ന്യൂഡൽഹി: പണിമുടക്കിയ വാട്സാപ്പ് സേവനം രണ്ടു മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. സെർവർ തകരാറിനെ തുടർന്നാണ് വാട്ട്സാപ്പ് ‘പണിമുടക്കിയത്.’ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അൽപനേരത്തേയ്ക്കു പണിമുടക്കിയത്. ഇതോടെ മെസേജുകൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ലോകമെങ്ങും ഉപഭോക്താക്കളെ ഇതു ബാധിച്ചു. തുടർന്ന് #whatsappdown എന്ന ഹാഷ്‌ടാഗിൽ ഉപഭോക്താക്കൾ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെൻഡിങ്ങായി.
വാട്‌സാപ്പ് ഇന്ത്യ കൂടാതെ യുകെ, യുഎസ്, ജർമനി, ശ്രീലങ്ക, സൗദി അറേബ്യ, ഫിലിപ്പീൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും നിലച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.
‘ നിലവിൽ സേനവത്തിനു പ്രശ്നങ്ങൾ നേരിടുന്നു. എന്താണെന്നു പരിശോധിച്ചുവരികയാണ്. ഉടൻതന്നെ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിക്കാമെന്നു പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കൾക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു’വെന്ന് കമ്പനി വാട്സാപ്പിൽ നോട്ടിഫിക്കേഷനായി അറിയിച്ചിരുന്നു.
Post Your Comments