KeralaLatest NewsNews

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം : ട്രാന്‍സ്‌ജെന്‍ഡര്‍ വേഷധാരികള്‍ അറസ്റ്റില്‍

 

കൊച്ചി : ഹൈക്കോടതി ജംക്ഷനില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കു നേരെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഭൂമിക (20), വൈറ്റില സ്വദേശികളായ ശ്രുതി (24), സോനാക്ഷി (സുധീഷ്-20), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍-23), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്-24) എന്നിവരെയാണു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആലുവ സ്വദേശിയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഏഴംഗ സംഘം കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയപ്പോള്‍ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. പോക്കറ്റില്‍നിന്നു ബലം പ്രയോഗിച്ചു മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചു. ഇവരില്‍നിന്നു രക്ഷപ്പെട്ട ഡ്രൈവര്‍ പൊലീസ് വാഹനം കൈ കാണിച്ചുനിര്‍ത്തി വിവരം പറയുകയായിരുന്നു.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ സിഐ എ. അനന്തലാലും എസ്‌ഐ എബിയും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണു പ്രതികളില്‍ അഞ്ചുപേരെ പിടികൂടിയത്. ഹൈക്കോടതി ജംക്ഷന്‍ കേന്ദ്രീകരിച്ചു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷധാരികള്‍ അക്രമം നടത്തുന്നതായി വ്യാപകമായി പരാതിയുണ്ടെന്ന് അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.

എറണാകുളം സെന്റ് വിന്‍സന്റ് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷധാരികളുടെ അക്രമത്തക്കുറിച്ച് ഐജി പി. വിജയനു നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതിനു സമാനമായ രീതിയിലുള്ള ആക്രമണവും കവര്‍ച്ചയും ഏതാനും മാസം മുന്‍പു നഗരത്തിലുണ്ടായിരുന്നു. ഈ കേസില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button