KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ് : ബെഹ്റയും സന്ധ്യയും വ്യാജതെളിവുണ്ടാക്കുന്നുവെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി: ബി. സന്ധ്യ എന്നിവര്‍ക്കെതിരെ ദിലീപ്. ബെഹ്റയും സന്ധ്യയും വ്യാജതെളിവുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നെന്ന് നടന്‍ ദിലീപ്. ഈ കാര്യങ്ങള്‍ വ്യക്തമാക്കി നടന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്തണമെന്നും അതല്ലെങ്കില്‍ കേസ് സി.ബി.ഐക്കു വിടണമെന്നുമുള്ള ആവശ്യവും കത്തിലുണ്ട്. പുതിയ സംഘം അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ കുടുങ്ങും.

പള്‍സര്‍ സുനി ബ്ലാക്മെയില്‍ ചെയ്യുന്നതടക്കം അറിയാവുന്ന എല്ലാ കാര്യങ്ങളും പോലീസിനു കൈമാറിയിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ പോലും പ്രത്യേകസംഘം തയാറായില്ല. കേരളാ പോലീസാണ് അന്വേഷിക്കുന്നതെങ്കില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണം. അതല്ലെങ്കില്‍ സി.ബി.ഐക്കു വിടണം. തനിക്കെതിരേ ഭീഷണിയുമായി നാദിര്‍ഷായെ പള്‍സര്‍ സുനി വിളിച്ചയുടന്‍ അക്കാര്യം ഡി.ജി.പി: ബെഹ്റയെ അറിയിച്ചിരുന്നു. എന്നിട്ടും തന്നെ കേസില്‍ കുടുക്കാനാണ് അദ്ദേഹം വ്യഗ്രത കാട്ടിയതെന്നും ദിലീപ് കുറ്റപ്പെടുത്തുന്നു.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ദിലീപ് കഴിഞ്ഞ മാസം നിവേദനം നല്‍കിയിരുന്നു. ചിലരുടെ ഗൂഢാലോചനയില്‍ തന്നെ കുടുക്കിയതാണെന്നു സംശയമുണ്ട്. സിനിമ, രാഷ്ട്രീയ, മാധ്യമരംഗങ്ങളില്‍ ശത്രുക്കളുണ്ട്. പോലീസിലെ ഉന്നതരില്‍ ചിലരും തനിക്കെതിരാണ്. നിലവിലെ അന്വേഷണസംഘം മാറിയാലേ സത്യം പുറത്തുവരൂ. അതിനാലാണു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്. സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. പള്‍സര്‍ സുനി ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണ് പോലീസ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നത്.

സുനില്‍ ജയിലില്‍നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ദിലീപ് നിവേദനത്തില്‍ പറയുന്നു. അതേസമയം, കേസില്‍നിന്നു രക്ഷപ്പെടാന്‍ ദിലീപ് കെട്ടുകഥ ചമയ്ക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ആലുവ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി: ഡി.സുദര്‍ശന്‍, ഡിവൈ.എസ്.പി: സോജന്‍ വര്‍ഗീസ്, ആലുവ സി.ഐ. ബൈജു പൗലോസ് എന്നിവരെ അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ കുറ്റപത്രം തയാറാക്കിക്കൊണ്ടിരിക്കെയാണ് ആവശ്യങ്ങളും പരാതികളുമായി ദിലീപിന്റെ രംഗപ്രവേശം. കഴിഞ്ഞ 18-നാണ് 12 പേജുള്ള കത്ത് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button