തിരുവനന്തപുരം: ഡിസംബര്‍ ആദ്യ ആഴ്ചയോടെ വില്ലേജ് ഓഫിസിലെ പണമിടപാടുകള്‍ ഓണ്‍ലൈനാകും. ഇതോടെ ഭൂമി ഇടപാടുകളുടെ അടിസ്ഥാനമായ നികുതി രസീതു ബുക്ക് വില്ലേജ് ഓഫിസുകളില്‍നിന്ന് അപ്രത്യക്ഷമാകും. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി.ജയിംസിന്റെ നേതൃത്വത്തില്‍ നികുതിദായകരുടെ വിവരങ്ങള്‍ ഓണ്‍ലൈനാക്കുന്ന ഡിജിറ്റൈസേഷന് സംവിധാനം അവസാന ഘട്ടത്തിലാണ്.
ഓഫിസില്‍ നേരിട്ടെത്തി ചെയ്യേണ്ട ഇടപാടുകള്‍ക്ക് ഓണ്‍ലൈനായി പ്രിന്റ് ചെയ്ത രസീതുകളാകും നല്‍കുക. ഇതില്‍ ക്വിക്ക് റെസ്പോണ്‍സ് (ക്യുആര്‍) കോഡുണ്ടാകും. കള്ളസീലും പേരുമുപയോഗിച്ചു രസീതുകള്‍ നിര്‍മ്മിച്ചു വായ്പയെടുക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണു പുതിയ നീക്കം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ രസീത് വ്യാജമാണോ എന്നു കണ്ടെത്താന്‍ കഴിയും. മൊബൈല്‍ ആപ്പും ഉടന്‍ പുറത്തിറങ്ങും.
വില്ലേജ് ഓഫിസില്‍ നേരിട്ടു ലഭിക്കുന്ന തുക കംപ്യൂട്ടറില്‍നിന്നു ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ അടയ്ക്കും. ഇതോടെ ട്രഷറിയില്‍ ആഴ്ചയിലൊരിക്കല്‍ പോയി പണമടയ്ക്കുന്ന സമ്പ്രദായമില്ലാതെയാകും. ബാങ്കില്‍നിന്നു ട്രഷറിയിലേക്കു പണം പോയിട്ടുണ്ടോ എന്നു പരിശോധിക്കാനായി ഓട്ടോ റിക്കണ്സിലിയേഷന് സ്റ്റേറ്റ്മെന്റ് ലഭ്യമാകും. താലൂക്ക് കലക്ടറേറ്റ് അക്കൗണ്ട്സ് തലത്തില്‍ ഇവ പരിശോധിക്കാനും കഴിയും.
ഭൂനികുതി കൂടാതെ അറുപതോളം സേവനങ്ങള്‍ക്ക് ഇനി ഓണ്‍ലൈനായി പണമടയ്ക്കാം. വില്ലേജ് ഓഫിസുകളിലും എഴുതിനല്കുന്ന രസീതുകളുണ്ടാകില്ല. റവന്യു റിക്കവറി, റവന്യു കെട്ടിട നികുതി, ആഡംബര നികുതി, പ്ലാന്റേഷന് നികുതി, കെട്ടിടത്തൊഴിലാളി ക്ഷേമനിധി, തണ്ടപ്പേര് അക്കൗണ്ടിന്റെ പകര്‍പ്പിനുള്ള ഫീസ് എന്നിവ ഉള്‍പ്പെടെ അറുപതിലധികം സേവനങ്ങള്‍ക്കു പണമടയ്ക്കാം.
Post Your Comments