കാളികാവ് : 24-ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികളുടെ മുന്നറിയിപ്പ്. നിലമ്പൂരിലെ വെടിവെപ്പിന്റെ വാര്‍ഷികദിനമായ 24 ന് വയനാട് മേഖലയായിരിക്കും തിരഞ്ഞെടുക്കുകയെന്നും സൂചനയുണ്ട്. വയനാടിനുപുറമേ നിലമ്പൂരും പാലക്കാടും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പാലക്കാട്, നിലമ്പൂര്‍ മേഖലയിലുള്ള മാവോവാദികള്‍കൂടി വയനാടന്‍ താഴ്വരകളിലേക്ക് മാറിത്താമസിച്ചതായും വിവരമുണ്ട്.
കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 24-നാണ് നിലമ്പൂരില്‍ പോലീസിന്റെ വെടിയേറ്റ് രണ്ട് മാവോവാദികള്‍ മരിച്ചത്. രക്തസാക്ഷിദിനം ആചരിക്കുന്നതിന് മുമ്പ് പോലീസിനോടുള്ള പ്രതികാരം തീര്‍ക്കുമെന്നാണ് മാവോവാദികളുടെ താക്കീത്. അട്ടപ്പാടി മേഖലയിലെ ശക്തനായ ഒളിപ്പോരാളി ചന്ദ്രു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. പോലീസിനെയാണ് മാവോവാദികള്‍ മുഖ്യ എതിരാളികളായി കാണുന്നത്.
ശക്തിമുഴുവന്‍ വയനാട് മേഖലയില്‍ കേന്ദ്രീകരിച്ച് മാവോവാദികള്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് നിഗമനം. വനമേഖലയില്‍നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ മാവോവാദികളെ പ്രതിരോധത്തിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോവാദികള്‍ക്കുമേല്‍ ആധിപത്യം നേടാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. തിരിച്ചടിക്കുകയെന്നത് അഭിമാനപ്രശ്‌നമായി മാവോവാദികള്‍ കാണുന്നതിനാല്‍ കരുതിയിരിക്കണമെന്നാണ് ഇന്റലിജന്‍സിന്റെ നിര്‍ദേശം.
Post Your Comments