ഒടിയന്‍
വളരെ ശക്തനായ മുഖ്യമന്ത്രിമാരിൽ ഒരാളായാണ് സഖാവ് പിണറായി വിജയനെ കേരളസമൂഹം നോക്കി കാണുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിൽ സുനിശ്ചിതമായ മുഖ്യമന്ത്രി കസേരയിലെത്തിയ പിണറായിയെ കേരളം ഒന്നാകെ വിളിക്കുന്നതും ഇരട്ടച്ചങ്കൻ എന്നുതന്നെയാണ്. വിവാദങ്ങൾ ഉണ്ടായപ്പോഴെല്ലാം അദ്ദേഹത്തിന്റെ നിലപാടുകൾ പ്രശംസിച്ചവർ കുറവല്ല. തന്റെ ഉറ്റതോഴനായിരുന്ന മന്ത്രിക്കെതിരെ അഴിമതി ആരോപണം വന്നപ്പോൾ എടുത്ത നിലപാട് എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ദിലീപ് വിഷയത്തിലും വിൻസെന്റിന്റെ വിഷയത്തിലും എന്തിന് ക്ഷണിക്കാതെ എത്തിയ മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയിറക്കി വിട്ടതിലും പിണറായി ഹീറോയായി.
ഭരണത്തിന്റെ തുടർച്ചയിൽ ആഭ്യന്തര വിഭാഗം കൈകാര്യം ചെയ്യുന്നതിൽ പിണറായി വിജയൻ ഏറ്റുവാങ്ങിയ വിമർശനങ്ങൾക്കെല്ലാം മറുപടിയായിരുന്നു പിന്നീടുള്ള അഭിനന്ദനങ്ങൾ. എന്നാൽ ഇരട്ടച്ചങ്കനെന്ത് പറ്റിയെന്ന് വീണ്ടും ചോദ്യമുയരാൻ തുടങ്ങിയിരിക്കുന്നു. സ്വന്തം ഘടകകക്ഷിയിലെ ഒരു മന്ത്രിയ്ക്കെതിരെ വ്യക്തമായ ആരോപണങ്ങൾ ഉണ്ടായിട്ടും പിണറായി അദ്ദേഹത്തെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടിയാണെന്നുള്ള ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്.
ശാസിച്ചില്ലേ? പിന്നെന്താ?
ജനജാഗ്രതയാത്രയിൽ സിപിഐയുടെ ചങ്കനെ (കാനം രാജേന്ദ്രനെ) വേദിയിലിരുത്തി വിടുവായത്തം വിളമ്പിയ തോമസ് ചാണ്ടിയെ തന്റെ ഓഫീസിൽ വിളിച്ചു വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചുവെന്നത് വൻ വാർത്തയായി. എന്നാൽ അഴിമഴിക്കാരനായ ഒരു മന്ത്രിയെ ശാസിക്കുകയാണോ വേണ്ടത്? ഭൂമി നികത്തി.. ഇനിയും നികത്തും എന്ന് ഉറക്കെപ്പറയുന്ന മന്ത്രി തന്റെ തെറ്റ് പൊതുവേദിയിൽ തുറന്ന് പറഞ്ഞിട്ട് പോലും ഇരട്ടച്ചങ്കന് അതിനെതിരെ നടപടിയെടുക്കാൻ സാധിച്ചില്ല. തോമസ് ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ചെറുവിരൽ അനക്കാൻ പോലും കഴിഞ്ഞില്ല. ശാസനയല്ല സഖാവേ… രാജി എഴുതി വാങ്ങണമായിരുന്നു. അതിന് ഒരു വിക്കറ്റ് കൂടി പോയെന്ന എതിർ കക്ഷികളുടെ പരിഹാസത്തെ പേടിക്കുകയല്ല വേണ്ടത്. അങ്ങയിൽ നിന്നും കേരള ജനത ഇതല്ല പ്രതീക്ഷിക്കുന്നത്.
സുധാകര്‍ റെഡ്ഡി കാനമായപ്പോൾ
തോമസ് ചാണ്ടിയുടെ ഞെട്ടിക്കുന്ന പ്രസംഗം ലൈവായി വേദിയിൽ ഇരുന്ന് കേട്ട കാനം രാജേന്ദ്രൻ അതിനു കൃത്യമായ, ഉചിതമായ മറുപടി അതേഭാഷയിൽ നൽകുമെന്ന് സിപിഐക്കാർ പോലും കരുതിയിട്ടുണ്ടാകണം. എന്നാൽ വളരെ മിതമായ ഭാഷയിൽ കാനം ആ സംഭവം അവസാനിപ്പിച്ചു. യാത്ര കൂടുതൽ വിവാദമാക്കണ്ടതില്ല എന്നതാകും കാനത്തിന്റെ മനസിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനു ശേഷം കാനത്തിന് മനസു തുറന്ന് പ്രതികരിക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കാനവും മിതത്വം പാലിച്ചു. പ്രസ്തുത വിഷയത്തിൽ സംസ്ഥാന സിപിഐ നേതൃത്വം പതറുന്ന പതർച്ച കണ്ടിട്ട് ദേശീയ നേതൃത്വത്തിന് നിലപാട് അറിയിക്കേണ്ടി വന്നു. അഴിമതിക്കാരനെന്ന് തോമസ് ചാണ്ടിയെ ഉറക്കെവിളിച്ചു. സുധാക്കർറെഡ്ഡി പറഞ്ഞത് കാനം പറയേണ്ടതായിരുന്നു.
കളക്ടർ/മന്ത്രി – തൊപ്പിയാരുടെ തെറിക്കും?
തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ല കളക്ടർ ടി വി അനുപമയുടെ അന്വേഷണ റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ട് കണ്ടുബോധിച്ചയാളാണ് റവന്യുമന്ത്രി. അതിനാൽ തന്നെ ഈ വിഷയത്തിൽ ശക്തമായ നിലപാടിൽ നിലക്കൊള്ളാൻ ഒരു പരിധിവരെയെങ്കിലും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെയുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലുമുണ്ട്. എന്നാൽ ഒരു സ്വകാര്യ കമ്പനി പറഞ്ഞിരിക്കുകയാണ്, ആ റിപ്പോർട്ട് വിശ്വസിക്കരുതെന്ന്. അതു നൂലിട തെറ്റാതെ അനുസരിക്കാനുള്ള ശ്രമം മുഖ്യമന്ത്രി കാണിക്കുന്നുവെന്നതിന്റെ തെളിവാണ് വിഷയത്തിലെ ഈ നിസംഗത. മന്ത്രിക്കെതിരെയുള്ള നടപടി ഏകദേശം നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഇനി ആ കളക്ടറുടെ തൊപ്പി തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കാരണം അതാണ് പിണറായി മന്ത്രിസഭയുടെ ചരിത്രം. പ്രമോഷൻ ട്രാൻസ്ഫറാണോ? ‘പണി’ഷ്മെന്റ് ട്രാൻസ്ഫറാണോയെന്ന് മാത്രം തിരിച്ചറിഞ്ഞാൽ മതി.
കെഎസ്ആർടിസിക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്ന സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു മുൻ കെഎസ്ആർടിസി എംഡി രാജമാണിക്യം. എങ്ങനെയും കെഎസ്ആർടിസി ലാഭത്തിലാക്കാൻ ശ്രമിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രി തോമസ് ചാണ്ടിയ്ക്ക് അത്ര ഗുണകരമായിരുന്നില്ല. അഴിമതിക്കെതിരെയുള്ള നിലപാടുകളായിരുന്നു രാജമാണിക്യത്തിന്റേത്. കൂടുതൽ തസ്തികകൾ തീർത്ത് പൊതുമേഖല ട്രാൻസ്പോർട്ടിനെ കൂടുതൽ കടബാധ്യതയിലേക്ക് തള്ളാൻ ഒരുങ്ങിയ ചാണ്ടിച്ചായന് രാജമാണിക്യം കൂച്ചു വിലങ്ങിട്ടു. ടെണ്ടർ വിളിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ച കമ്പനികളിൽ നിന്നും കെഎസ്ആർടിസിക്കുള്ള സാധനങ്ങൾ വാങ്ങാൻ ശുപാർശ ചെയ്ത തോമസ് ചാണ്ടിയുടെ നടപടിയും രാജമാണിക്യം തടഞ്ഞു. മന്ത്രി വേണോ? അതോ എംഡി വേണോ? എന്നുള്ള ഉത്തരത്തിന് പിണറായിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. അതായിരുന്നു രാജമാണിക്യത്തിന്റെ സ്ഥലമാറ്റം. മൂന്നാറിൽ വിപ്ലവമുണ്ടാക്കാൻ പോയ വെങ്കിട്ടരാമന് സ്നേഹം കൊണ്ട് പ്രമോഷൻ ട്രാൻസ്ഫർ കൊടുത്തതും പിണറായി മന്ത്രിസഭയായിരുന്നുവെന്നത് മറക്കാതിരിക്കാം. ഈ സ്നേഹ പ്രക്ടനം അടുത്തത് അനുപമയോടാകുമെന്ന് ഉറപ്പിക്കാം.
പുതുതായി ഒരു വിവാദം വരുമ്പോൾ പഴയ വിവാദങ്ങൾ മണ്ണിട്ട് മൂടുന്ന സ്വഭാവമാണ് കേരള മണ്ണിനുള്ളത്. പിണറായി മന്ത്രിസഭയുമായി ഉണ്ടായ നിരവധി വിവാദങ്ങൾക്ക് അറുതിയായിരുന്നു ദിലീപിന്റെ അറസ്റ്റ് (കുറ്റക്കാരനല്ലയോ ആണോ എന്നുള്ളത് തെളിയിക്കപ്പെടേണ്ടതാണ്). അതുപോലെ ഗെയ്‌ൽ പ്രക്ഷോഭം കത്തിപ്പടരുകയോ, അതിനേക്കാൾ വലിയൊരു വിവാദം ഉണ്ടാകുകയോ ചെയ്ത് ചാണ്ടി വിഷയം മുങ്ങി പോകില്ലെന്ന് വിശ്വസിക്കാം, ആശ്വസിക്കാം.
വാൽക്കഷ്‌ണം: പിണറായിയോട്,… ഒരു ചാണ്ടിച്ചായൻ അഞ്ചുവർഷം കൊണ്ട് കുളമാക്കി തന്ന നാടാണ്… അതിനെ മറ്റൊരു ചാണ്ടിയെ കൊണ്ട് കടലാക്കിക്കരുത്.
Post Your Comments