തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി വെട്ടിച്ചോടുന്നത് രണ്ടായിരത്തിലേറെ ആഡംബര കാറുകള്‍. പോണ്ടിച്ചേരി, പുതുച്ചേരി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളാണ് കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്നതെന്നാണ് സത്യം. പോണ്ടിച്ചേരിയിലെ പല മേല്‍വിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഓട്ടോ പോലും കയറാന്‍ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെന്‍സും ബിഎംഡബ്ല്യുവുമുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയുടെ ഭാഗമായി കയറിയതാണു വാഹന നികുതി വെട്ടിപ്പു സജീവചര്‍ച്ചയാക്കിയത്.
നടി അമലാ പോളിന്റെ കാര്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവവും പിന്നീടു പുറത്തുവന്നു. 2013ല്‍ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു.
നികുതി തട്ടിപ്പ് ഇങ്ങനെ
20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ മതി റജിസ്‌ട്രേഷന്‍ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്. പിന്നീടു കാര്‍ ഓടുന്നതു കേരളത്തില്‍.
Post Your Comments