വാരണാസി•ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപം 22 കാരനായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസംഗഡ് ജില്ലയില്‍ ദേവഗോണ് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന റാംനോ ഗ്രാമത്തിലാണ് സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ, വിപിന്‍ എന്ന് വിളിക്കുന്ന നന്ഖു യാദവിനെ രക്തത്തില്‍ കുളിച്ച നിലയിലാണ് ശിവ ക്ഷേത്രത്തിന് സമീപം പ്രദേശവാസികള്‍ കണ്ടെത്തിയത്. വെടിയേറ്റ നിരവധി പാടുകളും ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. ഉടന്‍ ഗ്രാമവാസികള്‍ സംഭവം പോലീസില്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ സംഘടിപ്പിച്ച നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് യുവാവ് ചൊവ്വാഴ്ച രാത്രി പോയതെന്ന് അസംഗഡ് എസ്.പി (സിറ്റി) സുഭാഷ് ചന്ദ്ര ഗംഗ്വാര്‍ പറഞ്ഞു. ചിലരുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments