Latest NewsCinemaMollywoodMovie SongsEntertainmentMovie Gossips

രാജേഷ് പിള്ളയും പഴംപൊരിയും ….!!

‘ട്രാഫിക്’ എന്നെ ചിത്രത്തിലൂടെ മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമയ്ക്ക് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നല്ലൊരു ഭക്ഷണപ്രിയനും കൂടിയായിരുന്നു രാജേഷ്. അമിതമായ ഭക്ഷണപ്രിയം തന്നെയാണ് ഒടുവില്‍ രാജേഷിന്റെ ജീവനെടുത്തതും..നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിന്‍ഡ്രോം (കരള്‍ രോഗം) ബാധിച്ചാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. ജംഗ് ഫുഡിന്റെയും കോളകളുടെയും അമിതമായ ഉപയോഗം കാരണമാണ് മാരകമായ ഈ രോഗം രാജേഷിനെ പിടികൂടിയത് എന്ന് കണ്ടെത്തുകയും ചെയ്തു. പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ കുറച്ചു ചിത്രങ്ങള്‍ സമ്മാനിച്ചാണ് രാജേഷ് യാത്രയായത്.

ആദ്യചിത്രമായ ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ പരാജയമായിരുന്നെങ്കിലും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ‘ട്രാഫിക്’ ചെയ്യുന്നത്. ബോബി-സഞ്ജയ്‌ ടീമിന്റെതായിരുന്നു തിരക്കഥ. ചെന്നൈയില്‍ നടന്ന ഒരു സംഭവമായിരുന്നു ചിത്രത്തിനാധാരമായത്. പിന്നീട് സംവിധാനം ചെയ്ത ‘മിലി’യും ‘വേട്ട’യും സാമ്പത്തികമായും കലാപരമായും ശ്രദ്ധിക്കപ്പെട്ടു. ‘ട്രാഫിക്കി’ന്റെ ഹിന്ദി പതിപ്പും രാജേഷാണ് സംവിധാനം ചെയ്തത്. വേട്ടയുടെ ചിത്രീകരണം നടക്കുന്നതിനിടെ കരള്‍ രോഗം ഗുരുതരമാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ‘വേട്ട’ റിലീസായ സമയത്താണ് രാജേഷ് മരിക്കുന്നത്.  മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷം വരെ സിനിമയില്‍ സജീവമായി ഉണ്ടായിരുന്ന രാജേഷ് നിരവധി ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

സുഹൃത്തുക്കള്‍ക്കും രാജേഷിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. എപ്പോള്‍ കാണാന്‍ പോയാലും കൃത്യസമയത്ത് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ട്രാഫിക്കിന്റെ ചിത്രീകരണം എറണാകുളത്ത്‌ നടക്കുന്ന സമയത്ത് അങ്ങിനെ രസകരമായ ഒരു സംഭവം ഉണ്ടായി..

നഗരത്തിലെ തിരക്കേറിയ ഒരു സിഗ്നലില്‍ ആയിരുന്നു ചിത്രീകരണം. പകല്‍ സമയങ്ങളില്‍ തിരക്കുള്ള സിഗ്നലുകളില്‍ ഷൂട്ടിങ്ങിന് അനുവദിക്കാറില്ല.
ട്രാഫിക് കോണ്‍സ്റ്റബിള്‍ ആയ സുദേവന്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രം മറ്റൊരാള്‍ക്ക് മാറ്റി വെയ്ക്കാനുള്ള ഹൃദയമടങ്ങിയ പെട്ടിയുമായി വാഹനത്തിൽ ഈ സിഗ്നലിലൂടെ കടന്നു പോകുന്നതാണ് ചിത്രീകരിക്കേണ്ടത്. വളരെ വേഗത്തില്‍ ചിത്രീകരണം കഴിയും എന്ന ഉറപ്പില്‍ പൊലീസ് കുറച്ചു സമയം അനുവദിച്ചു കൊടുക്കുകയും ചെയ്തു. രംഗങ്ങള്‍ മനോഹരമായി ഫ്രെയിമിലാക്കാന്‍ ക്യാമറാമാന്‍ ഷൈജു ഖാലിദ് റെഡി. ചിത്രീകരിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇനി സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാല്‍ മാത്രം മതി. അപ്പോഴാണ്‌ കൂടെയുണ്ടായിരുന്നവര്‍ ശ്രദ്ധിക്കുന്നത്. കുറച്ചു നേരം മുന്പ് വരെ അവിടെ ഉണ്ടായിരുന്ന രാജേഷിനെ കാണാനില്ല. സിഗ്നല്‍ ബ്ലോക്കായത് കാരണം നല്ല ട്രാഫിക്ക് ഉണ്ട്. പല യാത്രക്കാരും കാരണമറിയാതെ വാഹനങ്ങള്‍ ഹോണ്‍ അടിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്. എത്രയും പെട്ടന്ന് ഷൂട്ടിംഗ് തീര്‍ക്കാനുള്ള വെപ്രാളത്തിലാണ് ക്യാമറാമാനും സംഘവും.. അപ്പോഴാണ്‌ രാജേഷിന്റെ മുങ്ങല്‍..
ഒടുവില്‍ രാജേഷിനെ അന്വഷിച്ച് പോയവര്‍ ആ കാഴ്ച കണ്ട് തലയില്‍ കൈവച്ചു ചിരിച്ചുപോയി എന്നാണ് കേള്‍ക്കുന്നത്.. ഒരു ടെന്‍ഷനും ഇല്ലാതെ വളരെ കൂളായി പഴംപൊരി തിന്നുകൊണ്ട് നില്‍ക്കുന്ന രാജേഷിനെയാണ് കണ്ടതെത്രേ..!! ചായക്കൊപ്പം കിട്ടേണ്ട പഴം പൊരി പ്രൊഡക്ഷന്‍ ബോയി കൊണ്ടു കൊടുക്കാത്തതിനാല്‍ ആ സമയത്ത് അവനെ തിരക്കി പോയതായിരുന്നു രാജേഷ്.
അന്നത്തെ ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കി സിനിമാ സംഘം സന്തോഷത്തോടെ മടങ്ങുമ്പോള്‍ രാജേഷിന്റെ ഈ പഴംപൊരി സംഭവം വലിയ തമാശയായി മാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button