കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവിലെ ത്രിത്വം പാര്‍പ്പിട സമുച്ചയത്തിലെ ഫ്‌ളാറ്റ്, സമയപരിധി കഴിഞ്ഞും ഉടമയ്‌ക്ക് കൈമാറാത്തതിനും ബാങ്ക് വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് സര്‍ഫാസി നിയമപ്രകാരം നടപടി ആരംഭിക്കുകയും ചെയ്‌തതിന് ടാറ്റാ റിയല്‍റ്റിക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിനുമെതിരെ വിശ്വാസവഞ്ചനയ്‌ക്ക് പോലീസ് കേസെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ടാറ്റാ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ കൊച്ചി പ്രോജക്ട് ഹെഡ്, ഡയറക്ടര്‍ ഹര്‍ഷ്‌വര്‍ധന്‍ മരോത്‌റാവ് ഗാജ്‌ബിയെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ചീഫ് റീജിയണല്‍ മാനേജര്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ് അധികാരി, പ്രോജക്ട് ഹെഡ് സക്കറിയ ജോര്‍ജ്, സെയില്‍സ് എക്‌സിക്യുട്ടിവ് മനോജ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 409, 420, 465, 468, 500 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ടാറ്റാ റിയല്‍റ്റിയും എച്ച്‌ഡിഎഫ്‌സി ബാങ്കും ചേര്‍ന്നുള്ള വ്യവസ്ഥകള്‍ പ്രകാരം 2015 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്ന് സമ്മതിച്ചിരുന്ന ത്രിത്വം പാര്‍പ്പിട സമുച്ചയത്തിലെ 3.28 കോടി രൂപ വിലയുള്ള ഫ്‌ളാറ്റ്, 2017 ആയിട്ടും പണി പൂര്‍ത്തീകരിച്ച് കൈമാറിയില്ലെന്ന് കാണിച്ച് ചെന്നൈ സ്വദേശികളായ റോസമ്മ സാമുവല്‍, ഡാനിയല്‍ സാമുവല്‍ എന്നിവര്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യത്ത് മുഖേന സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയിന്‍മേലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 2013-ലാണ് ഇവര്‍ 10 ലക്ഷം രൂപ അടച്ച് ഫ്‌ളാറ്റ് ബുക് ചെയ്‌തത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ആകെ 63.50 ലക്ഷം രൂപയും ബാങ്ക് വായ്‌പയായ 2.46 കോടി രൂപയും അടച്ചെങ്കിലും ഇതുവരെ പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടില്ല.
7- സ്റ്റാര്‍ കെയര്‍ റേറ്റിങ്ങ് അവകാശപ്പെട്ട് നിര്‍മാണം ആരംഭിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാണരീതിയും ഉപയോഗിച്ച വസ്‌തുക്കളും വളരെ തരം താണതാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു. തങ്ങളുടെ സൗകര്യാര്‍ഥമെന്ന പേരില്‍ പദ്ധതിയുടെ ഫിനാന്‍സ് പങ്കാളിയായ എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ നിന്നും വായ്‌പയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 2.46 കോടി രൂപ വായ്‌പയെടുക്കുകയും ചെയ്‌തു. പദ്ധതി പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയതിന് ശേഷമേ മാസത്തവണ ഈടാക്കുകയുള്ളൂവെന്ന വ്യവസ്ഥയിലാണ് വായ്‌പ സ്വീകരിച്ചത്. എന്നാല്‍ തങ്ങളോട് 23.21 ലക്ഷം രൂപ കുടിശ്ശിക ഏഴ് ദിവസത്തിനകം അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് 2016 നവംബര്‍ 30-ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് നോട്ടീസയക്കുകയായിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ടാറ്റാ റിയല്‍റ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഡാനിയല്‍ സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments