മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ‘ഐ.എന്‍.എസ്. വിശാലി’ല്‍ അമേരിക്കന്‍ നിര്‍മിത വൈദ്യുതകാന്തിക വിമാനവിക്ഷേപണ സംവിധാനം (ഇലക്ട്രോ മാഗ്നെറ്റിക് കാറ്റപുള്‍ട്ട്) ഉപയോഗിക്കുന്നു.ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയ അമേരിക്കന്‍ സംഘവുമായി ഇന്ത്യന്‍ നാവിക സേനയിലെ കപ്പല്‍നിര്‍മാണ വിദഗ്ധര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.
വിമാനവാഹിനി കപ്പല്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി ജോയന്റ് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ എയര്‍ക്രാഫ്റ്റ് കാരിയര്‍ ടെക്‌നോളജി എന്ന സമിതിക്ക് ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപംനല്‍കിയിരുന്നു. ഇതിലെ അമേരിക്കന്‍ അംഗങ്ങളാണ് മൂന്നുദിവസമായി ഇന്ത്യയിലുള്ളത്. ഗോവ, മസഗോണ്‍ഡോക്ക് എന്നീ കപ്പല്‍നിര്‍മാണ ശാലകളും റഷ്യന്‍നിര്‍മിത വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയും ഇവര്‍ സന്ദര്‍ശിച്ചു.
അതിനിടെ, ഐ.എന്‍.എസ്. വിശാല്‍ ആണവോര്‍ജം ഉപയോഗിച്ച് ഓടിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഇതിനായി പ്രത്യേകതരം ആണവ റിയാക്ടര്‍ രൂപകല്പന ചെയ്യണം. 65,000 ടണ്‍ കേവു ഭാരമുള്ള വിശാല്‍ ഓടിക്കാന്‍ 500-550 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറെങ്കിലും വേണം.ഇതു രൂപകല്പന ചെയ്‌തെടുക്കാന്‍ 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് നാവികസേനയെ ഭാഭാ റിസേര്‍ച്ച് സെന്റര്‍ അറിയിച്ചു.
Post Your Comments