തൃശൂര്‍: മത സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മേജർ രവിക്കെതിരെ റൂറല്‍ എസ്.പിക്ക് പരാതി നൽകി. പൊതുജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153 എ, 505 (രണ്ട്) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ ഇന്‍ചാര്‍ജ് ചെയര്മാന് വി.ആര്. അനൂപ് ആണ് പരാതി നൽകിയത്.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍രവി അഭിപ്രായപ്രകടനം നടത്തിയത്. പ്രചരിക്കുന്ന ഓഡിയോ ക്ലിപ് മേജറിന്റെ തന്നെ എന്നും പരാതിയിൽ ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ മേജർ രവിക്ക് പൂർണ്ണ പിന്തുണയുമായി ഹൈന്ദവ സംഘടനകളും ബിജെപി അനുഭാവികളും കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ജീർണ്ണിച്ചു കിടന്ന അമ്പലം കഷ്ടപ്പെട്ട് പുനരുദ്ധാരണം നടത്തി ഇന്നത്തെ പ്രൗഢ സ്ഥിതിയിലായപ്പോൾ സ്വത്തുക്കളിൽ കണ്ണുവെച്ചാണ് സർക്കാർ ഏറ്റെടുത്തതെന്നാണ് ഭക്തരുടെ ആരോപണം.
മേജർ രവി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും സംസാരിച്ചതിന് മത സ്പർദ്ധ ഉണ്ടാക്കുന്ന യാതൊന്നുമില്ലെന്നും ഇവർ അവകാശപ്പെടുന്നു. മുൻപ് ശശികല ടീച്ചറിനെതിരെയും ഇതേ ആരോപണം ഉന്നയിച്ചു കേസ് നൽകിയിരുന്നെങ്കിലും വീഡിയോ പരിശോധനയിൽ ആരോപണം സത്യമല്ലെന്ന് തെളിഞ്ഞിരുന്നു.
Post Your Comments