Latest NewsEast Coast SpecialParayathe VayyaEditorialWriters' Corner

കമലഹാസന്‍റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നത്‌; അധികാരക്കൊതി മൂത്ത കപടതയുടെ പ്രീണന രാഷ്ട്രീയം കമലിനു വേണമായിരുന്നോ?

ദ്രാവിഡരാഷ്ട്രീയത്തിന്റെ രാജസദസിലേക്ക് പ്രവേശിക്കാനുള്ള ദ്വാരകവാടമായിരുന്നു എന്നും തമിഴ് സിനിമ. എംജി ആറും ശിവാജി ഗണേശനും കരുണാനിധിയും ജയലളിതയുമെല്ലാം ആ ശ്രേണിയിലുള്ളവര്‍. എന്നാല്‍ ജയലളിതയുടെ മരണത്തോടെ നാഥനില്ലാതെ മാറിയ തമിഴ് നാട്ടില്‍ ജനപ്രിയതാരം രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. രജനിയെ പിന്തുണച്ചു കൊണ്ട് നിരവധി പോസ്റ്ററുകള്‍ അക്കാലത്ത് തമിഴ് നാട്ടില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അവസരത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശം ജനങ്ങളുടെ ആഗ്രഹപ്രകാരം ഉണ്ടാകുമെന്ന് രജനി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കന്നഡിഗന്‍ തമിഴ്‌നാട് ഭരിക്കാന്‍ നോക്കേണ്ടെന്ന വിമര്‍ശനം അതോടെ ഉയര്‍ന്നു തുടങ്ങി.

തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള സിനിമാതാരമായ രജനിയുടെ ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്തതരം പ്രതിഷേധങ്ങളാണ് നടന്നത്. പോയസ് ഗാര്‍ഡനിലുള്ള വസതിക്കു മുന്നില്‍ രജനിയുടെ കോലം കത്തിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കന്നഡിഗന്‍ തമിഴ്‌നാട് ഭരിക്കാന്‍ നോക്കേണ്ടെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയത്. ചില തമിഴ് തീവ്ര സംഘടനകളാണ് പ്രാദേശികവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്.

എന്നാല്‍ രജനി മാത്രമാണോ അന്യന്‍? എംജിആര്‍ എന്ന തങ്ങളുടെ കണ്‍കണ്ട ദൈവം മലയാളിയാണെന്ന് പോലും ഭൂരിഭാഗം തമിഴര്‍ക്കും അറിയില്ല. ജീവിച്ചിരിക്കുമ്പോള്‍ ഒരിയ്ക്കലും പരസ്യമായി മലയാളത്തില്‍ സംസാരിക്കാതിരുന്ന അദ്ദേഹം അങ്ങനെയൊരു ധാരണ ജനങ്ങളില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചിരുന്നു. പരസ്യമായി തമിഴില്‍ സംസാരിക്കുകയും എന്നാല്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ശുദ്ധ മലയാളത്തില്‍ സംസാരിക്കുകയും ചെയ്തിരുന്ന തലൈവരെകുറിച്ച് മുന്‍മുഖ്യമന്ത്രി ഇകെ നായനാരും നടന്‍ കൊച്ചിന്‍ ഹനീഫയും പലപ്പോഴും എഴുതിയിട്ടുണ്ട്. കേരള താല്‍പര്യങ്ങള്‍ക്ക് വിഘാതമായ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയത് എംജിആര്‍ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് എന്നത് ഇതിന്‍റെ മറ്റൊരു വശമാണ്.

നിയമം ലംഘിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്ത എംജിആറിന്‍റെ നായകവേഷങ്ങള്‍ അദ്ദേഹത്തിന് തമിഴ്സിനിമയിലെ ആദ്യ സൂപ്പര്‍താര പരിവേഷം നല്‍കിയപ്പോള്‍ അണ്ണാ ഡിഎംകെ എന്ന അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും സൂപ്പര്‍ഹിറ്റായി. എംജിആര്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന ജയലളിതയ്ക്ക് പക്ഷേ അദ്ദേഹത്തിന്‍റെ മരണശേഷം പാര്‍ട്ടിയില്‍ നിന്നും ആ കുടുംബത്തില്‍ നിന്നും ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. എംജിആറിന്‍റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും പാര്‍ട്ടിയിലെ വിരുദ്ധ ചേരികളിലായി. കരുണാനിധിയുടെ ഭരണകാലത്ത് നിയമസഭയില്‍ നിന്ന് അപമാനിതയായി പുറത്തുപോയ അവര്‍ 1991ല്‍ ആദ്യമായി അധികാരത്തിലെത്തി. അഴിമതിക്കഥകളും തന്‍പ്രമാണിത്വവും വഴി കുപ്രസിദ്ധി നേടിയ അക്കാലത്ത് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏറെ കരുതപ്പെട്ടുവെങ്കിലും അതുണ്ടായില്ല. എങ്കിലും ജയയെ പരസ്യമായി എതിര്‍ത്ത അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ-ടിഎംസി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അവരുടെ ഗംഭീര വിജയത്തില്‍ ഭാഗഭാക്കായി. അതേ രജനികാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഏകപക്ഷീയ ജയത്തില്‍ സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല. ഡിഎംകെയുടെ ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

തത്ത്വചിന്തകനും ആത്മീയവാദിയുമായ രജനി തമിഴ് നാട്ടില്‍ ഏറെ പിന്തുണയുള്ള ഒരു താരമാണ്. രജനി രാഷ്ട്രീയ പ്രവേശം നടത്തിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളില്‍ പലരും അധികാരത്തിലേക്കുള്ള വഴിയില്‍ ഭാഗ്യം പരീക്ഷിച്ചവരാണ്. വിജയകാന്ത്, ശരത് കുമാര്‍, കാര്‍ത്തിക് തുടങ്ങി വിജയ് വരെ അവരില്‍ പെടും. 2011ലെ തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രണ്ടുപേര്‍ അണ്ണാഡിഎംകെ സഖ്യത്തില്‍ നിന്ന് മല്‍സരിച്ചു ജയിച്ചിരുന്നു. കൂടാതെ ജയലളിതയുടെ പിന്ഗാമി വിജയ്‌ ആയിരിക്കുമെന്നുവരെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തലൈവ സിനിമ പുറത്തിറങ്ങുന്ന സമയത്ത് വിജയിന്‍റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖരന്‍ നടത്തിയ ഒരു പ്രസ്താവന ജയയെയും വിജയെയും അകറ്റി. ഉലകം ചുറ്റും വാലിബന്‍ പുറത്തിറങ്ങിയപ്പോള്‍ എംജിആര്‍ മുഖ്യമന്ത്രിയായതുപോലെ തലൈവ വരുന്നതോടെ വിജയും മുഖ്യമന്ത്രിയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

തുടര്‍ന്ന് ജയലളിത മരണപ്പെട്ടതോടെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. ശശികലയും പനീര്‍ശെല്‍വവും നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മനം മടുത്ത ജനങ്ങള്‍ രജനികാന്ത് മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ടു. നിരവധി പോസ്റ്ററുകള്‍ തമിഴ് നാട്ടില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷെ അപ്പോഴൊന്നും തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചു കാര്യമായ പ്രതികരണങ്ങള്‍ രജനി നടത്തിയിരുന്നില്ല. വംശീയമായ ചില അധിക്ഷേപങ്ങള്‍ രജനിയ്ക്ക് നേരെ ഉണ്ടായിത്തുടങ്ങി. തമിഴര്‍ മുന്നേട്ര പടൈ പ്രവര്‍ത്തകരാണ് രജനിയ്ക്കെതിരെ രംഗത്ത് എത്തിയത്. കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ പുകഞ്ഞു നില്‍ക്കുന്ന വിദ്വേഷം രജനി വിഷയത്തില്‍ ആളിക്കത്തിക്കാനും തമിഴ് തീവ്രസംഘടനകള്‍ ശ്രമിച്ചു. ഇതൊന്നും തമിഴ് നാട്ടിലെ താരങ്ങള്‍ ആരും കണ്ടില്ല..!! ഈ വിഷയത്തില്‍ രജനിയ്ക്ക് പിന്‍തുണയുമായി താരങ്ങള്‍ എത്താതിരുന്നത് രജനി ബി ജെ പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹമുള്ളത് കൊണ്ടാണ്. വിജയുടെ പുതിയ ചിത്രമായ മെര്‍സല്‍ ബിജെപി വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ചിത്രത്തെ പിന്തുണച്ചു കൊണ്ട് നിരവധി താരങ്ങള്‍ രംഗത്തെത്തി. കൂടാതെ തമിഴ് നാട്ടില്‍ മറ്റൊരു രാഷ്ട്രീയ കളം ഒരുക്കുന്ന കമലഹാസന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും താരങ്ങള്‍ പിന്തുണയേകി. എന്നാല്‍ രജനിയ്ക്ക് നേരെയുള്ള വംശീയ അധിക്ഷേപങ്ങള്‍ അവര്‍ ആരും കണ്ടില്ല..!

രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദ വികടന്‍ മാസികയില്‍ എഴുതിയ പ്രതിവാര പംക്തിയില്‍അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്ന കമലഹാസന്റെ വാക്കുകള്‍ക്ക് ഏറെപിന്തുണ നല്‍കാന്‍ ചില താരങ്ങള്‍ ശ്രമിച്ചു. യുവ തലമുറയുടെ മേല്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും കമല്‍ അഭിപ്രായപ്പെട്ടു. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണ്. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും കമലഹാസന്‍ പറയുന്നു.

കമലിന്റെ ഈ വാക്കുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം. അതിന്റെ രാഷ്ട്രീയ വര്‍ത്തമാനകാല അവസ്ഥകള്‍. ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കണ്ണൂന്നിയുള്ള  തരംതാണ രാഷ്ട്രീയകളി മാത്രമാണിത്. തമിഴ് നാട്ടില്‍ രജനി കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ അധികാര മേഖലയിലേക്ക് വരുമെന്ന് തോന്നിയതിലുള്ള ഒരു തരം അസൂയയാണ് കമലിന്റെ പുതിയ രാഷ്ട്രീയ നീക്കം. രജനിക്ക് പിന്നാലെ പുതിയ പാര്‍ട്ടിയുമായി ഉടന്‍ താനും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്ന് കമല്‍ പ്രഖ്യാപിച്ചു. രജനിയ്ക്ക് കാവി ചേരുമെന്നും തന്റെ നിറം കാവിയല്ലെന്നും പറഞ്ഞു കൊണ്ട് കേരള മുഖ്യ മന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തന്റെ സി പി എം അനുഭാവം പ്രകടമാക്കാനാണ് ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ഉണ്ടെന്നും എന്നാല്‍ കേരളത്തില്‍ അതില്ലെന്നും കമല്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ ആണെങ്കില്‍ വീണ്ടും ചിന്തിക്കേണ്ട ഒരു വിഷയം ഉണ്ട്. ന്യൂനപക്ഷ പ്രീണനം ഉണ്ടാക്കി വംശീയവും പ്രാദേശീകവുമായ വിദ്വേഷങ്ങള്‍ വളര്‍ത്താനുള്ള കുടിലതന്ത്രമല്ലേ കമലഹാസന്‍ ചെയ്യുന്നത്. അതിനു തെളിവല്ലേ രജനി കാന്ത് തമിഴനല്ലയെന്ന പ്രതിഷേധത്തിനെതിരെ ഒരു വാക്കു പോലും മിണ്ടാത്തത്?

ജയലളിതയുടെ മരണത്തോടെ അണ്ണാ ഡിഎംകെ പിളരുകയും കരുണാനിധി ഏതാണ്ട് പൂര്‍ണമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറിയതോടെ ഡിഎംകെ കൂടുതല്‍ തളരുകയും ചെയ്തതോടെ അടുത്ത തലൈവര്‍ ആരാകുമെന്ന ചോദ്യങ്ങള്‍ ശക്തമായി. അതില്‍ കൂടല്‍ സാധ്യത രജനിയില്‍ വന്നു നില്‍ക്കുകയും ചെയ്തു. അതോടു കൂടി ദ്രാവിഡ പാര്‍ട്ടികളുടെ പ്രതിരോധത്തെ തകര്‍ക്കാനാവാതെ വിഷമിച്ചു നിന്ന ബിജെപിക്ക് തമിഴ്‌നാട്ടില്‍ വേരിറക്കാന്‍ രജനിയിലൂടെ കഴിയുമെന്നു ഡല്‍ഹിനേതൃത്വം കണക്കു കൂട്ടാന്‍ തുടങ്ങി. സ്വന്തമായി ഒരു പാര്‍ട്ടിയോ സംഘടനയോ ഉണ്ടാക്കികൊണ്ടായിരിക്കും രജനി രാഷ്ട്രീയത്തിലേക്കു വരുന്നതെന്ന വിവരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇതുപോലും ഡല്‍ഹി നിര്‍ദേശത്തിന്റെ പുറത്തുള്ളതാണെന്നും രജനിയുടെ പാര്‍ട്ടി/സംഘടനയോട് സഖ്യമുണ്ടാക്കി രജനികാന്ത് എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി തമിഴ്‌നാട് ഭരിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും ഇതേ വൃത്തങ്ങള്‍ സൂചന നല്‍കി. അതിനിടയില്‍ ബി ജെ പി നേതൃത്വവുമായി രജനി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ ആരാധകര്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചുകൊണ്ട് തരംതാണ കളിയ്ക്ക് മുതിരുകയാണ് കമല്‍ഹാസന്‍. കമലഹാസന്‍റെ ലക്‌ഷ്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതാണ്.

മികച്ച ചിത്രങ്ങളിലൂടെ നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത കമല്‍ രജനി കഴിഞ്ഞാല്‍ ജനപിന്തുണയുള്ള ഒരു താരം കൂടിയാണ്. ആദ്യ വിവാഹം വേര്‍പ്പെടുത്തിയും നടി ഗൌതമിയുമായുള്ള ലിവിംഗ് ടുഗദര്‍ അവസാനിപ്പിക്കുകയും ചെയ്തതിലൂടെ ഇടക്കാലത്ത് വാര്‍ത്തകളില്‍ കമല്‍ നിറഞ്ഞു നിന്നിരുന്നു. പതിനഞ്ചു വര്‍ഷത്തിലധികായി നിന്നിരുന്ന ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതിനെപ്പറ്റി നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. കൂടാതെ മറ്റൊരു നടിയുമായി ഉടന്‍ കമല്‍ പുനര്‍വിവാഹിതനാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇത്തരം വാര്‍ത്തകളിലൂടെ  ഇമേജിന് കോട്ടം തട്ടിയിരുന്ന സമയത്താണ് രാഷ്ട്രീയ വിഷയങ്ങളില്‍ കമല്‍ ഇടപെട്ടു തുടങ്ങിയത്.

തന്റെ രാഷ്ട്രീയ ചായ് വ്  കാണിക്കുന്നതിനായി നിലവിലെ ഭരണം അഴിമതി നിറഞ്ഞതാണെന്നും ഇതിനെതിരെ പോരാടാനും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുകയും സജീവമായി ഒരു രാഷ്ട്രീയക്കാരനായി താന്‍ നിലനില്‍ക്കുന്നുണ്ടെന്ന വ്യാജ ബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം കാരണം അധികാരമെന്ന അപ്പകഷ്ണം തന്നെയാണ്. തമിഴ് നാട് മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് നടത്തുന്ന ഈ വ്യാജ തന്ത്രങ്ങളെ പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും. “ഞാന്‍ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടാന്‍ പോവുകയാണോ എന്നാണ് ജനങ്ങള്‍ എന്നോടു ചോദിക്കുന്നത്. എന്റെ മറുപടി ഇതാണ്. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കഴിഞ്ഞു.” കമല്‍ ഒരിക്കല്‍ പറഞ്ഞു. കൂടാതെ കോഴ കൊടുത്ത് വാങ്ങിയ വോട്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ ഇടനാഴിയിലേക്ക് കടക്കാന്‍ കൊള്ളക്കാരെ നിങ്ങള്‍ അനുവദിച്ചു. വലിയ തെറ്റാണ് നിങ്ങള്‍ ചെയ്തത്. എന്നാല്‍ രാഷ്ട്രീയ സ്ഥിതി അതുപോലെ തുടരാന്‍ നമുക്ക് അനുവദിച്ചു കൂട. അതിനെ പരിവര്‍ത്തിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും കമല്‍ പറഞ്ഞു.

കേന്ദ്ര ഭരണത്തെ വിമര്‍ശിച്ചും രാജ്യത്ത് മത തീവ്രവാദമുണ്ടെന്നുമുള്ള ബോധം സൃഷ്ടിക്കാനാണ് കമല്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയത വളര്‍ത്തി അധികാരം നേടാനുള്ള കുടില തന്ത്രം. അല്ലെങ്കില്‍ കോണ്ഗ്രസ്സുകാര്‍ ഭരിച്ചിരുന്ന കാലത്ത് മത ത്രീവ്രവാദം ഉണ്ടായിരുന്നില്ലേ? ബി ജെ പിയുടെ ഭരണകാലത്ത് മാത്രം ഉണ്ടായ ഒന്നാണോ ഹിന്ദു തീവ്രവാദം. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ഭിന്നിപ്പ് സൃഷ്ടിക്കുന്ന പദങ്ങള്‍ ഒരു ജനകീയ താരത്തില്‍ നിന്നും ഉണ്ടായത് ശരിയല്ല. കമലഹാസന്റെ ചിത്രങ്ങള്‍ കാണുന്നവരില്‍ ഹിന്ദുക്കള്‍ ഇല്ലേ? കമല്‍ഹാസന്‍ നായകനായ ‘ഉത്തമ വില്ലന്‍’ വിവിധ മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും പബ്‌ളിസിറ്റിക്കു വേണ്ടി കമല്‍ഹാസന്‍ നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി വേണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കമല്‍ഹാസന്രെ ‘വിശ്വരൂപം’ എന്ന ചിത്രം മുസ്ലീം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു. കമല്‍ഹാസന്‍ തന്നെ തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ‘ഉത്തമ വില്ലന്‍’ ഹിന്ദുമത വിശ്വാസികളുടെ വികാരത്തെവെച്ച് കളിക്കുകയാണെന്നും ഐ.എന്‍.എല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇത്തരം വിവാദങ്ങളിലൂടെ ചലച്ചിത്രത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന ഒരാളാണ് കമല്‍. അതുകൊണ്ട് തന്നെ പുതിയ രാഷ്ട്രീയ ചുവടുമാറ്റവും അത്തരം ഒരു തന്ത്രം മാത്രമാണ്. അധികാരക്കൊതി മൂത്ത കപടതയുടെ പ്രീണന രാഷ്ട്രീയം കമലിനു വേണമായിരുന്നോ?

തന്റെ പിന്‍ഗാമികളുടെ വിജയം രജനിയ്ക്കോ കമലിനൊ ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നു കാത്തിരുന്നു കാണാം. ഒരു സിനിമ പരാജയപ്പെടുന്നതുപോലെയല്ല, രാഷ്ട്രീയ പരാജയം. കാവിരാഷ്ട്രീയത്തിന് ഏറെയൊന്നും വഴങ്ങാത്ത തെക്കേ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇവരില്‍ ആരായിരിക്കും പുതിയ ശംഖനാദം മുഴക്കുക. രാഷ്ട്രീയത്തിന്റെ ഒരു പങ്ക് സിനിമാ താരങ്ങള്‍ക്ക് പകുത്തുകൊടുക്കുന്ന തമിഴ് ജനത ഇവര്‍ക്ക് ചിലത് കരുതിവെച്ചിട്ടുണ്ടാകും. പുതിയ തമിഴ് രാഷ്ട്രീയ തിരൈ പടത്തിനായി നമുക്ക് കാത്തിരിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button