
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സതീഷ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്..
മറ്റൊരു കഥ പറയാനാണ് സതീഷ് മോഹൻലാലിനെ കാണാൻ പോകുന്നത്.അവിടെ വച്ചാണ് ഡാൻസർ തമ്പിയെ പരിചയപ്പെടുന്നത്. താൻ നേരത്തെ പറഞ്ഞ സിനിമ നടക്കാതെ പോകുന്നു.അങ്ങിനെ തമ്പി സതീഷിനോട് മറ്റൊരു കഥ പറയുകയും തിരക്കഥയാക്കാൻ സതീഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങിനെ പൂർത്തിയാക്കിയ തിരക്കഥയാണ് വിഷ്ണുലോകം സിനിമയായി പുറത്തിറങ്ങിയതെന്ന് സതീഷ് തെളിവുകൾ സഹിതം വ്യക്തമാക്കുന്നു.
താൻ സിനിമയുടെ ചതിക്കുഴിയിൽ വീഴുകയായിരുന്നു. പൂർണ്ണമാക്കിയ തിരക്കഥ മോഹൻലാലിന്റെ നിർദ്ദേശ പ്രകാരം വേണു നാഗവള്ളിയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം അന്നത്തെ സിനിമാ വാരികകളിൽ വന്ന വാർത്ത കണ്ടാണ് ചിത്രീകരണം തുടങ്ങിയെന്ന് അറിയുന്നത്. തുടർന്ന് തമ്പിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാസങ്ങൾ കഴിഞ്ഞു തമ്പിയെ കണ്ടപ്പോൾ നമ്മൾ ചതിക്കപ്പെട്ടു എന്നു പറഞ്ഞു ഒഴിഞ്ഞു മാറാനാണ് തമ്പി ശ്രമിച്ചത്. സംവിധായകൻ കമലിന് ഇക്കാര്യം അറിയാമായിരിക്കുമെന്നും തന്നെ ചതിച്ചതാണെന്നും സതീഷ് പറയുന്നു.
തന്റെ തിരക്കഥ എങ്ങിനെ ടി.എ റസാക്കിന്റെ പേരിൽ വന്നുവെന്നും,സിനിമയിൽ പറയുന്ന കാട്ടാക്കട എന്ന സ്ഥലം തന്റെ നാട്ടിൽ ആണെന്നും,കോഴിക്കോട് കാരനായ ടി.എ റസാക്കിന് ഈ സ്ഥലം എങ്ങിനെ അറിയാമെന്നും സതീഷ് ചോദിക്കുന്നു..
സതീഷിന്റെ അവകാശ വാദങ്ങൾ അന്ന് ശരിയാണെന്നു മനസിലാക്കിയ കോടതി പടത്തിന് സ്റ്റേ നൽകി.പിന്നീട് തമ്പിയുടെയും സിനിമാക്കാരുടെയും സമ്മർദ്ദത്തിനും വാഗ്ദാനങ്ങൾക്കും വഴങ്ങി സ്റ്റേ പിന്‍വലിച്ചുവെന്നും സതീഷ് വ്യക്തമാക്കുന്നു.
കമലിലേക്കും ടി.എ റസാക്കിലേക്കും തന്റെ തിരക്കഥ എത്തിയതിൽ ദുരൂഹതയുണ്ട്. സംവിധായകൻ എന്ന നിലയിൽ കമലിന് ഇത് ചിലപ്പോൾ അറിയാമായിരിക്കും. തന്നെ ചതിച്ചത് കമലാണോ തമ്പിയാണോ എന്നു വ്യക്തമല്ലെന്നും സതീഷ് ആരോപിക്കുന്നു.
എന്തായാലും സിനിമയിലെ ചതിയുടെ നെറികെട്ട സംഭവങ്ങളാണ് സതീഷിലൂടെ പുറത്തു വരുന്നത്..
അഭിമുഖം വീഡിയോ ലിങ്ക്
Post Your Comments