജയപ്പെടും. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് എന്നും പറ്റുന്നത് ഈ പരാജയമാണ്….. അപ്പോഴും കോൺഗ്രസ് ബാന്ധവത്തിന്റെ ഒക്കെ കാര്യത്തിൽ കേരളത്തിലെ സഖാക്കൾക്ക് ചിലപ്പോഴൊക്കെ ബോധോദയമുണ്ടാവാറുണ്ട്. ഇവിടെ അവരും പിഴക്കുന്നതാണ് കണ്ടത്…..
തോമസ് ചാണ്ടിയുടേത് ചെറിയ വിഷയമല്ല. ഏതൊരു പൊട്ടക്കണ്ണനും അവിടെനടന്ന നഗ്നമായ നിയമലംഘനങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. അക്കാര്യത്തിൽ വെച്ചുതാമസിപ്പിച്ചത് സിപിഎമ്മാണ് എന്നതും സംശയമില്ല. ഇപി ജയരാജന്റെയുന്നോ എകെ ശശീന്ദ്രന്റെയോ ഒക്കെ കാര്യത്തിൽ കാണിച്ച ശ്രദ്ധ പിണറായി വിജയനും സിപിഎമ്മും ഇക്കാര്യത്തിൽ കാണിച്ചില്ല അല്ലെങ്കിൽ അവർക്ക് എന്തുകൊണ്ടൊക്കെയോ കാണിച്ചില്ല. അത് സിപിഎമ്മിനെ കുറച്ചൊന്നുമല്ല വേട്ടയാടിയത്. സിപിഐ നേതാക്കളും അവരുടെ റവന്യു മന്ത്രിയും സ്വീകരിച്ച നിലപാടുകൾ പരസ്യമായി ചർച്ചചെയ്യപ്പെട്ടപ്പോൾ തുറന്നുകാട്ടപ്പെട്ടത് സിപിഎമ്മാണ്. ഇന്നിപ്പോൾ ആ എൻസിപി മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമ്പോഴും പഴയകാലത്തെ ചീത്തപ്പേരു് മായ്ചുകളയാൻ സമയമേറെയെടുക്കും. കേരളത്തിലെ ഒരു പ്രമുഖ ചാനൽ തുടങ്ങിവെച്ചതും മുന്നോട്ടുകൊണ്ടുപോയതുമായ നിയമലംഘന വാർത്താ സംപ്രേഷണം കേരള മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നുവല്ലോ. അത്തരമൊരു ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സിപിഎമ്മിനുമായില്ല. അത് സ്വാഭാവികമാണ്……. ഇന്ന് അവർ എന്സിപിക്ക് നൽകിയ ഉപദേശം ഒരു മാസം മുൻപാവാമായിരുന്നുവല്ലോ. കൊടിയേരിയുടെയും കാനത്തിന്റെയും യാത്രകൾക്ക് മുന്പായിരുന്നുവെങ്കിൽ എന്തുമാത്രം അവർക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുമായിരുന്നു……… …….. സിപിഎമ്മിൽ ബുദ്ധിയുള്ളവർ കുറവായിത്തുടങ്ങി എന്ന് പറയുന്നത് ശരിവെക്കുന്നതാണ് ഈ തീരുമാനങ്ങൾ.
മേൽ സൂചിപ്പിച്ചതിന് സമാനമാണ് ഗുരുവായൂരിലെ പാർത്ഥസാരഥി ക്ഷേത്രം ബലംപ്രയോഗിച്ച് ഏറ്റെടുത്ത സംഭവം. അത് ഏതോ ആർഎസ്എസ് വക ക്ഷേത്രമാണ് എന്നമട്ടിലാണ് സർക്കാരും പോലീസും മലബാർ ദേവസ്വം ബോർഡും നീങ്ങിയത്. ശരിയാണ്, മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വരുമാനം കുറവാണു് ….. നിത്യനിദാനത്തിന് വകയില്ലാത്തവയാണ് പലതും. ദേവസ്വം ബോർഡിന്റെയും നേതാക്കളുടെയും ചിലവ് വഹിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. അങ്ങിനെയാവണം വരുമാനമുള്ള ഒരു ക്ഷേത്രം കൈപ്പിടിയിലാക്കാൻ ശ്രമമാരംഭിച്ചത്. അപ്പോഴാണ് ക്ഷേത്രത്തിലെ ജീവനക്കാരായ ചില സഖാക്കൾ പരാതിയുമായി എത്തുന്നതും അത് പ്രയോജനപ്പെടുത്തി ക്ഷേത്രം കൈക്കലാക്കാൻ ശ്രമിച്ചതും. ഇരുട്ടിന്റെ മറവിൽ പാര്ഥസാരഥിയെ പിടിച്ചടക്കിയ ഒകെ വാസുമാഷിന് പക്ഷെ സ്വന്തം മകനെ കൂടെ നിർത്താൻ കഴിയാതെ വന്നിരിക്കുന്നു. അത് വേണമെങ്കിൽ വ്യക്തിപരമായ് കാര്യം എന്ന് പറഞ്ഞു തള്ളാം … എന്നാൽ കണ്ണൂരിൽ അതിനുള്ള രാഷ്ട്രീയ പ്രാധാന്യം ചെറുതല്ല. കുമ്മനം നടത്തിയ ജനരക്ഷാ മാർച്ച് കഴിയുമ്പോൾ വാസുമാഷിന്റെ കുടുംബത്തിനുള്ളിൽ ബിജെപിയുടെ കൊടി വീണ്ടുമുയർത്താൻ ബിജെപിക്കായി എന്നത് രാഷ്ട്രീയമായി പ്രധാനമാണല്ലോ. സിപിഎമ്മിന് അത് തിരിച്ചടിയാണ് എന്നത് പറയേണ്ടതുമില്ല.
ഗുരുവായൂരിലെ ഒരു ക്ഷേത്രം എന്നത് മാത്രമല്ല പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പ്രാധാന്യം. ആദി ശങ്കരാചാര്യർക്ക് ഗംഗ നദിയിൽ നിന്ന് കിട്ടിയതാണ് ആ വിഗ്രഹം. നാരദ മുനി നിർദ്ദേശിച്ചതനുസരിച്ചാണ് അത് ഗുരുവായൂരിൽ പ്രതിഷ്ഠിച്ചത്. നടുവിൽ മഠം സ്വാമിയാരും മല്ലിശേരിയും മറ്റുമാണ് അത് നോക്കിനടത്തിയിരുന്നത്. പഴയകാലത്ത് ഇന്നത്തെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തേക്കാൾ പ്രാധാന്യമുള്ളതായിരുന്നുവത്രെ പാർത്ഥസാരഥി ക്ഷേത്രം. ദര്ശനത്തിനെത്തുന്നവരുടെ എണ്ണത്തിലും സമ്പത്തിന്റെ കാര്യത്തിലുമെല്ലാം. അതുകൊണ്ടുതന്നെയാണ് ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ആ ക്ഷേത്രം തകർക്കപ്പെട്ടത്, കൊള്ളയടിക്കപ്പെട്ടത്. ആ പടയോട്ടക്കാലത്ത് പാർത്ഥസാരഥി വിഗ്രഹത്തിനും കേടുപാടുകൾ സംഭവിച്ചു. ആ ക്ഷേത്രത്തെ നവീകരിക്കാനും പുനർ നിർമ്മിക്കാനും യത്നിച്ചത് ആഞ്ഞം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്….1990 -കളിൽ. അതിനുമുൻപ് കാട് പിടിച്ചുകിടന്നിരുന്ന ആ ക്ഷേത്ര വളപ്പ് വൃത്തിയാക്കിയതും അവിടെ നിത്യേന ഒരു നിലവിളക്കെങ്കിലും കൊളുത്തിയതും ഗുരുവായൂരിലെ ആർഎസ്എസ് പ്രവർത്തകരാണ്. ഈയിടെ അന്തരിച്ച ഗുരുവായൂരിലെ ആദ്യ കാല സ്വയംസേവകനായ ബാലകൃഷ്ണനും (ബാലേട്ടൻ) മറ്റുമാണ് അതിനായി ശ്രമമാരംഭിച്ചത്. മല്ലിശേരിയെ കണ്ട് വിളക്കുവെക്കാനും വൃത്തിയാക്കാനുമൊക്കെ അനുമതി തേടിയത് സംഘ പ്രവർത്തകരാണ്. അവരാണ് ആഞ്ഞം മാധവൻ നമ്പൂതിരിയേയും അഡ്വ പിവി രാധാകൃഷ്ണ അയ്യരെയും ഒക്കെ ഇതിലേക്ക് എത്തിച്ചത്. അന്ന് പലരും ഓർക്കുന്നുണ്ടാവും ശ്രീലങ്കൻ റേഡിയോയിൽ ഈ ക്ഷേത്രനവീകരണത്തിന്റെ പതിവ് പരസ്യമുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ മലയാളികൾ ഏറെ ചെവികൊടുത്തിരുന്ന റേഡിയോയാണ് ശ്രീലങ്കൻ റേഡിയോ എന്നതുമോർക്കുക. അങ്ങിനെ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ശബ്ദത്തിലുള്ള പരസ്യം, ആ അഭ്യർഥന കേട്ട് ആയിരങ്ങളാണ് സഹായവുമായെത്തിയത്…. ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഹായമെത്തി. അങ്ങിനെ വർഷങ്ങളെടുത്ത് പുനര്നിര്മ്മിച്ചതാണ് ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ ഊരാളൻ മല്ലിശ്ശേരി നമ്പൂതിരി, പ്രമുഖ ജ്യോത്സ്യനായ പുതുശേരി വിഷ്ണു നമ്പൂതിരി, ചാവക്കാട്ടെ പ്രമുഖ അഭിഭാഷകനായ പിവി രാധാകൃഷ്ണയ്യർ, വാസ്തുവിദഗ്ദ്ധൻ തൃപ്പൂണിത്തുറ ഈശ്വര വാരിയർ തുടങ്ങിയവർ ആദ്യ സംഘാടകസമിതിയി ലുണ്ടായിരുന്നു.
പതുക്കെപ്പതുക്കെ റേഡിയോ പരസ്യമൊക്കെ കേട്ട് ഗുരുവായൂർ ദര്ശനത്തിനെത്തുന്ന ജനങ്ങൾ ആ ക്ഷേത്രവും സന്ദർശിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ഗുരുവായൂർ – തൃശൂർ റെയിൽവേ ലൈൻ നിലവിൽ വരുകയും ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ഈ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിതമാവുകയും ചെയ്തപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഗുരുവായൂരിൽ ഒരു റിങ് റോഡ് വന്നതോടെ ഇതിന്റെ പ്രാധാന്യം വർധിച്ചു …. തിരക്കേറി. ഇക്കാലത്തൊക്കെ അത് നടത്തിയത് മേൽസൂചിപ്പിച്ച ഒരുകമ്മിറ്റിയാണ്, ട്രസ്റ്റാണ്….. …….. ആദ്യമൊക്കെ അവിടെ നിത്യനിദാനത്തിന് ഏറെ വിഷമിച്ചിരുന്ന കാര്യം അടുത്തറിയാവുന്ന ഒരാളാണ്‌ഞാൻ. അതിന്മേലാണ് പിന്നീട് ഇടത് സർക്കാർ കൈവെച്ചത്. അതിനുകാരണം അവിടെ പൂജകളോ മറ്റ് കാര്യങ്ങളോ യഥാവിധി നടക്കാത്തതുകൊണ്ടല്ല. ഭരണ പ്രതിസന്ധി ഉണ്ടായിട്ടല്ല. ഭണ്ഡാരത്തിൽ വീഴുന്ന പണത്തെക്കുറിച്ചുള്ള ഒരൊറ്റ ചിന്ത കൊണ്ടുമാത്രം. അത് കേരളത്തിലെ ഹിന്ദുക്കളെ എത്രമാത്രം വേദനിപ്പിച്ചു എന്നത് സിപിഎം തിരിച്ചറിയുന്നില്ലെങ്കിൽ കഷ്ടമെന്നേ പറയേണ്ടു. യഥാർഥത്തിൽ പാർത്ഥസാരഥി ക്ഷേത്ര പ്രശ്നം ഹിന്ദുക്കൾക്കിടയിൽ സിപിഎമ്മിനെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്.
ഇവിടെ നാം കാണേണ്ടുന്ന ഒരു വിഷയം, കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎമ്മാണ് എന്നതാണ്. അതൊരു വസ്തുതയാണ്. ഇത്രയേറെ ഹിന്ദുക്കളുള്ള മറ്റൊരു പാർട്ടി ഇവിടെയുള്ളത് ബിജെപിയാണ്. അതിലുള്ളതിനേക്കാൾ കൂടുതൽ ഹിന്ദുക്കൾ സിപിഎമ്മിലുണ്ടുതാനും. എന്നാൽ അവർ ചലിച്ചിരുന്നത് എന്നും ഹിന്ദു വിരുദ്ധ പാതയിലൂടെയും. അതാണ് ഗുണകരം എന്ന് ഒരുകാലത്ത് അവർ വിലയിരുത്തി. പിൽക്കാലത്ത് അല്ലെങ്കിൽ ഈയിടെയായി സിപിഎമ്മിൽ ചില വ്യത്യസ്ത ചിന്തകൾ ഉയർന്നിരുന്നു. ഹിന്ദുത്വ കാർഡ് കളിയ്ക്കാൻ അവർ തയ്യാറായത് അതിന്റെ ഭാഗമായാണ് . ശ്രീകൃഷ്ണ ജയന്തി ആഘോഷം, ശോഭായാത്രകൾ, ഗണേശോത്സവം, യോഗ ………. അങ്ങിനെ പലതും സിപിഎമ്മിന്റെ അജണ്ടയായി വരുന്നത് നാം കണ്ടതല്ലേ. ഇതിനൊക്കെ പിന്നാലെയാണ് ശബരിമലയിലും ഗുരുവായൂരിലും ദർശനത്തിനും വഴിപാട് കഴിക്കാനും ഒക്കെ കടകംപള്ളിയും മറ്റും തയ്യാറായത് . കടകംപള്ളിയെ പാർട്ടി ശാസിച്ചു; അതിനുശേഷമുള്ള പിണറായി വിജയൻറെ ശബരിമല സന്ദർശനം ശ്രദ്ധിക്കുക . കേരളത്തിലങ്ങോളമുള്ള ക്ഷേത്രകമ്മിറ്റികളിൽ കയറിക്കൂടാനും സിപിഎം ഇതിനിടെ പദ്ധതിയിട്ടു. ഒരർഥത്തിൽ അത്രയും കാര്യങ്ങൾ അവർ ചെയ്താൽ നല്ലതാണ് . സംഘപ്രസ്ഥാനങ്ങൾ ചെയ്യേണ്ടുന്ന ജോലി ഏറ്റെടുക്കാൻ മറ്റുചിലർ കൂടി തയ്യാറായാൽ നല്ലതല്ലേ. ആർഎസ്എസിന്റെയും മറ്റും ഉത്തരവാദിത്വം കുറയുമല്ലോ. പക്ഷെ അത് നേരാം വണ്ണമാവണം; സത്യസന്ധമാവണം. കാശ് മാത്രം നോക്കിയാവുകയുമരുത്. അവിടെയാണ് പ്രശ്നം. ഹിന്ദു വോട്ട് ബാങ്കിൽ ലക്ഷ്യമിട്ടാണിത് സിപിഎമ്മിന്റെ പലനീക്കവും എന്ന് വ്യക്തം. ഒരർഥത്തിൽ നിലനിൽപ്പിന്റെ രാഷ്ട്രീയം. അങ്ങിനെയൊക്കെ സംഘ പരിവാറിന്റെ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാമെന്നോ മറ്റോ ചിന്തിച്ചിരിക്കാം. അതല്ലെങ്കിൽ കയ്യിലുള്ള ഹിന്ദു വോട്ട് ചോർന്ന് പോകാതിരിക്കാനുള്ള ശ്രമവുമാവാം. ആ പദ്ധതിയൊക്കെ നടക്കുമ്പോഴാണ് ഗുരുവായൂരിലെ പാര്ഥസാരഥിയുടെ ഭണ്ഡാരത്തിൽ കൈ വീഴുന്നത്. ആ ക്ഷേത്രം കയ്യടക്കാനായി വളഞ്ഞ വഴികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. അല്ലെങ്കിൽ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ പോലീസുകാർ കയറിവന്നതുപോലെ, ഇരുട്ടിന്റെ മറവിൽ പോലീസ് സഹായത്തോടെ വന്ന് ഒരു പുണ്യ ക്ഷേത്രം പിടിച്ചടക്കുമോ ?. ലജ്ജാകരമായ നടപടിയായിപ്പോയില്ലേ അത്. ഇത് സിപിഎമ്മിന് ഗുണകരമാവുമോ ….. സംശയമില്ല, കേരളത്തിലെ ഹിന്ദുസമൂഹത്തിൽ വലിയൊരു വിഭാഗം രാഷ്ട്രീയഭേദമന്യേ ഇതിനെ അപകടസൂചനയായി കാണുന്നു. ഇതിപ്പോൾ ഒരു സ്വകാര്യ ട്രസ്റ്റിന്റെ അധീനതയിലുള്ള ക്ഷേത്രമാണ് എങ്കിൽ നാളെ ആ നടപടി എവിടേക്കൊക്കെ നീണ്ടേക്കാം എന്ന് ഹിന്ദുക്കൾ വിലയിരുത്തുന്നു. തീർച്ചയായും ഇത് സർക്കാരിന് മാത്രമല്ല സിപിഎമ്മിന് കനത്ത ആഘാതമാണ് നൽകുക, വരും നാളുകളിൽ.
ഇവിടെ നാം കാണാതെ പൊയ്ക്കൂടാത്ത മറ്റൊന്നുണ്ട്. പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടിക്ക് പിന്നാലെ ഹിന്ദു സമൂഹത്തിലുണ്ടായ ചിന്തയാണത്. ” നിങ്ങൾ ദേവസ്വം ബോർഡ് വക ക്ഷേത്രത്തിൽ പൊയ്ക്കൊള്ളൂ, തൊഴുതോളൂ, പ്രാർഥിച്ചോളു …. പക്ഷെ ഒരു നാണയം പോലും ഭണ്ഡാരത്തിൽ ഇടരുത് “. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമാവുന്നു. മുൻകാലങ്ങളിൽ ഹിന്ദുത്വ ശക്തികൾക്ക് ലഭിക്കാതിരുന്ന പിന്തുണ ഇവിടെ കാണുന്നു. മേജർ രവിയെപ്പോലുള്ളവർ പരസ്യമായി അഭിപ്രായം പറയുമ്പോൾ …… കുമ്മനവും ശശികല ടീച്ചറും ഹിന്ദു സന്യാസിമാരുമൊക്കെ ഉന്നയിക്കുന്നതിനേക്കാൾ വേഗതയിൽ, കൂടുതൽ ശക്തിയോടെ ആ മെസ്സേജ് ജനങ്ങളിലെത്തുന്നു. എനിക്ക് തോന്നുന്നത്, അതിന്റെ ഫലം വിചാരിച്ചതിനേക്കാൾ അധികമാവും എന്നാണ് ; പ്രവചനാതീതം എന്നുതന്നെ പറയാമെന്ന് തോന്നുന്നു. അത് ദേവസ്വം ബോർഡുകളെ എങ്ങിനെ, എത്രമാത്രം, ബാധിക്കുമെന്ന് അറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്, അത്രമാത്രമാണ് എതിർപ്പ് എന്നത് പറയാതെ പോകാനാവില്ല. ശബരിമല സീസൺ തുടങ്ങാൻ പോകുന്നു. ഇതിന്റെ ആഘാതം അവിടെയുമുണ്ടായിക്കൂടായ്കയില്ല. ഭണ്ഡാരത്തിൽ പണമിടണോ വഴിപാട് കഴിക്കണോ…………… ഇതൊക്കെ അങ്ങിനെ തീരുമാനിക്കാൻ ഹിന്ദു സമൂഹത്തിലെ ഒരു ചെറിയ വിഭാഗം തയ്യാറായാൽ പോലും ശബരിമലയെ അത് ബാധിക്കും. ദേവസ്വം ബോർഡിൽ പിടിച്ചുനിൽക്കാൻ കുറെ പണമുള്ള ഒരു അമ്പലം കൈക്കലാക്കാൻ ശ്രമിച്ച് ഉള്ളതും കൂടി ഇല്ലാതാവുന്ന സ്ഥിതിയുണ്ടാക്കിയാലോ ?.
ഇത്തരത്തിലൊരു ചിന്ത ഹിന്ദു സമൂഹത്തിൽ ഉയർന്നുവന്നത് സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാട് കൊണ്ടാണ് എന്നതും സ്മരിക്കേണ്ടതുണ്ട്. ഇവിടെയാണ് സിപിഎം അതിന്റെ നിലപാടിൽ മാറ്റം വരുത്തേണ്ടത്. തിരഞ്ഞെടുപ്പിൽ ജയിച്ചു, അധികാരത്തിലേറി……. ഭരിക്കാനുള്ള അധികാരവുമുണ്ട്. കേരളത്തിൽ രാഷ്ട്രീയ ഭരണകൂടങ്ങളാണ് ദേവസ്വം ബോർഡിൽ ആരാണ് വേണ്ടതെന്നത് നിശ്ചയിക്കുന്നത് എന്നതൊക്കെ ശരി. പക്ഷെ അവിടെ അവർ പുലർത്തേണ്ടുന്ന സാമാന്യ മര്യാദയുണ്ട്. ഹിന്ദു സമൂഹത്തിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുന്നില്ല, ഹിന്ദു സമൂഹത്തിന്റെ വികാരം പിച്ചിച്ചീന്തപ്പെടുന്നില്ല എന്നത് ഉറപ്പാക്കലാണ് അവർ ചെയ്യേണ്ടത് . അതാണ് ഇവിടെ നടക്കാതെ പോകുന്നത്. വിശ്വാസികൾ ഓരോന്ന് ചിന്തിക്കുന്നത് കാണാം, പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളിൽ . ഇന്നിപ്പോൾ ഒകെ വാസു മാഷുടെ മകൻ ബിജെപിയിൽ തിരിച്ചെത്തിയതും പാർത്ഥസാരഥി ക്ഷേത്ര ധ്വംസനവുമൊക്കെ കൂട്ടിവായിക്കപ്പെടുന്നത് അതുകൊണ്ടാണ്.
നാട്ടുകാർ ആവശ്യപ്പെട്ടിട്ടാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് എന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. മുൻപ് അങ്ങിനെയായിരുന്നുവെന്നും അവർ വാദിക്കുന്നു. ഏതെങ്കിലും നാട്ടുകാർ ആവശ്യപ്പെട്ടാൽ അല്ലെങ്കിൽ എന്തെങ്കിലും ഒരു തർക്കമുണ്ടായാൽ ആ ക്ഷേത്രങ്ങളൊക്കെ ഏറ്റെടുക്കാൻ സർക്കാരിന്, ദേവസ്വം ബോർഡിന് അധികാരമുണ്ട് എന്നാണോ സിപിഎം കരുതുന്നത് ? അതുപോലെ ആരെങ്കിലും ആ വശ്യപ്പെട്ടാൽ ഒരു പള്ളി ഒരു മോസ്‌ക്ക് ഇവർ ഏറ്റെടുക്കുമോ. കേരളത്തിലെ എത്രയോ ക്രിസ്ത്യൻ പള്ളികൾ മുസ്ലിം പള്ളികൾ ഇന്നിപ്പോൾ തർക്കത്തിലാണ്. അവിടെയൊക്കെ കയറിച്ചെന്നു ഭരണം പിടിക്കാൻ സർക്കാർ തയ്യാറാവുമോ. ഇല്ലല്ലോ. ഇവിടെ സംശയം ഉയരുന്നത് ഇരുട്ടിന്റെ മറവിൽ ഓപ്പറേഷൻ നടത്തുമ്പോഴാണ്. ക്ഷേത്രങ്ങളിൽ സർക്കാർ ചിലവിടുന്ന പണം കൂടുതലാണ് , അത് ക്ഷേത്രങ്ങളിലെ വരുമാനത്തിലും ഏറെയാണ് എന്നൊക്കെ ഇപ്പോൾ പറയുന്നതിൽ എന്താണ് കാര്യം….. ആരെങ്കിലും പറഞ്ഞോ ഇവരോട് കെട്ടിപ്പൊതിഞ്ഞുവെക്കാൻ. ക്ഷേത്ര നടത്തിപ്പിൽ വരവിനേക്കാൾ കൂടുതൽ ചിലവ് സർക്കാരിനുണ്ടെങ്കിൽ പിന്നെ എന്തിനാണ് നന്നായി നാട്ടുകാർ, ഭക്തർ നടത്തിവരുന്ന ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചടക്കുന്നത് .
ഗുരുവായൂരിൽ മുൻപൊരു ക്ഷേത്ര വിമോചനസമരം അരങ്ങേറിയിരുന്നു. പിപി മുകുന്ദനും കുമ്മനവും ഒന്നിച്ചായിരുന്നു അതിന്റെ മുൻപന്തിയിൽ. അതുപോലൊന്നിന് ഇപ്പോൾ സമയമായിരിക്കുന്നു. അത് ആരംഭിക്കേണ്ടത് ഗുരുവായൂരിൽ നിന്നുമാണ് എന്നതും ഓർക്കുക. യഥാർഥത്തിൽ സിപിഎം ഇന്നിപ്പോൾ ബിജെപിക്കും സംഘ പരിവാറിനും ഒരു വലിയ വിഷയം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്തത്. ജനങ്ങൾ ഇന്നിപ്പോൾ പ്രശ്നത്തിൽ സംഘ പ്രസ്ഥാനങ്ങൾക്കൊപ്പമാണ്. അതിപ്പോൾ വളരെ പ്രകടമാണ്. അത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ അവർക്ക് കഴിഞ്ഞാൽ…. തീർച്ചയായും ക്ഷേത്ര ഭരണവിഷയത്തിൽ അതൊരു നാഴികക്കല്ലാവും.
Post Your Comments