CinemaMovie SongsEntertainment

മൊബൈല്‍ നമ്പര്‍ ദുരുപയോഗം ചെയ്തു ; സൂപ്പര്‍ താരത്തിനെതിരെ ഓട്ടോഡ്രൈവര്‍ കോടതിയില്‍

സിനിമയില്‍ ചില അവസരങ്ങളില്‍ കഥാപാത്രങ്ങള്‍ പറയുന്ന ഫോണ്‍ നമ്പരുകള്‍ അവരുടേതായിരിക്കുമെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ സിനിമകളില്‍ ഡയലോഗുകള്‍ക്കിടയില്‍ പറയുന്ന നമ്പരുകളിലേക്ക് ആരാധകര്‍ വിളിക്കാന്‍ തുടങ്ങും. അങ്ങനെ ആരാധക ശല്യം കാരണം ഒരു ഓട്ടോ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍ നായകനായ ‘രാജ്‌നീതി’ എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പര്‍ തന്റേതാണെന്നും അന്നു മുതല്‍ ‘ആരാധകരുടെ’ നിര്‍ത്താതെയുള്ള കോളുകള്‍ കാരണം തന്റെ ജീവിതം ദുസ്സഹമായെന്നും കാണിച്ച് ഇജാജുല്‍ മിയ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഷാകിബ് ഖാന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രത്തിലെ ഒരു രംഗത്തില്‍ നായകന്‍ നായികയ്ക്ക് നല്‍കുന്ന ഫോണ്‍ നമ്പറാണ് പൊല്ലാപ്പായത്. തന്റെ കൈവശമുള്ള ഫോണിലേക്ക്, ചിത്രം പുറത്തിറങ്ങിയ ജൂലൈ മുതല്‍ വിളികളുടെ നിര്‍ത്താത്ത പ്രവാഹമാണെന്ന് ഇജാജുല്‍ മിയ പറയുന്നു. 500 കോളുകള്‍ വരെയാണ് ഓരോ ദിവസവും ലഭിക്കുന്നത്. വിളിക്കുന്നതില്‍ അധികവും ഷാകിബ് ഖാന്റെ ആരാധകരായ പെണ്‍കുട്ടികളും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

ശല്യം കൂടിയതോടെ പരാതിപ്പെടുകയല്ലാതെ വഴിയില്ലെന്ന് മിയ പറയുന്നു. ജോലിയുടെ ഭാഗമായി നമ്പര്‍ പലര്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ അത് മാറ്റാന്‍ കഴിയില്ലെന്നും മിയ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ ജനപ്രിയ നടനും സംവിധായകനുമായ ഷാക്കിബ് ഖാന്‍ വിവാദത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button