കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന് സിറിയയിൽ പ്രവർത്തിക്കുന്ന അഞ്ചു മലയാളികളുടെ പേര് വിവരങ്ങളും ചിത്രങ്ങളും പോലീസ് പുറത്തു വിട്ടു. ഇവർ അഞ്ചുപേരും നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അലക്കാടന്‍ കണ്ടിയിലെ അബ്ദുള്‍ ഖയൂം (23), വളപട്ടണം മന്നയിലെ മര്‍ഹബയില്‍ പി പി അബ്ദുള്‍ മനാഫ് (30), വളപട്ടണം മൂപ്പന്‍പാറയിലെ സബാസില്‍ ഷബീര്‍ (33), ഷബീറിന്റെ ബന്ധു വളപട്ടണം മന്നയിലെ സുഹൈല്‍ (28), സിറിയയില്‍ കൊല്ലപ്പെട്ട ഐഎസ് പ്രവര്‍ത്തകന്‍ പാപ്പിനിശേരി പഴഞ്ചിറയിലെ ഷെമീറിന്റെ മകന്‍ സഫ്വാന്‍ (18) എന്നിവരാണ് ഐ എസിൽ ചേർന്ന കണ്ണൂർ സ്വദേശികൾ.
മനാഫ്, ഷബീര്‍ സുഹൈല്‍ എന്നിവര്‍ കുടുംബസമേതമാണ് സിറിയയിലേക്ക് പോയത്. അബ്ദുള്‍ മനാഫ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയില്‍ കടന്നത്. ഷബീര്‍ നേരത്തെ ക്യാമ്പസ് ഫ്രണ്ട് നേതാവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് പ്രത്യേക ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനാണ് ചുമതല. അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ്.
Post Your Comments