ഭുവനേശ്വര്‍•അസാധുവായ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ ഇപ്പോഴും പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിലേക്ക് ഒഴുകുകയാണ്. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ഇവ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി.
അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള അന്തിമ തീയതിയായ 2016 ഡിസംബര്‍ 31 ന് ശേഷം ഭക്തരില്‍ നിന്ന് ക്ഷേത്രത്തില്‍ ലഭിച്ചത് ഏകദേശം 17 ലക്ഷത്തോളം രൂപയുടെ നോട്ടുകളാണ്.
പഴയനോട്ടുകള്‍ മാറ്റിത്തരുന്നതിന് ധനകാര്യ മന്ത്രാലയവുമായി ആലോചിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് ക്ഷേത്രം അധികൃതര്‍ കത്തെഴുതിയിരുന്നു. എന്നാല്‍ തങ്ങളുടെ നിസഹായാവസ്ഥ അറിയിച്ച റിസര്‍വ് ബാങ്ക് നിയമം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന മറുപടിയാണ് നല്‍കിയത്. കുറച്ച് ദിവസം കൂടി കാത്തിരിക്കുമെന്നും പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കത്തിച്ചു കളയുമെന്നും ക്ഷേത്ര ഭരണാധികാരി പ്രദീപ് കുമാര്‍ ദാസ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യ ഭരണാധികാരിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ജനയുടേത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ തോതില്‍ പണം ക്ഷേത്രത്തില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു ദിവസും ഹുണ്ടി എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ദിവസവും 3,000 നും 5,000 നും ഇടയില്‍ അസാധുവായ നോട്ടുകള്‍ ലഭിക്കുന്നു. ഇവ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ ഓഫീസ് കെട്ടിടത്തില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
ക്ഷേത്ര ഭരണസമിതി നോട്ട് നിരോധിച്ച 2016 നവംബര്‍ 8 നും ഡിസംബര്‍ 31 നും ഇടയില്‍ ലഭിച്ച 7 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം അസാധു നോട്ടുകള്‍ ഹുണ്ടിയില്‍ നിക്ഷേപിക്കരുതെന്ന് ഭക്തന്മാരോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ആരാണ് ഇത് നിക്ഷേപിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് തടയുന്നത് ബുദ്ധിമുട്ടാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
അതേസമയം, തങ്ങള്‍ക്ക് ഇതുവരെ അസാധു നോട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പുരിയിലെ തന്നെ മറ്റൊരു ക്ഷേത്രമായ ലിംഗരാജ് ക്ഷേത്ര അധികൃതര്‍ പറയുന്നു.
പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയാണ് 12 ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന പൂരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഹുണ്ടിയില്‍ ലഭിക്കുന്നത്. ഇത് ഒരു ദേശസാല്‍കൃത ബാങ്ക് അധികൃതര്‍ എത്തി എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 3 ലക്ഷം രൂപയുടെ അസാധു നോട്ടുകളാണ് ഇവിടെ ലഭിച്ചത്.
Post Your Comments