
തിരുവനന്തപുരം: ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനത്തിനായുള്ള 128.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആൻഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് 300.17 കോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി എ.സി. മൊയ്തീന് അറിയിച്ചു. ആദ്യഘട്ട വികസനത്തിനായി 75 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.
ബയോടെക്നോളജി രംഗത്ത് നേട്ടങ്ങൾ ലക്ഷ്യമാക്കി ജീവശാസ്ത്രവും ജൈവ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള പഠന ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന ബഹുമുഖസംരംഭമാണ് ലൈഫ് സയന്‍സ് പാര്‍ക്കിലെ 200 ഏക്കറിലായി ഒരുങ്ങുന്നത്. അഞ്ഞൂറ് കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കാൻ ഇതിനോടകംതന്നെ സര്‍ക്കാര്‍ തീരുമാനം എടുത്തുകഴിഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിനായി പാര്‍ക്കില്‍ നീക്കിവച്ച 50 ഏക്കര്‍ ഭൂമിയില്‍ 78,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയമാണ് ഉദ്ദേശിക്കുന്നത്.ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്നോളജിയും - കെഎസ്ഐഡിസിയും ചേർന്ന് 180 കോടിയിൽ ’മെഡ്സ് പാര്‍ക്കിനും’ഉടൻ സാധ്യമാകും.പദ്ധതിക്ക് ആവശ്യമായ വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങള്‍ ഇതിനോടകം തന്നെ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. റോഡ്, ഡ്രയിനേജ് എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments