കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേട്ട് പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ 6.30 വരെ കര്‍ഷകര്‍ക്ക് 18004251661 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. കാര്‍ഷിക ഗവേഷണങ്ങളുടെ ഫലം കൃഷിക്കാരിലേക്കെത്തണമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിവരണം. ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായാണ് കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ 9447051661 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ചെയ്യുകയോ info@krishi.info എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം. തെങ്ങിന്‍ തൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇനിമുതല്‍ കൃഷിവകുപ്പിന്റെ ചടങ്ങുകളില്‍ ചെടിയ്ക്ക് വെള്ളമൊഴിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച കര്‍ഷകരുമായി അദ്ദേഹം സംവദിച്ചു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൃഷി ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്റ്റന്‍ഷന്‍ ഡോ. ജിജു പി. അലക്‌സ്, സമേതി ഡയറക്ടര്‍ പി. എസ്. രാധാമണി, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ കെ. എസ്. പ്രീത, ഹോര്‍ട്ടികോര്‍പ്പ് എം. ഡി ഡോ. ബാബു തോമസ്, ചെറുകിട കര്‍ഷകരുടെ കണ്‍സോര്‍ഷ്യം എം. ഡി കെ. സി രുഗ്മിണിദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Post Your Comments