Latest NewsNewsIndia

നവതിയുടെ നിറവില്‍ ലാൽ കൃഷ്ണ അദ്വാനി

1927 നവംബര്‍ എട്ടിന് ഇന്ന് പാകിസ്താന്റെ ഭാഗമായ കറാച്ചിയിലെ സിന്ധി പ്രവശ്യയിലായിരുന്നു അദ്വാനിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം 1942 മുതൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായി. തുടർന്ന് അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ ( പ്രചാരക് ) ആയി വിവിധ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തനം നടത്തി . 1947 ൽ വിഭജനത്തിനു ശേഷം ഭാരതത്തിലെത്തി രാജസ്ഥാനിൽ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു. 1960 ൽ ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1970 ൽ അദ്ദേഹം ഡൽഹിയിൽ നിന്നും രാജ്യ സഭാംഗമായി.

1972 ൽ വാജ്പേയിയുടെ പിൻഗാമിയായി അദ്വാനി ജനസംഘത്തിന്റെ അദ്ധ്യക്ഷനായി. വാജ്‌പേയി മന്ത്രിസഭയില്‍ ആഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്വാനി നടത്തിയ രഥ യാത്രകള്‍ ബിജെപിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യന്‍ പാര്‍ലിമെന്റ്റേറിയന്മാരില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരില്‍ പ്രധാനിയാണ് അദ്വാനി. 2002 മുതല്‍ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം നിലവില്‍ 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവാണ്. 1984 ൽ ലോക്സഭയിൽ ബിജെപിക്ക് രണ്ട് സീറ്റിന്‍റെ മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോൾ.

അന്ന് ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. പ്രചരണം മുന്നിൽ നിന്ന് നയിച്ചത് വാജ്പേയി ആയിരുന്നെങ്കിലും അതിന് ചുക്കാൻ പിടിച്ചത് അദ്വാനിയായിരുന്നു. 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കപ്പെട്ടു. വാജ് പേയി ആദ്യ പ്രസിഡന്റായപ്പോൾ അദ്വാനി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്ര പ്രസിദ്ധമായ രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് ഭാരതീയ ജനതാപാർട്ടി കടന്നുവന്നതും അക്കാലത്ത് തന്നെയായിരുന്നു.

ഗുജറാത്തിലെ സോമനാഥത്തിൽ നിന്നും രാമക്ഷേത്ര പുനർ നിർമാണത്തിനു വേണ്ടി അദ്വാനി ആരംഭിച്ച രഥയാത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി മാറി. 1999 ൽ ബി ജെ പി അടങ്ങുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അദ്വാനി ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. 2014 ലെ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്ന് നാല് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ആറാം തവണയാണ് അദ്ദേഹം ഗാന്ധി നഗറിൽ നിന്നും വിജയിക്കുന്നത്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്.

ജനതാ പാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം ഏവരാലും എഴുതിത്തള്ളപ്പെട്ട പാർട്ടിയെ വാജ്പേയിക്കൊപ്പം നിന്ന് പടുത്തുയർത്തിയതിനു പിന്നിൽ അദ്വാനിയുടെ ആദർശവും പ്രയത്നവുമുണ്ട് . ആ രാഷ്ട്രതന്ത്രജ്ഞതയ്ക്കുള്ള പ്രതിഫലമായിരുന്നു 2015 ൽ പദ്മവിഭൂഷൺ നൽകിയുള്ള രാജ്യത്തിന്‍റെ ആദരം. ഭാരതീയ ജനതാ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനു പിന്നിൽ എൽ കെ അദ്വാനിയുടെ അദ്ധ്വാനത്തിനു നിർണായക പങ്കുണ്ടെന്ന കാര്യം ആർക്കും വിസ്മരിക്കാനാവില്ല. നവതിയുടെ നിറവിലെത്തി നിൽക്കുമ്പോഴും കർമ്മ പഥത്തിൽ വിശ്രമമില്ലാത്ത ജന നേതാവിന് പിറന്നാൾ ആശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button