അടിമാലി: മന്ത്രി എം.എം. മണിയുടെ സനകന്റെ (56) മരണവുമായി ബന്ധപ്പെട്ട് സനകനെ ഇടിച്ചെന്നു കരുതുന്ന കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പുതോട് സ്വദേശി യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.മന്ത്രി മണിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നാണ് അന്വേഷണം. അടിമാലി ടൗണില്‍നിന്നു കുത്തുപാറയില്‍ സനകന്‍ എങ്ങിനെ എത്തിയെന്നത് ദുരൂഹമാണ്. ഇതാണ് പോലീസ് അന്വേഷിക്കുന്നത്.
കൂടാതെ അവശനായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച സനകനു കാര്യമായ ചികിത്സ ലഭിച്ചില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മരണത്തിലെ ദുരൂഹതയെക്കുറിച്ചും ചികിത്സാ വീഴ്ചയെക്കുറിച്ചും ബന്ധുക്കള്‍ ശനിയാഴ്ച തൊടുപുഴയില്‍ പത്രസമ്മേളനം നടത്താനിരുന്നത് മന്ത്രി ഇടപെട്ടാണ് ഒഴിവാക്കിയത്.കഴിഞ്ഞമാസം ആറിനു രാത്രി ഒന്‍പതോടെ അടിമാലി എസ്‌എന്‍ഡിപി സ്കൂള്‍ ജംക്ഷനു സമീപം കാര്‍ സനകനെ തട്ടിയിരുന്നതായി ഊമക്കത്തില്‍ പറഞ്ഞിരുന്നു.
അന്നു ഡ്രൈവറെ ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. തുടർന്നാണ് വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത് .കഴിഞ്ഞ മാസം ഏഴിനു വെള്ളത്തൂവല്‍ കുത്തുപാറയില്‍ പാതയോരത്ത് അവശനിലയില്‍ കാണപ്പെട്ട സനകന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മകളുടെ വീട്ടില്‍പ്പോയി മടങ്ങിവരുന്ന വഴി സനകനും ഭാര്യ സുഭദ്രയും അടിമാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. ഹോട്ടലില്‍ നിന്നു കാണാതായ സനകനെ പിറ്റേ ദിവസം ഉച്ചയ്ക്ക് വെള്ളത്തൂവലിനു സമീപം കുത്തുപാറയില്‍ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments